Breaking

Monday, September 20, 2021

അഫ്ഗാനിസ്താനിലെ ഗോത്രങ്ങള്‍ക്കുളളത് നൂറ്റാണ്ടുകളുടെ തര്‍ക്കചരിത്രം;താലിബാന്റെ ശക്തി പഷ്തൂണ്‍ ഗോത്രം

പർവതങ്ങൾക്കും നദികൾക്കുമിടയിൽ ചേരിതിരിഞ്ഞ് ജീവിച്ചുപോന്ന അഫ്ഗാനിസ്താനിലെ ഗോത്രങ്ങൾക്ക് നൂറ്റാണ്ടുകളുടെ തർക്കചരിത്രമുണ്ട്. സ്വന്തം ഗോത്രത്തിന്റെ സ്വത്വം കാക്കാൻ ഏതറ്റംവരെയും അവർ പോരടിക്കും. ചെറുതും വലുതുമായ അവിടത്തെ ഗോത്രങ്ങൾ ഭൂമിക്കും അധികാരത്തിനുംവേണ്ടി എന്നും യുദ്ധംചെയ്തിട്ടുണ്ട്. ഒരർഥത്തിൽ ആ പോരിന്റെ ബാക്കിപത്രമാണ് രാജ്യത്തിന്ന് പ്രവർത്തിക്കുന്ന ഇരുപതോളം സായുധ സംഘങ്ങൾ അഫ്ഗാനിസ്താനിലും പാകിസ്താനിലുമായി വ്യാപിച്ചുകിടക്കുന്ന പഠാൻകാരായ പഷ്തൂണുകൾക്കായിരുന്നു അഫ്ഗാനിസ്താന്റെ ഭരണത്തിലും ആധിപത്യത്തിലും എക്കാലവും മേൽക്കൈ. ഇപ്പോൾ രാജ്യംഭരിക്കുന്ന താലിബാന്റെ ശക്തി പഷ്തൂൺ ഗോത്രമാണ്. പലപ്പോഴും പഷ്തൂണുകൾക്ക് മറ്റു ഗോത്രങ്ങളോട് തോൽവി സമ്മതിക്കേണ്ടിയുംവന്നിട്ടുണ്ട്. ഹസാര, താജിക്, ഉസ്ബെക്ക് ഗോത്രങ്ങൾ ചേരിചേർന്ന് അവരോട് പലപ്പോഴും യുദ്ധംചെയ്തു. ജനസംഖ്യയിൽ രണ്ടാമതുള്ള താജിക്കുകളാണ് പഷ്തൂണുകൾക്കെതിരേ ഏറ്റവും ശക്തമായി പൊരുതിനിന്നവർ. അഫ്ഗാൻ മണ്ണിൽ മാറിമാറിവന്ന ഭരണാധികാരികളിൽനിന്ന് ഏറ്റവുമധികം ക്രൂരത നേരിട്ടതാകട്ടെ ജനസംഖ്യയിൽ മൂന്നാമതുള്ള ഷിയാ ഹസാരകളും. തമ്പടിച്ച സായുധസംഘങ്ങൾ ഷിയാ വിരുദ്ധതയിലും പാശ്ചാത്യവിരുദ്ധതയിലും പാകിസ്താനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പിറന്ന് പിന്നീട് അഫ്ഗാന്റെ മണ്ണിൽ വേരൂന്നിയ ഭീകരസംഘടനകളുടെ ലക്ഷ്യം അന്താരാഷ്ട്രതലത്തിൽ ഭീകരത വിതയ്ക്കലാണ്. ലഷ്കറെ തൊയിബ, ലഷ്കറെ ജാങ്വി, ജെയ്ഷെ മുഹമ്മദ്, മുജാഹിദ്ദീൻ യുണൈറ്റഡ് കൗൺസിൽ (ഷൂരാ ഇ എത്തിഹാദ് മുജാഹിദ്ദിൻ), മൗലവി നസീർ ഗ്രൂപ്പ്, തുടങ്ങിയവ പാകിസ്താനിൽ (പ്രധാനമായും വസീരിസ്താനിൽ) രൂപംകൊണ്ട് അഫ്ഗാനിലേക്കും വേരിറക്കിയവരാണ്. പാക് ഭീകരസംഘടനകളായ ജമാഅത്തുദ്ദവ, ലഷ്കറെ ഇസ്ലാം, അൻസറുൽ അസ്ലം, ഇസ്ലാമിക് ജിഹാദ് മൂവ്മെന്റ്, അംറേ ബാ മറൂഫ്, മോമിൻ ഗ്രൂപ്പ് എന്നിവയ്ക്കും അഫ്ഗാനിൽ ആളുകളുണ്ട്. ഈ സംഘടനകളിലേക്കെല്ലാം ആളെക്കൂട്ടുന്നതിന് വളക്കൂറുള്ള മണ്ണാണ് അഫ്ഗാൻ. ഒട്ടുമിക്ക ഭീകരസംഘടനകൾക്കും പാക് സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ.യുടെയും സഹായമുണ്ട്. നിലവിൽ 20-ലേറെ ഭീകരസംഘടനകൾ അഫ്ഗാനിലുണ്ടെന്നാണ് റിപ്പോർട്ട്. ഐ.എസ്. ഖൊരാസൻ ഭീകരർ സമാനചിന്താഗതിയാണെങ്കിലും താലിബാനുമായി കൊമ്പുകോർത്ത ചരിത്രമാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിലെ ഉപവിഭാഗമായ ഐ.എസ്. ഖൊരാസനുള്ളത്. 2014-ൽ ഇറാഖിലും സിറിയയിലും ഐ.എസ്. ഭീകരസംഘടന പ്രഖ്യാപിച്ച് മാസങ്ങൾക്കുള്ളിൽ നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയോട് സഖ്യം പ്രഖ്യാപിച്ച്, പാക് താലിബാനിൽനിന്ന് കൊഴിഞ്ഞുപോയ ഭീകരർ രൂപംനൽകിയതാണിത്. പാക് അതിർത്തിയോടു ചേർന്ന് വടക്കുകിഴക്കൻ അഫ്ഗാനിലെ കുനാർ, നംഗർഹാർ, നൂറിസ്താൻ എന്നിവിടങ്ങളിൽ വേരൂന്നിയതോടെ 2015-ൽ ഐ.എസ്. ഖൊരാസനെ അംഗീകരിച്ചു. 2019-ഓടെ യു.എസ്.-അഫ്ഗാൻ സേന സംഘടനയെ കിഴക്കൻ മേഖലയിലെ കേന്ദ്രത്തിൽ ഏതാണ്ട് തുടച്ചുനീക്കിയതാണ്. പക്ഷേ, യു.എസ്. പിന്മാറി ഭരണം ദുർബലപ്പെട്ടതോടെ ഇവർ തലപൊക്കി. ഹഖാനി ശൃംഖല താലിബാനെയും അൽഖായിദയെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഹഖാനി ഭീകരസംഘടനയെന്ന് യു.എൻ. വിലയിരുത്തുന്നു. താലിബാൻ സർക്കാരിലെ പ്രധാനഘടകം. അഫ്ഗാനിലെ സോവിയറ്റ് ശക്തിക്കെതിരേ പാകിസ്താന്റെയും യു.എസിന്റെയും സഹായത്തോടെ ജലാലുദ്ദീൻ ഹഖാനി (പഷ്തൂൺ ഗോത്രക്കാരൻ)യുടെ നേതൃത്വത്തിൽ 1980-കളിൽ രൂപംകൊണ്ടു. 1995-ഓടെ താലിബാനുമായി ലയിച്ചശേഷം നേതൃശക്തിയിലേക്കുമെത്തി. ജലാലുദ്ദീന്റെ മകൻ സിറാജുദ്ദീൻ ഹഖാനിയാണ് നിലവിലെ തലവൻ. 2015 മുതൽ താലിബാന്റെ ഉപനേതാവായിരുന്നു സിറാജുദ്ദീൻ. അൽഖായിദ പാകിസ്താനിലെ പെഷാവറിൽ 1988-ൽ ഉസാമ ബിൻലാദൻ രൂപംനൽകിയ ഭീകരസംഘടനയ്ക്ക് ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉപസംഘടനകളുണ്ട്. 