ദമാം: സൗദി അറേബ്യയിലെ ജുബൈലിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ വധശിക്ഷ അപ്പീൽകോടതി ശരിവെച്ചു. അൽകോബാറിൽ ഡ്രൈവറായ തൃശ്ശൂർ കൊടുങ്ങല്ലൂർ എരിയാട് സ്വദേശി നൈസാം സാദിഖ് (നിസാമുദ്ദീൻ), കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മൽ ഹമീദ്, സൗദി പൗരന്മാരായ ഹുസൈൻ, അസ്വദ്, ഇദ്രീസ് എന്ന അബുറവാൻ, അലി എന്നിവരാണ് പ്രതികൾ. ജുബൈൽ ക്രിമിനൽകോടതി വിധിച്ച വധശിക്ഷയാണ് ദമാം അപ്പീൽകോടതി ശരിവെച്ചത്. മുക്കിലങ്ങാടി കൂടത്തിങ്ങൽ അയമ്മദ് കുട്ടി-കദീജ ദമ്പതിമാരുടെ ഏഴ് മക്കളിൽ അഞ്ചാമത്തെയാളാണ് സമീർ. അഞ്ചുവർഷംമുമ്പ് ചെറിയ പെരുന്നാൾദിവസം പുലർച്ചെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജുബൈലിൽ വർക്ക്ഷോപ്പ് മേഖലയിൽ നഗരസഭാ മാലിന്യപ്പെട്ടിക്കുസമീപം പുതപ്പിൽ മൂടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. അതിന് മൂന്നുദിവസംമുമ്പ് കാണാതായ സമീറിനുവേണ്ടി പോലീസും ബന്ധുക്കളും തിരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ മുറിവുകളും സാഹചര്യത്തെളിവുകളും അനുസരിച്ച് കൊലപാതകമാണെന്ന് പോലീസ് നിരീക്ഷിച്ചു. ജുബൈൽ പോലീസിലെ ക്രിമിനൽക്കേസ് മേധാവി മേജർ തുർക്കി നാസ്സർ അൽ മുതൈരി, രഹസ്യാന്വേഷണവിഭാഗം ക്യാപ്റ്റൻ അബ്ദുൽ അസീസ്, ക്യാപ്റ്റൻ ഖാലിദ് അൽ ഹംദി എന്നിവർ നടത്തിയ ഊർജിതമായ അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്. ഹവാല പണമിടപാട് നടത്തിയിരുന്ന സമീറിൽനിന്ന് പണം കവരുന്നതിനായി സൗദി യുവാക്കൾ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പണം കണ്ടെത്താത്തതിനെത്തുടർന്ന് മൂന്നുദിവസം ബന്ദിയാക്കി മർദിച്ചു. ഇതിനിടയിൽ മരണം സംഭവിച്ചതായാണ് കോടതി കണ്ടെത്തിയത്. വധശിക്ഷ വിധിക്കപ്പെട്ടതോടെ ദയാഹർജി നൽകാനുള്ള ഒരുക്കത്തിലാണ് പ്രതികൾ. സമീറിന്റെ കുടുംബം മാപ്പ് നൽകിയാൽ പ്രതികൾക്ക് വധശിക്ഷയിൽനിന്ന് രക്ഷപ്പെടാം. എന്നാൽ പ്രതികൾക്ക് മാപ്പ് നൽകില്ലെന്ന് സമീറിന്റെ ജ്യേഷ്ഠൻ താജുദ്ദീൻ പറഞ്ഞു. ഭാര്യയും മകനും മകളുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു സമീർ.
from mathrubhumi.latestnews.rssfeed https://ift.tt/3w0BQKx
via
IFTTT