Breaking

Thursday, September 9, 2021

ജലീലിനെ സി.പി.എം. തള്ളിയത് സഹകരണത്തിൽ പൊള്ളുമെന്നതിനാൽ

തിരുവനന്തപുരം: പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച കെ.ടി. ജലീലിനെ സി.പി.എമ്മിന് തള്ളേണ്ടിവന്നത്, 'സഹകരണ'ത്തിലെ കൈവിട്ട കളിവന്നതിനാൽ. എ.ആർ. നഗർ സഹകരണബാങ്കിൽ കള്ളപ്പണമെന്ന ആരോപണവുമായി ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിലെത്തിയാൽ അത് കേന്ദ്ര ഏജൻസികൾക്ക് കേരളത്തിലെ സഹകരണസ്ഥാപനങ്ങളിൽ കയറിയിറങ്ങാനുള്ള വഴിയൊരുക്കലാകുമെന്ന് സി.പി.എം. വിലയിരുത്തുന്നു. സംസ്ഥാനസർക്കാരിനും അത് പ്രതിസന്ധിയുണ്ടാക്കും. കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള പോരാട്ടമാണ് ജലീലിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്നത് സി.പി.എമ്മിന് അറിയാത്തതല്ല. അദ്ദേഹത്തിന്റെ ഇടതുപക്ഷത്തേക്കുള്ള വരവും പാർലമെന്ററി രംഗത്തേക്കുള്ള പോരാട്ടവും കുഞ്ഞാലിക്കുട്ടി വിരുദ്ധതയുടെ സൃഷ്ടിയായിരുന്നു. മന്ത്രിയായ ജലീലിനെതിരേ ബന്ധുനിയമനംമുതൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണംവരെ ലീഗ് ആയുധമാക്കിയതും ഈ പകമൂലമാണ്. രണ്ടാം പിണറായി സർക്കാരിൽ ജലീൽ മന്ത്രിയായില്ല. അതോടെ ഇനി കുഞ്ഞാലിക്കുട്ടിക്കും ലീഗിനും പിറകെ താനുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ആ പോരാട്ടമാണ് എ.ആർ. നഗർ സഹകരണബാങ്കിലെ കള്ളപ്പണ ആരോപണത്തിൽ എത്തിനിൽക്കുന്നത്. ലീഗിനെ ദുർബലപ്പെടുത്തി അവരുടെ കോട്ടകളിൽ കടന്നുകയറണമെന്നും സി.പി.എം. തീരുമാനിച്ചതാണ്. പക്ഷേ, പാർട്ടി തീരുമാനം ഏറ്റെടുത്തുള്ള പോരാട്ടമല്ല ജലീലിന്റേത് എന്നതിനാലാണ് അത് പൂർണമായും ഏറ്റെടുക്കാതിരുന്നത്. തങ്ങൾ കുടുംബത്തിന്റെ കൂടെനിൽക്കുകയും കുഞ്ഞാലിക്കുട്ടിക്കെതിരേ യുദ്ധം നയിക്കുകയും ചെയ്യുക എന്ന വിഭജനതന്ത്രമാണ് ജലീൽ സ്വീകരിച്ചത്. കേന്ദ്ര ഏജൻസികൾ വിവരം തേടിയിരുന്നു എ.ആർ. നഗർ ബാങ്കിനെതിരേയുള്ള ആരോപണമുയർത്തി ജലീൽ ഇപ്പോൾ നടത്തുന്നത് കൈവിട്ടകളിയാണെന്ന് സി.പി.എമ്മും സർക്കാരും വിലയിരുത്തുന്നു. കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പ് കേസിൽതന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരാന്വേഷണം നടത്തിക്കഴിഞ്ഞതാണ്. അതിൽ അന്വേഷണം വന്നേക്കാം. അഞ്ചുവർഷംമുമ്പ് ഓഡിറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയിട്ടും എന്തു നടപടി സ്വീകരിച്ചുവെന്നാണ് കരുവന്നൂർ കേസിന്റെ കാര്യത്തിൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ സഹകരണസംഘം രജിസ്ട്രാറോട് ചോദിച്ചത്. ഈ ഘട്ടത്തിലാണ് എ.ആർ. നഗർ സഹകരണബാങ്കിൽ കള്ളപ്പണമുണ്ടെന്ന പരാതി ജലീൽ ഉന്നയിക്കുന്നത്. ആ പരാതിയിൽ കേന്ദ്രഏജൻസികൾ ഒരുങ്ങിയിറങ്ങിയാൽ അത് എ.ആർ. നഗറിൽ നിൽക്കില്ലെന്നും കേരളത്തിലെ സഹകരണമേഖലയെ മറ്റുതരത്തിൽ ബാധിച്ചേക്കാമെന്നും തിരിച്ചറിഞ്ഞതുകൊണ്ടാണ്, ജലീലിന്റെ ഇ.ഡി. പ്രേമം അത്രനല്ലതല്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചത്. കേരളത്തിൽ 1625 പ്രാഥമിക സഹകരണ ബാങ്കുകളാണുള്ളത്. ഇതിൽ 65 ശതമാനവും സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ളതാണ്. അതിനാൽ, 'സഹകരണ'ത്തിൽനിന്ന് വടിയെടുത്ത് കുഞ്ഞാലിക്കുട്ടിയെ അടിക്കാനിറങ്ങിയാൽ പൊള്ളുക സി.പി.എമ്മിനാകും.


from mathrubhumi.latestnews.rssfeed https://ift.tt/2X6CgBW
via IFTTT