ന്യൂഡൽഹി: കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് കാത്തിരിക്കാതെതന്നെ സ്കൂളുകൾ തുറക്കാവുന്നതാണെന്ന് ആരോഗ്യമന്ത്രാലയം. കുട്ടികൾക്ക് വാക്സിൻ ആവശ്യമുണ്ടോ ഇല്ലയോ എന്നകാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇൗവിഷയത്തിൽ ലോകാരോഗ്യസംഘടനയുടെ മാർഗരേഖയൊന്നുമില്ല. കുട്ടികളിൽ കോവിഡ് ഗുരുതരമാവില്ലെന്നും കൂടുതലും ലക്ഷണമില്ലാതെ കടന്നുപോകുമെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽക്കൂടിയാണ് മാർഗരേഖയില്ലാത്തത്.കുറച്ചുരാജ്യങ്ങളാണ് കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങിയത്. ഇന്ത്യയിൽ കുട്ടികൾക്കുള്ള ഒരു വാക്സിൻ അംഗീകരിച്ചിട്ടുണ്ട്. മറ്റുള്ളവ പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണ്. അന്തിമതീരുമാനമെടുക്കുന്നമുറയ്ക്ക് വാക്സിൻ ലഭ്യമാകുമെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.സ്കൂളുകൾ തുറക്കുമ്പോൾ അധ്യാപകരും ജീവനക്കാരും നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം. രക്ഷിതാക്കളും വാക്സിൻ സ്വീകരിച്ചവരാകണം. കോവിഡ് വ്യാപനത്തിന്റെ പൊതുവിലുള്ള സ്ഥിതി വിലയിരുത്തിയശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാവുന്നതാണ്. ക്ലാസുകളിൽ വായുസഞ്ചാരം ഉറപ്പാക്കൽ, ഇടവിട്ട സമയക്രമം, ഇരിപ്പിടരീതിയിൽ മാറ്റം തുടങ്ങിയ ചില പൊതുനടപടിക്രമങ്ങൾ പാലിക്കണം. പൊതുവിൽ സ്കൂളുകൾ തുറക്കുന്നത് സുരക്ഷിതമാണ്. അതിനുള്ള സാഹചര്യവുമുണ്ട്. ഓരോ സംസ്ഥാനവും അവിടത്തെ സ്ഥിതിഗതികൾ നോക്കിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3jYBShn
via
IFTTT