തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു ചാടിയ കൊലക്കേസ് പ്രതി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട തമിഴ്നാട് തൂത്തുക്കുടി കായൽപട്ടണം സ്വദേശി ജാഹിർ ഹുസൈനാ(48)ണ് ജയിൽ ചാടിയത്. ചൊവ്വാഴ്ച രാവിലെയോടെ തടവുകാരുടെ വസ്ത്രങ്ങൾ അലക്കുന്ന കേന്ദ്രത്തിൽനിന്നാണ് ഇയാൾ കടന്നുകളഞ്ഞത്. സംഭവത്തെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പി.എസ്.അമലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മറ്റൊരു തടവുകാരനൊപ്പം രാവിലെ 7.30-നാണ് ജാഹിർ ഹുസൈനെ പതിവു ജോലിക്കായി അലക്കുകേന്ദ്രത്തിൽ കൊണ്ടുവന്നത്. സുരക്ഷയ്ക്കായി ഒരു പോലീസുകാരൻ മാത്രമാണുണ്ടായിരുന്നത്. പ്രഭാതഭക്ഷണമെടുക്കാനായി പോലീസുകാരനും കൂടെയുണ്ടായിരുന്ന തടവുകാരനും ഭക്ഷണശാലയിൽ പോയി തിരികെവന്നപ്പോൾ ജാഹിറിനെ കാണാനില്ലായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ രക്ഷപ്പെട്ടതായി അറിഞ്ഞത്. ജയിലിൽനിന്നും പുറത്തുകടന്ന ജാഹിർ, കൈയിൽ കരുതിയ വസ്ത്രം മാറിയ ശേഷം ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. മൂന്നു വർഷമായി ജാഹിർ അലക്കുകേന്ദ്രത്തിലാണ് ജോലിചെയ്യുന്നത്. ഇയാളെ തൈക്കാട് ആശുപത്രിക്കു സമീപം ഇറക്കിയെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവർ നൽകിയ മൊഴി. ഇവിടെനിന്ന് തീവണ്ടിയിലോ ബസിലോ തമിഴ്നാട്ടിലേക്കു കടന്നതായാണ് പ്രാഥമികനിഗമനം. ദക്ഷിണമേഖല ജയിൽ ഡി.ഐ.ജി. പി.അജയകുമാറിനാണ് അന്വേഷണച്ചുമതല. ജാഹിറിനായി തിരുവനന്തപുരം നഗരത്തിലും കേരള, തമിഴ്നാട് അതിർത്തികളിലും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. തമിഴ്നാട് പോലീസിനും അറിയിപ്പു നൽകിയിട്ടുണ്ട്. ചാലയിലെ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ 2017 ജൂൺ 15-നാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. സ്റ്റാർ ടൂൾസ് ഉടമ സെയ്ദ് ഇബ്രാഹിമിന്റെ ജീവനക്കാരനും കായൽപട്ടണം സ്വദേശിയുമായ ഷംസുദ്ദീനെയാണ് ജാഹിർ കൊലപ്പെടുത്തിയത്. ഗുരുതര സുരക്ഷാ വീഴ്ച : ജയിലിന്റെ പിൻഭാഗത്ത് മതിലില്ല കൊടും കുറ്റവാളികൾ ഉൾപ്പെടെ ആയിരത്തിലധികം തടവുകാരുള്ള പൂജപ്പുര സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച. കൊലക്കേസ് പ്രതി ജാഹിർ ഹുസൈൻ രക്ഷപ്പെട്ടതോടെയാണ് വീഴ്ചകൾ പുറത്തറിഞ്ഞത്. ജാഹിർ ജോലിചെയ്തിരുന്ന അലക്കുകേന്ദ്രം ജയിലിന്റെ പിൻഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഇത് പ്രധാന കെട്ടിടങ്ങളിൽനിന്ന് ഒറ്റപ്പെട്ട കെട്ടിടമായാണ് നിൽക്കുന്നത്. തുണി അലക്കാനുള്ള സമയത്ത് മാത്രമാണ് തടവുകാരെ ഇവിടെ കൊണ്ടുവരുകയും തിരികെ കൊണ്ടുപോകുകയും ചെയ്യുന്നത്. അലക്കുകേന്ദ്രത്തിന്റെ റോഡിനോടു ചേർന്നുള്ള വശത്ത് മതിൽ ഇല്ല. ഇതുവഴിയാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് പോലീസ് നിഗമനം. മതിൽ ഇല്ലാത്ത ഈ ഭാഗത്ത് സുരക്ഷാ ജീവനക്കാരുമില്ല. രക്ഷപ്പെടാനുള്ള പദ്ധതി ഇയാൾ മുൻകൂട്ടി ആസൂത്രണം ചെയ്തതായാണ് കരുതുന്നത്. അലക്കാനെത്തിച്ച ഉടുപ്പുകളിലൊന്ന് കൈയിൽ ഒളിപ്പിച്ചാണ് ജയിൽ ചാടിയത്. അലക്കുകേന്ദ്രത്തിന്റെ വശങ്ങളിലുള്ള ചെറിയ മതിൽ ചാടിക്കടന്ന് ഇടവഴിയിലൂടെ പ്രധാന റോഡിലെത്തി