Breaking

Sunday, November 21, 2021

സൈറ്റിലെ 'നമ്പര്‍' പണിയായി; അയ്യപ്പ ഭക്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു കുഴങ്ങി ​ശ്രീകുമാര്‍

ശബരിമല: അരവണയ്ക്ക് എന്താ വില...? ശബരിമലയിൽ മഴയുണ്ടോ...? ദർശനത്തിന് പോയതല്ലാതെ ശബരിമലയുമായി ഒരു ബന്ധവുമില്ലാത്ത ശ്രീകുമാർ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇത്തരം നൂറുകണക്കിന് ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നു മൂന്നുവർഷമായി. സർക്കാർ വെബ്സൈറ്റിൽ പോലീസ് കൺട്രോൾ റൂം ആൻഡ് ഹെൽപ്പ്ലൈൻ എന്ന പേരിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പർ തൃപ്പൂണിത്തുറ ഏരൂർ ചാണയിൽ വീട്ടിൽ സി.ജി.ശ്രീകുമാർ എന്ന ബിസിനസുകാരന്റേതാണ്. https://ift.tt/329cIpR എന്ന സർക്കാർ വെബ്സൈറ്റിലാണ് ശ്രീകുമാറിന്റെ ഫോൺ നമ്പരുള്ളത്. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുവരുന്ന കോളുകൾക്ക് കൈയ്യുംകണക്കുമില്ല. സാധാരണക്കാർ മുതൽ സംസ്ഥാന മന്ത്രിമാർവരെ കൂട്ടത്തിലുണ്ടാവും. ഇംഗ്ലീഷിൽ മറുപടി പറഞ്ഞുകൊടുത്താലും ചിലർക്ക് അവരുടെ ഭാഷയിൽ മറുപടിവേണമെന്ന് വാശിയും ഉണ്ടാവും. ഇതിനായി പലവട്ടം വിളിച്ചുകൊണ്ടിരിക്കും. ഓരോ മലയാളമാസവും എന്നാണ് തുടങ്ങുന്നതെന്ന് ശ്രീകുമാറിനെ 9847000100 എന്ന ഫോൺ നമ്പരാണ് ഓർമിപ്പിക്കുന്നത്. വൃശ്ചികംപിറന്നാൽ പിന്നെ മകരവിളക്ക് കഴിഞ്ഞ് നട അടയ്ക്കുന്നതുവരെ നിർത്താതെ ശബ്ദിക്കുന്ന ഫോണായി ഇതുമാറും. എസ്.ആർ.കെ. എന്ന ബിസിനസ് ഗ്രൂപ്പിന്റെ എം.ഡി.യായ ശ്രീകുമാറിന് ബിസിനസ് ആവശ്യങ്ങൾക്കുള്ള കോളുകൾപോലും ഹെൽപ്പ്ലൈൻ മൂലം കിട്ടാതെപോകുന്നെന്ന് അദ്ദേഹം പറയുന്നു. ശബരിമലയിലെ വിവരങ്ങൾ പത്രങ്ങളിൽനിന്നുംമറ്റും ശേഖരിച്ചുവെച്ച് പരമാവധി പറഞ്ഞു കൊടുക്കാറുണ്ടെങ്കിലും അടുത്തിടെയായി കോളുകളുടെ എണ്ണം വലിയതോതിൽ കൂടിയപ്പോൾ വ്യക്തിപരമായ കാര്യങ്ങൾക്ക് തടസ്സമുണ്ടാകാൻ തുടങ്ങി. ഇതേത്തുടർന്ന് കഴിഞ്ഞയാഴ്ച സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. അവിടന്നുള്ള മറുപടി പ്രകാരമുള്ള മെയിൽ ഐ.ഡി.യിലേക്ക് പരാതി ഇ-മെയിൽ ചെയ്തെങ്കിലും ഫോൺനമ്പർ ഇപ്പോഴും സൈറ്റിൽത്തന്നെ കിടപ്പുണ്ട്. വെബ്സൈറ്റ് രൂപകല്പന ചെയ്തതും പരിപാലിക്കുന്നതും സംസ്ഥാന സർക്കാർ ഏജൻസിയായ സി-ഡിറ്റാണ്. അവർ വിചാരിച്ചാലേ പ്രശ്നം പരിഹരിക്കാനാകൂ. ഈ ഫോൺനമ്പർ മുമ്പ് പോലീസിൽ ഉപയോഗിച്ചിരുന്നതാവാനാണ് സാധ്യത. പിന്നീട് പോലീസ് ഈ നമ്പർ റദ്ദാക്കിയിട്ടുണ്ടാവണം. റദ്ദാക്കുന്ന നമ്പരുകൾ കുറേനാൾ കഴിഞ്ഞ് സേവനദാതാക്കൾ മറ്റാർക്കെങ്കിലും നൽകുന്ന രീതി ഉണ്ട്. അങ്ങനെ ശ്രീകുമാറിന് ഈ നമ്പർ കിട്ടിയതാവാനാണ് സാധ്യത.


from mathrubhumi.latestnews.rssfeed https://ift.tt/3DC5sRe
via IFTTT