അവസാനമായി എന്തായിരിക്കും ഡീഗോ അർമാൻഡോ മാറഡോണ തുകൽപ്പന്തിനോട് പറഞ്ഞിട്ടുണ്ടാകുക? നിന്നെ സ്പർശിച്ച കാലുകൾക്ക് വിടതരിക എന്നാവണം. ഭൂമിയെ തുകലിൽ പൊതിയാനും എവിടെപ്പോയാലും അതിന്റെ മാർദവം അനുഭവിക്കാനും കഴിയുമോ എന്നാവുമോ? അപ്പോൾ കണ്ണീരണിഞ്ഞുകൊണ്ട് ആ പന്ത് പറഞ്ഞിട്ടുണ്ടാകും. കാലുകൾ തുകലിൽ പൊതിയുന്നത് ഭൂമിയെ പൊതിയുന്നതിനു തുല്യമാണ്. ഈ ഭൂമിവിട്ടു നീ പോകുമ്പോൾ ഡീഗോ, അതിരുകളില്ലാത്ത ആകാശത്തിലെ മേഘമാലകൾക്ക് മീതെ കളിക്കാൻ, വൈകാതെ വരുമെന്ന് പെലെ പറഞ്ഞിട്ടുണ്ടല്ലോ. അവിടെ ദൈവത്തിന്റെ കൈകൾ ഡീഗോയെ സ്പർശിക്കുമെന്ന് ഗാരി ലിനേക്കർ ട്വിറ്ററിലൂടെ പറയുന്നു. ദൈവം തന്റെ കരുണാർദ്രമായ കൈകൾ ഡീഗോയുടെ നെറ്റിമേൽ വെച്ചുകൊണ്ടു പറയും ഡീഗോ ഇപ്പോഴാണ് നീ ശാന്തനായത്. ചിറകുകളായിരുന്ന നിന്റെ പാദങ്ങൾക്ക് വിടനൽകിക്കൊണ്ട് ലോകം പറഞ്ഞുകഴിഞ്ഞു സ്വസ്തി, സ്വസ്തി... ലോകയുദ്ധത്തിനുശേഷം അമ്പതുകളിൽ ലോകകപ്പ് ഫുട്ബോൾ ഉയിർത്തപ്പോൾ ആ കാലത്തോടൊപ്പം ജനിച്ചുവളർന്ന തലമുറ ആദ്യം കേട്ടത് മാറഡോണയുടെ മൈതാനക്കാഴ്ചകളെക്കുറിച്ചായിരുന്നു. അവർ പെലെയുടെ കളി കണ്ടിരുന്നില്ല. അന്ന് പെലെയുടെ അപദാനങ്ങളാൽ അച്ചടിമാധ്യമങ്ങളിലെ പേജുകൾ നിറഞ്ഞു. സ്മരണയുടെ മൈതാനങ്ങളിൽ അവർ പെലെയെ ദേവനായി പ്രതിഷ്ഠിച്ചു. ആ തലമുറയ്ക്കുപിന്നാലെ പല തലമുറകൾ വന്നു. അയാക്സിൽനിന്ന് ഒരു അടിച്ചുതളിക്കാരിയുടെ മകൻ യൊഫാൻ ക്രൈഫ് വന്നുപോയതിനുശേഷം ലോകത്തെങ്ങും ടെലിവിഷനുകൾ കൺതുറന്നു. അടുത്ത തലമുറ ആന്റിനകൾ തിരിച്ച് ടെലിവിഷനുകളുടെ തലവിധിയായ ഗ്രെയിനുകൾ (പൊടിക്കൂത്തുകൾ) ഇല്ലാതാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന കാലത്ത് ഭൂകമ്പംകൊണ്ട് തകർന്ന മെക്സിക്കോയുടെ കളിക്കളങ്ങളിൽ ലോകകപ്പ് ഫുട്ബോൾ വന്നു. മാച്ചുപിച്ചു സംസ്കാരത്തിന്റെ രക്ഷകനായ തുപ്പാക്ക് അമാരുവിനെപ്പോലെ അർജന്റീനയിൽനിന്നെത്തിയ ഒരു കുറിയ കളിക്കാരൻ ആ ലോകകപ്പിൽ തന്റെ കണ്ണീരുകൊണ്ട് ഒരു ചുംബനം അർപ്പിച്ചു. അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള ഡീഗോ മാറഡോണ. അയാൾ ഒരു കുരിശുയുദ്ധക്കാരനെപ്പോലെ തോന്നിച്ചു. അയാൾ ലോകകപ്പിനെ ഒരു നാടകശാലയാക്കിമാറ്റി. അയാൾ കളിക്കാനിറങ്ങുമ്പോഴെല്ലാം ബൂട്ടുകെട്ടിയ ഇംഗ്ലണ്ടിന്റെയും ജർമനിയുടെയും ബെൽജിയത്തിന്റെയും കാവൽക്കാർ ആ കാലുകളെ പിടിച്ചുനിർത്താൻ വെമ്പി. രണ്ടു പതിറ്റാണ്ടുകളിലൂടെ ഡീഗോ, ആ കപ്പ് ജന്മനാട്ടിലെത്തിച്ചു. ദൈവത്തിന്റെ ഗോൾ എന്ന ലേബൽ അയാൾ ദൈവനിന്ദയായി കരുതി. രണ്ടാമത്തെ ഗോൾ നൂറ്റാണ്ടിന്റെ ഗോളായി വാഴ്ത്തിയപ്പോൾ ഫോക്ലൻഡ് യുദ്ധത്തിൽ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിന് അർജനന്റീന മധുരപ്രതികാരം ചെയ്തു. ആസ്ടെക