തിരുവനന്തപുരം: നിർധന യുവതിയെ മാലദ്വീപ് സ്വദേശിക്ക് നിയമവിരുദ്ധമായി വിവാഹംചെയ്തുകൊടുക്കുകയും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകുകയും ചെയ്ത സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. വള്ളക്കടവ് സ്വദേശി ഹാജ നിസാമുദ്ദീൻ(48), മുട്ടത്തറ വടുവത്ത് കോവിൽ സ്വദേശി ആനന്ദ്(41) എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റുചെയ്തത്. ഈ കേസിലെ പ്രധാന പ്രതിയായ മണക്കാട് ഗംഗാനഗറിൽ ഡോ. അസീസ് ഒളിവിലാണ്. ഇയാൾ ആയുർവേദ ഡോക്ടറാണ്. കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്ത് ചികിത്സയ്ക്കെന്ന പേരിലെത്തിയ മാലദ്വീപ് സ്വദേശിയായ യൂസഫ് അബ്ദുൾ കരീം എന്ന മധ്യവയസ്കനിൽനിന്ന് 2000 ഡോളർ വാങ്ങിയാണ് ഭർത്താവ് ഉപേക്ഷിച്ച, മൂന്നു കുട്ടികളുടെ മാതാവായ യുവതിയെ പ്രലോഭിപ്പിച്ച് വിവാഹം നടത്തിയത്. ഡോ. അസീസിന്റെ ഗംഗാനഗറിലെ വീട്ടിൽവച്ച് വിവാഹം നടത്തുകയും ഓൾ ഇന്ത്യ മുസ്ലിം കൗൺസിൽ എന്ന സംഘടനയുടെ പേരിലുള്ള വ്യാജ ലെറ്റർപാഡിൽ, മുസ്ലിം ജമാ അത്ത് ഹാളിൽ വച്ച് ഇമാമിന്റെ കാർമികത്വത്തിൽ വിവാഹം നടന്നതായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് മാലദ്വീപിലേക്കു പോയ ദമ്പതിമാർ, മാലദ്വീപ് സർക്കാർ അതോറിറ്റിയിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോൾ അതു വ്യാജമാണെന്നു കണ്ടെത്തി. തുടർന്ന് അധികൃതർ തിരുവനന്തപുരം ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസർ(എഫ്.ആർ.ആർ.ഒ.)ക്ക് വിവരം നൽകുകയും ചെയ്തു. എഫ്.ആർ.ആർ.ഒ.യുടെ കത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതും പ്രതികളെ അറസ്റ്റുചെയ്തതും. ഒളിവിൽപ്പോയ ഡോ. അസീസിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഇത്തരത്തിലുള്ള നിരവധി വ്യാജ വിവാഹ സർട്ടിഫിക്കറ്റുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ സമാനരീതിയിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നു കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ അനിൽദാസിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. ബിനു സി., എസ്.ഐ.മാരായ സജു എബ്രഹാം, സെൽവിയസ് രാജ്, സി.പി.ഒ.മാരായ ബിനു, സാബു, പ്രഭല്ലൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. Content Highlights:Mali wedding with fake marriage certificate; Two arrested
from mathrubhumi.latestnews.rssfeed https://ift.tt/3bwEaih
via
IFTTT