Breaking

Thursday, September 9, 2021

പഴമയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി

കൊടുങ്ങല്ലൂർ: ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ദേവാലയമായ ചേരമാൻ ജുമാമസ്ജിദ് പഴമയുടെ പ്രൗഢിയിലേക്ക്‌. രാജ്യത്ത് ആദ്യമായി ജുമാ നമസ്‌കാരം നടന്ന പള്ളി എ.ഡി. 629-ലാണ് സ്ഥാപിച്ചത്. പുരാതന ചേരമാൻ നഗരിയുടെ സ്മരണകളുണർത്തി പഴയ തലയെടുപ്പിലേക്ക്‌ ഉയരുകയാണ് പള്ളി. മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനം നടത്താൻ ഒരുക്കങ്ങളായി. നൂറ്റാണ്ടുകൾ പഴക്കമുള്ള കേരളീയ വാസ്തുശില്പമാതൃകയിലുള്ള പഴയ പള്ളിയാണ് മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നവിധം പുനർനിർമിച്ചത്. 1974-ന് ശേഷം മൂന്ന് ഘട്ടങ്ങളിലായുണ്ടായ കോൺക്രീറ്റ് നിർമിതികൾ പൊളിച്ചുമാറ്റി പഴയ പള്ളിയുടെ തനത് വാസ്തുശൈലി വീണ്ടെടുക്കുകയായിരുന്നു. പഴയ പള്ളിയുടെ രണ്ടു തട്ടുകളായുള്ള മേൽക്കൂര പൂർണമായും തേക്കുതടി ഉപയോഗിച്ച് പുനഃസ്ഥാപിക്കുകയും ചെയ്തു. പഴയകാലത്തെ നിർമാണസാമഗ്രികൾ ഉപയോഗിച്ചാണ് ചുമരുകളും മറ്റും നവീകരിച്ചത്.2011-ൽ നടന്ന മഹല്ല് പൊതുയോഗത്തിലാണ് പള്ളിയുടെ തനിമ തിരിച്ചുകൊണ്ടുവരുന്നവിധം പുനർനിർമാണം നടത്താൻ തീരുമാനിച്ചത്. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി 1.13 കോടി രൂപ ചെലവഴിച്ചാണ് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്. 20 കോടി രൂപ ചെലവിൽ ഭൂഗർഭ നമസ്‌കാര ഹാൾഇതോടൊപ്പം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യത്തെ ഭൂഗർഭ നമസ്‌കാര ഹാളിന്റെ നിർമാണവും പൂർത്തിയാവാറായി. 20 കോടി രൂപയാണ് ഇതിന് ചെലവ്. രണ്ടുമാസത്തിനകം വിശ്വാസികൾക്ക് തുറന്നുകൊടുക്കാനാണ് മഹല്ല് കമ്മിറ്റി ഉദ്ദേശിക്കുന്നത്. രണ്ടു നിലകളിലായി 2400 ചതുരശ്ര അടിയിൽ നിർമിക്കുന്ന ഹാളിൽ 1500 പേർക്കും അതിന് മുകളിലെ പ്ലാറ്റ്‌ഫോമിൽ 1500 പേർക്കും പുനർനിർമിച്ച പുതിയ പള്ളിയിൽ 500 പേർക്കും ഒരേസമയം നമസ്‌കാരം നടത്താൻ സൗകര്യമുണ്ടാവും.


from mathrubhumi.latestnews.rssfeed https://ift.tt/396nbCZ
via IFTTT