Breaking

Monday, September 20, 2021

പ്രവർത്തകരും നേതാക്കളും തിക്കിത്തിരക്കി; സുരേഷ് ഗോപി പിണങ്ങിപ്പോയി

കൊട്ടാരക്കര: പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി. കൊട്ടാരക്കരയിൽ നടത്തിയ സ്മൃതികേരം പദ്ധതിയിൽ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി എം.പി. ചടങ്ങ് പകുതിയിൽ നിർത്തി മടങ്ങി. സാമൂഹിക അകലം പാലിക്കാതെ പ്രവർത്തകരും നേതാക്കളും തിക്കിത്തിരക്കിയതാണ് കാരണം. കൊട്ടാരക്കര മാർത്തോമ ജൂബിലി മന്ദിരം ഹാളിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ മൂന്നോടെയാണ് എം.പി. എത്തിയത്. കാറിൽനിന്ന് ഇറങ്ങുംമുൻപുതന്നെ അകലം പാലിക്കണമെന്ന കർശന നിർദേശം അദ്ദേഹം നൽകിയിരുന്നു. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെയുള്ളവർ അകന്നുനിന്നശേഷമാണ് എം.പി. കാറിൽനിന്നിറങ്ങിയത്. മാർ ക്രിസോസ്റ്റം തിരുമേനിയുടെ പേരിൽ ഓർമ മരം നടുമ്പോഴും ചുറ്റുമുള്ളവരോട് സാമൂഹിക അകലം ഓർമിപ്പിച്ചു. ഹാളിനുള്ളിൽ കടന്ന് വേദിയിലേക്കു കയറാതെ താഴെനിന്ന് എം.പി. വേഗത്തിൽത്തന്നെ പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിൻതൈ വിതരണത്തിലേക്കു കടക്കുകയായിരുന്നു. ആദ്യം തൈ നൽകേണ്ട അംഗപരിമിതയായ വീട്ടമ്മയുടെ പേരു വിളിക്കാതെ രണ്ടാമത്തെ ആളുടെ പേരുവിളിച്ചത് എം.പി. പറഞ്ഞ് തിരുത്തിച്ചു. 71 പേർക്ക് തെങ്ങിൻതൈ നൽകുന്നതായിരുന്നു പരിപാടി. ആദ്യ രണ്ടുപേർക്ക് തൈ നൽകിയിട്ടും ചുറ്റുമുള്ള ആളുകളുടെ തിക്കും തിരക്കും കുറഞ്ഞില്ല. ഒതുങ്ങിനിൽക്കാനും ദൂരേക്കു നിൽക്കാനും സീറ്റുകളിലിരിക്കാനും പലതവണ എം.പി.തന്നെ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് മറ്റുള്ളവർക്ക് തൈവിതരണത്തിനു നിൽക്കാതെയും ഒന്നും സംസാരിക്കാതെയും എം.പി. മടങ്ങിയത്. സംഭവിച്ചതെന്താണെന്നു നേതാക്കളും പ്രവർത്തകരും മനസ്സിലാക്കുംമുൻപേ എം.പി. പോയിക്കഴിഞ്ഞിരുന്നു. പാർട്ടി സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3Eyoglb
via IFTTT