Breaking

Monday, September 20, 2021

രാജാവ് പിടിച്ച ഉടുമ്പിന്‍ വാല്...

കോതമംഗലം: ഇരയെന്ന് തെറ്റിദ്ധരിച്ച് രാജവെമ്പാല ഉടുമ്പിൻവാലിൽ കടിച്ചത് പൊല്ലാപ്പായി. കടിയേറ്റ് കലിപൂണ്ട ഉടുമ്പ് തിരിച്ച് വെമ്പാലയെയും കടിച്ചു. ഇരുവരും കടിമുറുക്കി ഏറെനേരം ഏറ്റുമുട്ടലിലായി. 15 അടിയോളം നീളമുള്ള രാജവെമ്പാലയും സാമാന്യം വലുപ്പമുള്ള ഉടുമ്പും തമ്മിലാണ് കരിമ്പാനി വനത്തിലെ റോഡിൽ ഏറ്റുമുട്ടിയത്. ഞായറാഴ്ച ബീറ്റ് പട്രോളിങ്ങിനിറങ്ങിയ വനപാലകരാണ് ഈ അപൂർവ രംഗം മൊബൈലിൽ പകർത്തിയത്. കൗതുകത്തിലുപരി ഉദ്വേഗജനകവുമായിരുന്നു ഏറ്റുമുട്ടൽ. സാധാരണ മറ്റ് പാമ്പുകളെ തിന്നുന്ന രാജവെമ്പാല ചെടികൾക്കിടയിൽ വാൽ കണ്ട് പാമ്പാണെന്ന് കരുതിയാവും ഉടുമ്പിൻവാലിൽ കടിച്ചത്. കടി വിടുവിച്ച് രക്ഷപ്പെടാൻ ഉടുമ്പ് കിണഞ്ഞു ശ്രമിച്ചെങ്കിലും വെമ്പാല വിട്ടില്ല. തീറ്റയെന്ന് കരുതിയുള്ള കടിയായതുകൊണ്ടാണ് ഉടുമ്പിന് വിഷമേൽക്കാതിരുന്നതെന്ന് വനപാലകർ പറഞ്ഞു. ഉടുമ്പ് തിരിച്ച് രാജവെമ്പാലയുടെ നടുഭാഗത്തായി കടിച്ചു. പത്തു മിനിറ്റോളം വനപാലകർ ഈ രംഗം കണ്ടു. അവർ എത്തുംമുമ്പേ തുടങ്ങിയതാണ് കടിപിടി. അവസാനം കിടന്നുമറിഞ്ഞ് ഉടുമ്പാണ് ആദ്യം പിടിവിട്ട് കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടത്. ഓട്ടത്തിനിടെ വെമ്പാല പിന്നാലെയുണ്ടോ എന്നറിയാൻ ഉടുമ്പ് തിരിഞ്ഞുനോക്കി മരത്തിൽ കയറി രക്ഷപ്പെട്ടു. ഉടുമ്പ് പിടിവിട്ടതോടെ രാജവെമ്പാലയും കടിവിട്ട് കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി.


from mathrubhumi.latestnews.rssfeed https://ift.tt/3lIAO0M
via IFTTT