Breaking

Sunday, September 19, 2021

റെയിൽവേയിൽ അടിമുടി മാറ്റത്തിന് കേന്ദ്രനിർദേശം; സ്വകാര്യവത്കരണത്തിന് വേഗം കൂടും

മുംബൈ: ഇന്ത്യൻ റെയിൽവേയുടെ ഘടനയിലും പ്രവർത്തനത്തിലും അടിമുടി മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ഇതിന് മുന്നോടിയായി പല കമ്പനികളായി പ്രവർത്തിക്കുന്ന റെയിൽവേ അനുബന്ധ സ്ഥാപനങ്ങളിൽ പലതും ലയിക്കും.റെയിൽവേ മന്ത്രാലയത്തിന്റെ ഘടനയും പ്രവർത്തനവുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ തയ്യാറാക്കിയ പഠനറിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. നിർദേശങ്ങളിൽ നടപടികൾ കൈക്കൊള്ളാൻ കാബിനറ്റ് സെക്രട്ടേറിയറ്റ് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കയാണ്. ഓരോ മാസവും നടപടി റിപ്പോർട്ട് നൽകാൻ റെയിൽവേ ബോർഡ് ചെയർമാനോടും നിർദേശിച്ചിട്ടുണ്ട്. സ്വകാര്യവത്കരണത്തിലേക്ക് നയിക്കുന്നതാണ് പല നിർദേശങ്ങളുമെന്ന് ആരോപിച്ച് തൊഴിലാളി യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്.ചെലവ് ചുരുക്കി യുക്തിപരമായ പുനഃസംഘടനയാണ് പ്രധാനമായും റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം റെയിൽവേയിലെ അടിസ്ഥാന വികസന പദ്ധതികൾ നടപ്പാക്കുന്ന റെയിൽ വികാസ് നിഗം ലിമിറ്റഡ് എന്ന കമ്പനിയെ ‘ഇർകോണി’ൽ ലയിപ്പിക്കണം. ഓപ്റ്റിക് ഫൈബർ നെറ്റ്‌വർക്ക് കൈകാര്യം ചെയ്യുന്ന റെയിൽടെലിനെയും റെയിൽവേ ടിക്കറ്റിങ് സംവിധാനം വികസിപ്പിച്ച ക്രിസിനെയും(സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം) ഐ.ആർ.സി.ടി.സി.യിൽ ലയിപ്പിക്കാനാണ് നിർദേശം. ഇന്ത്യൻ റെയിൽവേസ് ഓർഗനൈസേഷൻ ഫോർ ആൾട്ടർനേറ്റിവ് ഫ്യുവൽ എന്ന സ്ഥാപനം പത്തു ദിവസം മുമ്പ് പൂട്ടിയതും ഇൗ റിപ്പോർട്ടിലെ ശുപാർശ നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു. ചെന്നൈ, കപൂർത്തല, റായ്-ബറേലി എന്നിവിടങ്ങളിലെ കോച്ച് ഫാക്ടറികളും ചിത്തരഞ്ജൻ, വാരാണസി, പട്യാല എന്നിവിടങ്ങളിലുള്ള ലോക്കോമോട്ടീവ് യൂണിറ്റുകളും യെലഹങ്ക(ബെംഗളൂരു), ബെല(ബിഹാർ) എന്നിവിടങ്ങളിലെ റെയിൽ വീൽ യുണിറ്റുകളും ഒരു കമ്പനിയുടെ കീഴിലാക്കാമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ജീവനക്കാർക്ക് വീടുകൾ നിർമിച്ചുനൽകാനും മറ്റുമായി സ്ഥാപിച്ച റെയിൽവേ വെൽഫെയർ ഓർഗനൈസേഷനെ ഒരു സ്വകാര്യ സംഘടനയായി കാണണമെന്നും റെയിൽവേ ബോർഡും മന്ത്രാലയവും ഇതിന്റെ പ്രവർത്തനങ്ങളിൽ നിന്ന്‌ പൂർണമായും വിട്ടുനിൽക്കണമെന്നും റിപ്പോർട്ട് പറയുന്നു. മാത്രമല്ല, റെയിൽവേ നടത്തുന്ന 94 സ്കൂളുകൾ കേന്ദ്രീയ വിദ്യാലയ സംഘടനിനു കീഴിലേക്ക് മാറ്റുക, റെയിൽവേ ആശുപത്രികൾ സ്വകാര്യ പങ്കാളിത്തത്തോടെ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാക്കി പൊതുജനങ്ങൾക്കു കൂടി ഉപകാരപ്രദമാക്കുക തുടങ്ങിയ നിർദേശങ്ങളും സഞ്ജീവ് സന്യാലിന്റെ റിപ്പോർട്ടിലുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3zk7bHX
via IFTTT