എ.ആർ. നഗർ(മലപ്പുറം): കള്ളപ്പണ ഇടപാടുകളുണ്ടായെന്ന ആരോപണമുയർന്ന എ.ആർ. നഗർ സഹകരണബാങ്കിൽ 34 പേർക്ക് ഒറ്റയടിക്ക് സ്ഥലംമാറ്റം. ബാങ്കിലെ മൂന്നുപേരൊഴികെ മുഴുവൻപേരെയും സ്ഥലംമാറ്റി. ബാങ്കിന്റെ വിവിധ ശാഖകളിലേക്കാണു മാറ്റിയത്.എ.ആർ. നഗർ സഹകരണ ബാങ്കിൽ പത്തുവർഷത്തിനിടെ കോടികളുടെ കള്ളപ്പണ ഇടപാടുകൾ നടന്നെന്നും പലർക്കും ബാങ്കിൽ വ്യാജ അക്കൗണ്ടുകളുണ്ടെന്നും ആരോപണമുയർന്നിരുന്നു. പ്രധാനമായും മുൻമന്ത്രി കെ.ടി. ജലീലാണ് ആരോപണവുമായി രംഗത്തെത്തിയത്.എന്നാൽ, സഹകരണ രജിസ്ട്രാറുടെ നിർദേശമനുസരിച്ചാണ് സ്ഥലംമാറ്റമെന്നും രണ്ടുവർഷത്തിൽ കൂടുതൽ ഒരേസ്ഥലത്ത് ജോലിചെയ്യുന്നവരെ മാറ്റണമെന്ന നിർദേശം അനുസരിച്ചാണ് സ്ഥലംമാറ്റമെന്നും ഇത് സാധാരണ നടപടിയാണെന്നും അധികൃതർ പറഞ്ഞു. തുടക്കം 2012-ൽതട്ടിപ്പ് ആരോപിച്ച് എ.ആർ. നഗർ സർവീസ് സഹകരണ ബാങ്കിന്റെ പുകയൂർ ശാഖയിലെ മൂന്നു ജീവനക്കാരുടെ പേരിൽ അച്ചടക്ക നടപടിയെടുത്തതോടെയാണ് വിവാദങ്ങൾക്കു തുടക്കം. നടപടി നേരിട്ടവർ ബാങ്കിനെതിരേ സഹകരണ സംഘം രജിസ്ട്രാർക്കു പരാതി നൽകി. 2012-ലായിരുന്നു അത്.മാനേജർ പ്രസാദ്, ജീവനക്കാരായ മുഹമ്മദ്കുട്ടി, സി.കെ. സെറീന നജ്മ എന്നിവർ സ്വർണപ്പണയം തട്ടിപ്പിലൂടെ രണ്ടരക്കോടി അപഹരിച്ചുവെന്ന ആരോപണമാണ് നടപടിക്കു കാരണം.ഈ ജീവനക്കാർ ആദായനികുതി വകുപ്പിനു പരാതി നൽകി. ആദായനികുതി ഉദ്യോഗസ്ഥർ പത്തു ലക്ഷത്തിനു മുകളിൽ നിക്ഷേപമുള്ളതും ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള രേഖയില്ലാത്തതുമായ അക്കൗണ്ടുകൾ മരവിപ്പിച്ചു.ആരോപണങ്ങൾപിന്നീടാണ് കെ.ടി. ജലീൽ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ(എ.ഒ.) വി.കെ. ഹരികുമാർ കുഞ്ഞാലിക്കുട്ടിയുടെ ബിനാമിയാണെന്നായിരുന്നു ജലീലിന്റെ വാദം. ആദായനികുതി വകുപ്പിന്റെ നിർദേശപ്രകാരം സഹകരണവകുപ്പ് നടത്തിയ പരിശോധനയിൽ 1021 കോടിയുടെ അനധികൃത ഇടപാട് കണ്ടെത്തി. 257 കസ്റ്റമർ ഐ.ഡി.കളിലായി 862 വ്യാജ അക്കൗണ്ടുകൾ വഴി 10 വർഷത്തിനിടെ 114 ഇടപാടുകൾ നടത്തി. അക്കൗണ്ട് ഉടമകളുടെ പേരിൽ കത്തയച്ചെങ്കിലും പ്രതികരണമുണ്ടായില്ല.