Breaking

Monday, September 20, 2021

ആളില്ലാത്ത വീടുകളിൽ മോഷണം; ഇതരസംസ്ഥാനക്കാർ പിടിയിൽ

ചവറ (കൊല്ലം) : ആളില്ലാത്ത വീടുകളിൽക്കയറി സ്വർണവും പണവും കവരുന്ന ഇതരസംസ്ഥാനക്കാരെ ചവറ പോലീസ് അറസ്റ്റ് ചെയ്തു.അസമിലെ ഹോജ ജില്ലയിലെ തിനാർ ബസാർ പത്തടി സ്വദേശി അബ്ദുൾ ഗഫൂർ (24), നാഗോൺ ജില്ലയിലെ ബബു നാഗോൺ സ്വദേശി ബിജയ് ദാസ് (31), ഹോജ ജില്ലയിലെ ഉദാലി ബസാറിലെ അഷറഫുൾ ആലം (24) എന്നിവരെയാണ് ചവറ എസ്.എച്ച്.ഒ. നിസാമുദീന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അബ്ദുൾ ഗഫൂറിനെ പന്മനയിലെ വാടകവീട്ടിൽനിന്നും അഷറഫുൾ ആലത്തിനെ കോയമ്പത്തൂരിൽനിന്നും ബിജയ് ദാസിനെ ആലപ്പുഴയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. ചവറയിൽ നിരവധി വീടുകളിൽ മോഷണം നടത്തിയ സംഘം വിമാനമാർഗം അസമിലെത്തി അവിടെ സ്വർണം വിൽക്കുകയായിരുന്നു. പന്മനയിലെ വാടകവീട്ടിൽ കുഴിച്ചിട്ടിരുന്ന ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. നിർമാണത്തൊഴിലാളികളെന്ന വ്യാജേന പന്മന ആറുമുറിക്കടയ്ക്കുസമീപം വിവിധയിടങ്ങളിൽ വാടകയ്ക്കുതാമസിച്ച് മോഷണം നടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പന്മന ആക്കൽ ശോഭാനിവാസിൽ സോമൻ പിള്ളയുടെ വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് മുകൾനിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനെട്ടരപ്പവൻ ആഭരണങ്ങൾ കവർന്നതും ഇവരാണെന്ന് പോലീസ് പറഞ്ഞു. പകൽ കറങ്ങിനടന്ന് ആൾതാമസമില്ലാത്ത വീടുകൾ നോക്കിവെച്ച് രാത്രി മോഷണംനടത്തുകയായിരുന്നു പതിവ്. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വരുംദിവസങ്ങളിൽ കൂടുതൽ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങും. കരുനാഗപ്പള്ളി എ.സി.പി. ഷൈനു തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ.മാരായ എസ്.സുകേഷ്, എ.നൗഫൽ, എ.ആന്റണി, സി.പി.ഒ.മാരായ അനു, റോയി സേനൻ, ഷാഡോ സംഘത്തിലെ എ.എസ്.ഐ.മാരായ ഷിബു, ബൈജു, റിബു, രതീഷ് മനു എന്നിവരും ഉണ്ടായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2XEYvza
via IFTTT