പഴയവാഹനങ്ങൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പൊളിക്കൽ നയം പ്രാവർത്തികമാകാൻ കടമ്പകളേറെ. വാഹനങ്ങളുടെ ക്ഷമത പരിശോധിക്കുന്ന ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്റർ, ടെസ്റ്റിൽ പരാജയപ്പെടുന്ന വാഹനങ്ങൾ പൊളിക്കാനുള്ള സ്ക്രാപ്പിങ് യാർഡുകൾ എന്നിവ സജ്ജമാക്കിയാലേ പൊളിക്കൽ തുടങ്ങാനാകൂ. പ്രഥമപരിഗണന നൽകേണ്ട ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങൾ ഒമ്പതെണ്ണമാണുള്ളത്. ശേഷിക്കുന്ന 77 ഓഫീസുകളും റവന്യൂ പുറമ്പോക്കിലും റോഡ് വക്കിലുമാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. കേന്ദ്രീകൃത സംവിധാനത്തിൽ ഡ്രൈവിങ് ലൈസൻസും രജിസ്ട്രേഷൻ രേഖകളും അച്ചടിച്ച് വിതരണം ചെയ്യാൻ പത്തുവർഷമായി മോട്ടോർവാഹനവകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ഇനിയും നടപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇരുചക്രവാഹനങ്ങൾമുതൽ ട്രെയിലറുകൾവരെ പരിശോധിക്കാൻ കഴിയുന്ന വെഹിക്കിൾ ടെസ്റ്റിങ് സെന്ററുകൾ എല്ലാ ജില്ലകളിലും സജ്ജമാക്കേണ്ടിവരുന്നത്. കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം പുറത്തുവിട്ട വിവരപ്രകാരം യന്ത്രവത്കൃത സംവിധാനത്തിലാണ് വാഹനങ്ങൾ പരിശോധിക്കേണ്ടത്. എൻജിൻ, ബ്രേക്ക്, സസ്പെൻഷൻ തുടങ്ങി എല്ലാ ഘടകങ്ങളും പരിശോധിക്കണം. സ്വകാര്യ പങ്കാളിത്തത്തോടെയോ നേരിട്ടോ സംസ്ഥാന സർക്കാർ ഇവ ഒരുക്കേണ്ടിവരും. കേന്ദ്രം സഹായം പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യവാഹനങ്ങൾ 20 വർഷവും പൊതുവാഹനങ്ങൾ 15 വർഷവും കഴിയുമ്പോൾ പരിശോധനയ്ക്ക് ഹാജരാക്കണം. വാഹനത്തിന് വിൽപ്പനാനുമതി നൽകിയ സമയത്തെ സുരക്ഷാ ക്രമീകരണങ്ങളല്ലാതെ പുതിയവ കൂട്ടിച്ചേർക്കണമെന്ന് സർക്കാരിന് നിർബന്ധിക്കാനാകില്ല. ഉപയോഗശൂന്യമായ വാഹനങ്ങൾ പൊളിക്കേണ്ട സ്ക്രാപ്പിങ് യാർഡുകളുടെ സൗകര്യങ്ങൾ സംബന്ധിച്ച് കേന്ദ്ര ഉപരിതലമന്ത്രാലയം കരട് രേഖ പ്രസിദ്ധീകരിച്ചിരുന്നു. പരിസ്ഥിതി മലിനീകരണം ഉണ്ടാകാത്തവിധം വാഹനങ്ങൾ പൊളിച്ച് ലോഹഭാഗങ്ങളും റബ്ബറും പ്ലാസ്റ്റിക്കും ഗ്ലാസും വേർതിരിച്ച് പുനഃചക്രമണം ചെയ്യുന്ന യൂണിറ്റുകൾക്ക് കൈമാറാനുള്ള സംവിധാനം യാർഡുകളിൽ വേണം. കുറഞ്ഞത് രണ്ടേക്കർ സ്ഥലമെങ്കിലും ഒരു യാർഡിന് വേണ്ടിവരും. പരിസ്ഥിതി, മലിനീകരണ ബോർഡ്, വ്യവസായ വകുപ്പ്, മോട്ടോർ വാഹനവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ അനുമതിയോടെയേ യാർഡുകൾ തുടങ്ങാവൂ. Content Highlights;Vehicle Scrappage Policy; Government Wants To Implement Automated Testing Centre And Scrap Yard
from mathrubhumi.latestnews.rssfeed https://ift.tt/3rVLWc3
via
IFTTT