രക്ഷപ്പെടാം. അല്ലെങ്കിൽ പിൻഭാഗത്തെ മതിൽ ഇല്ലാത്ത ഭാഗത്തുകൂടി എളുപ്പത്തിലും പ്രധാന റോഡിൽ എത്താം. അലക്കുകേന്ദ്രത്തിൽ നിന്നും ഒരാൾ പുറത്തേക്കിറങ്ങി കൈയിൽ കരുതിയ ഷർട്ട് ധരിക്കുന്നതും ഓട്ടോയിൽ കയറി പോകുന്നതും നാട്ടുകാർ കണ്ടിട്ടുണ്ട്. ആയിരത്തിലധികം തടവുകാരെ താമസിപ്പിക്കാൻ കഴിയുന്ന സെൻട്രൽ ജയിലിൽ 710 പേരാണ് ഇപ്പോൾ ഉള്ളത്. ജയിൽ ചാട്ടം ആദ്യം വിചാരണയ്ക്കിടെ; ഇപ്പോൾ ശിക്ഷയ്ക്കിടെ തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു ചാടിയ കൊലക്കേസ് പ്രതി ജാഹിർ ഹുസൈൻ രക്ഷപ്പെടുന്നത് രണ്ടാംതവണ. വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനെ കഴുത്ത ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ 2004-ൽ അറസ്റ്റിലായ ജാഹിർ റിമാൻഡിലിരിക്കെ വിചാരണയ്ക്ക് ഹാജരാകാതെ സബ്ജയിലിൽനിന്നു കടന്നുകളഞ്ഞതാണ് ആദ്യസംഭവം. തുടർന്ന് 2009-ലാണ് ഇയാൾ പിടിയിലായത്. വിചാരണ പൂർത്തിയാക്കി 2017-ലാണ് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജാഹിർ ഹുസൈൻ സെൻട്രൽ ജയിലിൽ എത്തുന്നത്. തടവുകാരനായിരിക്കെ ഇയാളുടേത് നല്ലനടപ്പായിരുന്നു. മറ്റു തടവുകാരുടെ മേൽനോട്ടച്ചുമതലയിൽ ഉദ്യോഗസ്ഥരുടെ വിശ്വാസം നേടിയിരുന്നു. സൽസ്വഭാവികളായ ആളുകളെയാണ് പുറത്തെ ജോലികൾ ഏൽപ്പിക്കുന്നത്. മൂന്നുവർഷമായി തടവുകാരുടെ വസ്ത്രങ്ങൾ അലക്കുന്ന കേന്ദ്രത്തിലാണ് ജാഹിർ ജോലി ചെയ്തത്. ജോലിയിൽ ഇയാൾ വീഴ്ച വരുത്തിയിട്ടില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞു. സംഭവം നടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പുതിയതായി നിയമനം ലഭിച്ച ആളാണെന്നും ഇദ്ദേഹത്തിന് വേണ്ടത്ര പരിചയം ലഭിക്കാത്തതും തടവുകാരന് രക്ഷപ്പെടാൻ സഹായകമായി. റിമാൻഡിലിരിക്കെ മുമ്പ് ജയിലിൽനിന്നു രക്ഷപ്പെട്ട ജാഹിറിനെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. ഇക്കുറിയും ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞതായാണ് പോലീസ് കരുതുന്നത്. അതിർത്തി കേന്ദ്രീകരിച്ച് പോലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്. 2004-ൽ ചാലയിലെ സ്റ്റാർ ടൂൾസ് ഉടമ സെയ്ദ് ഇബ്രാഹിമ്മിന്റെ ജീവനക്കാരനും തമിഴ്നാട് കായൽപട്ടണം സ്വദേശിയുമായ ഷംസുദീനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ശിക്ഷ അനുഭവിക്കുന്നത്. സെയ്ദ് ഇബ്രാഹിമ്മിന്റെ ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കിയിരുന്ന മണക്കാട് ബലവാൻ നഗറിലെ വീട്ടിൽ ജാഹിർ ഹുസൈനും കൂട്ടുപ്രതിയായ ജറൂക്കും ചേർന്ന് ഷംസുദീനെ കൊലപ്പെടുത്തി മൂന്നുലക്ഷം രൂപ വിലയുള്ള ക്രിസ്റ്റൽ ബീറ്റ്സ് എന്ന വർണക്കല്ലുകളാണ് കവർന്നത്. കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിലെ ആഭരണ വ്യാപാരികൾക്ക് വിറ്റതിനുശേഷമുള്ള വർണക്കല്ലുകൾ ജാഹീർ ഹുസൈൻ കാമുകി ജെലീനയുടെ ചെന്നൈയിലെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. വിചാരണവേളയിൽ ജെലീനയുടെ മൊഴിയാണ് പ്രതികളുടെ ശിക്ഷയ്ക്കു കാരണമായത്. Content Highlights: Big security flaw in poojappura central jail leading a criminal to escape
from mathrubhumi.latestnews.rssfeed https://ift.tt/3njVVsC
via
IFTTT