സ്റ്റേഡിയത്തിന്റെ ഗോൾവലയുടെ ഓരത്ത് മെക്സിക്കോ ഡീഗോയുടെ പ്രതിമ സ്ഥാപിച്ചു. നൂറ്റാണ്ടിന്റെ ഗോൾ പിറന്നത് ഇവിടെയാണ്. ഡീഗോ കളിക്കുമ്പോൾ ലോകം ആഹ്ലാദനിർഭരമായിത്തീർന്നു. ഇന്ന് ലോകം ഒരു മരണവീടായി മാറിയിരിക്കുന്നു. ഹൃദയങ്ങൾ സ്വയം തപിച്ചുകൊണ്ട് ചോദിക്കുന്നു ഡീഗോ, നീ തന്ന എല്ലാ ആനന്ദവും പൊയ്പ്പോയല്ലോ. ഡീഗോ ഇരട്ടമുഖമുള്ള ഒരു ജാനസ് ദേവനായിരുന്നു. കളിക്കളത്തിലെ രണ്ടു പകുതികൾപോലെ ഡീഗോ കറുപ്പിലും വെളുപ്പിലും ജീവിച്ചു. ഒരു പകുതിപ്രജ്ഞയിൽ നിഴലും നിലാവും തന്നെ. മറുപകുതിയിൽ കരിപൂശിയ വാവ്! കളിയിൽ എല്ലാ വ്യാകരണപാഠങ്ങളും തെറ്റിച്ച ഡീഗോ മറുപകുതി വിഷധൂമങ്ങളെ തന്റെ നീലഞരമ്പുകളിലേക്ക് കടത്തിവിട്ടു. വഴികൾ അറിയാതെ നിബിഡവനത്തിൽപ്പെട്ടുപോയ ഒരാളെപ്പോലെ അയാൾ കാടുകളുടെ ഭംഗിയറിയാതെ ഉഴറി. നേരത്തേ പോയ ഗാരിഞ്ച, ജോർജ് ബെസ്റ്റ് തുടങ്ങിയവരുടെ ജീവിതപാഠങ്ങൾ പഠിച്ചതുമില്ല.. കളിക്കളത്തിൽ ഈ നായകൻ നൽകിയ സ്തോഭം നിറഞ്ഞ സൗന്ദര്യം നാം മറ്റാരിലും കണ്ടില്ല. അയാളുടെ തീവ്രമായ ആത്മപ്രകാശനമാണ് പന്ത്. ഏതു കളിക്കുമുമ്പും രണ്ട് കൈകൾകൊണ്ട് മാറഡോണ പന്ത് നെഞ്ചിനോട് ചേർത്തുവെക്കുന്നതു കാണാം. മാറഡോണയെപ്പോലെ പന്തുമായി ശത്രുനിരയിലേക്ക് കുതിച്ചുകയറുന്ന ഗറില്ലയെ നാം പിന്നീട് കണ്ടിട്ടില്ല. ഒരേസമയം, അയാൾ സ്കീമറും അറ്റാക്കിങ് മിഡ്ഫീൽഡറും ഫോർവേഡും ഡ്രിബ്ലറുമായിരുന്നു. കളിയിലെ വിധികൾ നിർണായകഘട്ടത്തിൽ അയാൾ സ്വയം നടപ്പിലാക്കി. ദൈവത്തിന്റെ കൈകൊണ്ട് ഗോളടിക്കുന്ന മാറഡോണ, വിലപിക്കുന്ന മാറഡോണ, കൂട്ടുകാരുടെ കൈകളിൽ ലോകക്കപ്പുമായി ആനന്ദിക്കുന്ന മാറഡോണ, ലഹരിയുടെ നീലഞരമ്പുകളിലേക്ക് സിഗാർ വലിച്ചുകയറ്റുന്ന മാറഡോണ, തോക്കുമായി മാധ്യമപ്പടയുടെ നേരെ ഭീഷണിയുയർത്തുന്ന മാറഡോണ, പള്ളികളിലെ സ്വർണംപൂശിയ മച്ചുകളിൽ നിന്ന് മനുഷ്യർക്ക് എന്തുനൽകിയെന്ന് ചോദ്യമുയർത്തുന്ന മാറഡോണ. ജപമാലയും നീലസ്യൂട്ടുമായി, അർജന്റീനയെ കോച്ചുചെയ്യുന്ന മാറഡോണ... അങ്ങനെ എത്രയെത്രചിത്രങ്ങൾ. അമേരിക്കയിലെ ലോകകപ്പിൽ എഫ്രിഡിൻ കണ്ടെത്തിയതിന് പിടിക്കപ്പെട്ട ഡീഗോ വിലപിച്ചു: അവരെന്റെ കാലുകൾ വെട്ടിമാറ്റി, എന്റെ ആത്മാവിനെ നശിപ്പിച്ചു. Content Highlights: What was the last thing diego maradona said to that leather ball
from mathrubhumi.latestnews.rssfeed https://ift.tt/3CO4ekS
via IFTTT
Thursday, November 25, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
എന്തായിരിക്കും മാറഡോണ അവസാനമായി തുകല്‍പന്തിനോട് പറഞ്ഞിരിക്കുക?
എന്തായിരിക്കും മാറഡോണ അവസാനമായി തുകല്‍പന്തിനോട് പറഞ്ഞിരിക്കുക?
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed