Breaking

Monday, November 1, 2021

രാഹുല്‍ അബോധാവസ്ഥയിലാണ്; ഉണരുന്നതും കാത്ത് കണ്ണീരോടെ അമ്മ

അമ്പലപ്പുഴ: ഐ.സി.യു.വിന്റെ വാതിൽ തുറക്കുമ്പോൾ അമ്മ അവിടേക്കോടിയെത്തും. അടുത്തെത്തില്ലെങ്കിലും മകനെ ഒന്നുകാണാൻ. വാതിലടയുമ്പോൾ കണ്ണീരോടെ തിരികെ ഇരിപ്പിടത്തിലേക്കു മടങ്ങും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രോമാ ഐ.സി.യു.വിനു മുന്നിൽ മകന്റെ മടങ്ങിവരവും കാത്തിരിക്കുന്ന അമ്മ ആരുടെയും കരളലിയിക്കും. ഹരിപ്പാട് വാഴക്കൂട്ടം കടവിനുസമീപം ശനിയാഴ്ച പുലർച്ചേയുണ്ടായ അപകടത്തിൽ പരിക്കേറ്റ ചെന്നിത്തല ഇരമത്തൂർ കൊല്ലംപറമ്പിൽ രാഹുൽ വിജയ് (25) അപകടനില തരണംചെയ്തിട്ടില്ല. കുഞ്ഞുപ്രായത്തിലേ അച്ഛനെ നഷ്ടപ്പെട്ട രാഹുലിന് അമ്മ രാജലക്ഷ്മി മാത്രമാണുള്ളത്. മാന്നാറിലെ സ്വകാര്യവിദ്യാലയത്തിൽ നഴ്സറി അധ്യാപികയായിരുന്നു ഇവർ. തനിച്ചു പുറത്തുപോകാൻ തുടങ്ങിയ കാലംമുതൽ പഠനത്തിനൊപ്പം എന്തെങ്കിലും തൊഴിൽചെയ്ത് അമ്മയ്ക്കു താങ്ങായിരുന്നു രാഹുൽ. സൈക്കിളിൽ പത്രവിതരണമടക്കമുള്ള ജോലികൾചെയ്തു. രണ്ടരവർഷം മുൻപാണു കൂറിയർ സർവീസിന്റെ വിതരണക്കാരനായത്. ഒന്നരമാസം മുൻപാണ് സ്വന്തമായി ടെമ്പോവാൻ വാങ്ങിയത്. ശനിയാഴ്ച പുലർച്ചേ കൂറിയർ സാധനങ്ങളെടുക്കാൻ ഹരിപ്പാട്ടേക്കു പോകുമ്പോഴായിരുന്നു അപകടം. മാന്നാർ വഴിയമ്പലത്തെ വാടകവീട്ടിലാണ് രാഹുലും അമ്മയും താമസിക്കുന്നത്. ഡ്രൈവറുടെകാബിനിൽ ഒടിഞ്ഞകാലുമായി രക്തംവാർന്നുകിടന്ന രാഹുലിനു സ്ഥലത്തെത്തിയ മാതൃഭൂമി സബ് എഡിറ്റർ ജി. വേണുഗോപാലിന്റെ ഇടപെടലാണു രക്ഷയായത്. ജോലികഴിഞ്ഞുമടങ്ങിയ വേണുഗോപാലിന്റെ സ്കൂട്ടറിനു കൈകാണിച്ചുനിർത്തിയ സൈക്കിൾയാത്രക്കാരനായ അപരിചിതനായ ചെറുപ്പക്കാരൻ മാത്രമായിരുന്നു അപകടസ്ഥലത്തുണ്ടായിരുന്നത്. ഒരുമണിക്കൂറോളം വാഹനത്തിൽ കുടുങ്ങിക്കിടന്ന രാഹുലിനെ മാവേലിക്കരയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയാണു രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പരിസരവാസികൾ സമയോചിതമായി ഇടപെട്ടിരുന്നെങ്കിൽ ഒരുമണിക്കൂർ മുൻപേ രാഹുലിനെ ആശുപത്രിയിലെത്തിക്കാമായിരുന്നു. രാഹുലിന്റെ തലയിൽ ആന്തരികരക്തസ്രാവമുണ്ട്. ഇടയ്ക്കിടെ ബോധവും നഷ്ടമാകുന്നു. കൂടുതൽ വിദഗ്ധചികിത്സ ആവശ്യമാണ്. ഞായറാഴ്ച ആശുപത്രിയിലെത്തിയ രാജലക്ഷ്മിയുടെ ബന്ധുക്കൾ ഡോക്ടറുമായി സംസാരിച്ചു. രാഹുലിനെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റാനുള്ള തീരുമാനത്തിലാണു ബന്ധുക്കൾ. Read More:ആ വാഹനത്തിൽ നിങ്ങളായിരുന്നെങ്കിലോ? പുലർച്ചെ പെരുമഴയിൽ അപകടം, സഹായിക്കാൻ ആരുമെത്തിയില്ല


from mathrubhumi.latestnews.rssfeed https://ift.tt/3nJQgLa
via IFTTT