ജീവനക്കാർ അറിയാതെബാങ്കിലെ 12 ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും പേരിൽ 6.78 കോടിയുടെ ഇടപാടുകൾ കണ്ടെത്തി. സ്വന്തംപേരിൽ ഇത്രയും വലിയ തുക നിക്ഷേപിച്ചതോ പിൻലിച്ചതോ ഇവരാരും അറിഞ്ഞിെല്ലന്നാണു പറയുന്നത്.എല്ലാം എ.ഒ.യിലേക്കോ?മാർച്ച് 26, 27, 28 തീയതികളിൽ ആദായനികുതി വകുപ്പിന്റെ 30 അംഗ സംഘം ബാങ്കുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും ഹരികുമാറിന്റെ വീട്ടിലുമെത്തി. 53 അക്കൗണ്ടുകളിലായി 100 കോടിയിലേറെ രൂപയുടെ നിക്ഷേപത്തിൽ അവർ സംശയം പ്രകടിപ്പിച്ചു. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖ് പാണ്ടിക്കടവത്തിന്റെ നിക്ഷേപവും ഇതിൽപ്പെടും. പിന്നീട് ആഷിഖ് ഉൾപ്പെടെ 23 പേർ രേഖകൾ ഹാജരാക്കിയപ്പോൾ പണം ക്രയവിക്രയം ചെയ്യാൻ അനുമതി കിട്ടി.2019-ലാണ് സെക്രട്ടറിയായിരുന്ന ഹരികുമാർ വിരമിച്ചത്. തുടർന്ന് അദ്ദേഹത്തെ എ.ഒ. ആക്കണമെന്ന് ഭരണസമിതി ശുപാർശ ചെയ്തു. സഹകരണ രജിസ്ട്രാർ ഇത് തള്ളി. പിന്നീട് പ്രത്യേക അപേക്ഷ പരിഗണിച്ച് അന്നത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമനത്തിനു പച്ചക്കൊടി കാട്ടി. കരുതൽ മുഖ്യംവിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സി.പി.എം. എ.ആർ. നഗർ ലോക്കൽ കമ്മിറ്റി ബാങ്കിനു മുന്നിൽ സമരത്തിലാണ്. സി.പി.എമ്മും ലീഗും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും കരുതലോടെയാണ് ഇരുകൂട്ടരുടെയും നീക്കം.ഇത് അഴിമതിയല്ല20,000 രൂപയിൽ കൂടുതലുള്ള പണക്കൈമാറ്റം അക്കൗണ്ടുകൾവഴി മാത്രമേ പാടുള്ളൂ. ഈ പണം നൽകിയതിനെയാണ് 1021 കോടി അഴിമതിയെന്ന് ആരോപിക്കുന്നത്. സ്ഥിരനിക്ഷേപം ഇട്ടവർ ഓരോ ലക്ഷത്തിനും ഓരോ അക്കൗണ്ടുകളാണു തുടങ്ങിയത്. അങ്ങനെയാണ് ഓരോ ലക്ഷത്തിനും ഒരാളുടെ പേരുതന്നെ വന്നത്. ജീവനക്കാർ ബന്ധുക്കളുടെ പണം പത്തുവർഷംകൊണ്ട് നിക്ഷേപിച്ചതാണ് 6.78 കോടി. -വി.കെ. ഹരികുമാർ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ)
from mathrubhumi.latestnews.rssfeed https://ift.tt/2Xyiekb
via
IFTTT