2001-ൽ അഫ്ഗാനിലേക്ക് യു.എസ്. വന്നത് പ്രധാനമായും അൽഖായിദയെ തുരത്താനാണ്. വേൾഡ് ട്രേഡ് സെന്റർ തകർത്ത ലാദന് അന്നത്തെ താലിബാൻ സർക്കാർ അഭയംനൽകിയതായിരുന്നു കാരണം. ലാദനെ 2011-ൽ വധിച്ചു. ഇപ്പോഴത്തെ നേതാവ് അയ്മൻ അൽ സവാഹിരിയാണ്. ഭരണത്തിലുള്ള താലിബാന്റെ തണലിൽ അൽഖായിദ അപകടകാരികളായി വളർന്നേക്കുമെന്നാണ് വിലയിരുത്തൽ. ഭീകരസംഘടനകളുമായി ബന്ധം പുലർത്തില്ലെന്നാണ് താലിബാൻ യു.എസിന് നൽകിയ ഉറപ്പെങ്കിലും 90-കൾ മുതൽ ശക്തമായ ബന്ധം പുലർത്തുന്ന ഇരുസംഘനകളും ഒരുമിച്ചുനിൽക്കാനേ വഴിയുള്ളൂ. (2021ലെ യു.എൻ. റിപ്പോർട്ട്). തെഹ്രികെ താലിബാൻ പാക് താലിബാൻ അഥവാ തെഹ്രികെ താലിബാൻ പാകിസ്താൻ (ടി.ടി.പി.) പ്രധാനമായും പാക് വിരുദ്ധപ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് യു.എൻ. നിരീക്ഷകർ പറയുന്നു. അഫ്ഗാൻ സർക്കാരിനെതിരേ അഫ്ഗാൻ താലിബാനൊപ്പം യുദ്ധംചെയ്തു. 2018-ൽ തലവൻ കൊല്ലപ്പെട്ടതോടെ പ്രവർത്തനം നിർജീവമായി. പക്ഷേ, അൽഖായിദയുടെ സഹായത്തോടെ 2020 മുതൽ ശക്തിയാർജിക്കുന്നു. ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഉസ്ബെകിസ്താൻ അൽഖായിദയുമായി പ്രധാനസഖ്യം. 1992-നും 97-നുമിടയിൽ താജികിസ്താൻ ആഭ്യന്തരയുദ്ധത്തിൽ ഇസ്ലാമിക ശക്തികൾക്കൊപ്പം യുദ്ധം ചെയ്ത ഉസ്ബെക്കുകൾ 1998-ൽ രൂപംനൽകി. മധ്യേഷ്യൻ രാജ്യങ്ങളിൽ താലിബാനൊപ്പം യുദ്ധം ചെയ്തു. വടക്കൻ അഫ്ഗാനിലാണ് പ്രവർത്തനം. ഈസ്റ്റേൺ തുർക്കിസ്താൻ മൂവ്മെന്റ് ഉയ്ഗുർ മുസ്ലിങ്ങൾക്കുവേണ്ടി സ്വതന്ത്രരാജ്യം സ്ഥാപിക്കാനാവശ്യപ്പെട്ട് പ്രവർത്തിക്കുന്നു. പടിഞ്ഞാറൻ ചൈനയിലെ തുർക്കി സംസാരിക്കുന്നവർ 1988-ൽ രൂപംനൽകി. 2002-ൽ വിദേശഭീകരസംഘടനയായി യു.എസ്. പ്രഖ്യാപിച്ചു. അൽഖായിദയുമായി ബന്ധം. Content Highlights:Ethnic groups in Afghanistan


from mathrubhumi.latestnews.rssfeed https://ift.tt/3tRU8wp
via IFTTT