Breaking

Wednesday, February 24, 2021

യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്: കസ്റ്റംസ് അന്വേഷണം തുടങ്ങി

മാന്നാർ: വീടാക്രമിച്ച്‌ മാന്നാർസ്വദേശിനി ബിന്ദു ബിനോയിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കസ്റ്റംസും അന്വേഷണം തുടങ്ങി. സ്വർണക്കടത്തുസംഘമാണു യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു കസ്റ്റംസ് അന്വേഷണം നടത്തുന്നത്. സംഘത്തെ സഹായിച്ച മാന്നാർ റാന്നിപറമ്പിൽ പീറ്റർ ജേക്കബ്ബിനെ (34) പോലീസ് അറസ്റ്റുചെയ്തു. സ്വർണക്കടത്തുമായി ഇയാൾക്കു ബന്ധമില്ലെന്നു പോലീസ് പറഞ്ഞു. യുവതിയെ തട്ടിക്കൊണ്ടുപോകാൻ സഹായിച്ചതിനാണ് അറസ്റ്റ്. കേസിൽ മലപ്പുറം പൊന്നാനി സ്വദേശി രാജേഷിന്റേതുൾപ്പെടെ രണ്ടുവീടുകളിൽ പോലീസ് പരിശോധന നടത്തി.‍‌ചൊവ്വാഴ്ച ഉച്ചയോടെയാണു കൊച്ചിയിൽനിന്ന്‌ ആറു കസ്റ്റംസ് ഉദ്യോഗസ്ഥർ മാന്നാറിലെത്തിയത്. ആദ്യം മാന്നാർ പോലീസ്‌ സ്‌റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. തുടർന്നു സമൻസ് നൽകുന്നതിനായി യുവതിയുടെ കുരട്ടിക്കാടുള്ള വീടായ വിസ്മയവിലാസത്തിലെത്തി. ദേഹമാസകലം മുറിവും നട്ടെല്ലിനു ക്ഷതവുമായി യുവതി പരുമലയിെല സ്വകാര്യ ആശുപത്രിയിലായതിനാൽ സമൻസ് കൈമാറാനായില്ല. എങ്കിലും ചില വിവരങ്ങൾ ചോദിച്ചറിഞ്ഞു.മൂന്നാഴ്ചത്തെ വിശ്രമമാണു ഡോക്ടർ നിർദേശിച്ചിട്ടുള്ളത്. തുടർനടപടികൾ അതുകഴിഞ്ഞാകാനാണു സാധ്യതയെന്നു കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചേ ഒന്നരയോടെ പതിനഞ്ചോളംവരുന്ന സംഘമാണു വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയത്. ദുബായിൽനിന്നു നാട്ടിലേക്കുവന്ന യുവതിയുടെ കൈവശം ഏൽപ്പിച്ച സ്വർണം നൽകിയില്ലെന്നാരോപിച്ചാണുസംഘം തട്ടിക്കൊണ്ടുപോയത്. മർദിച്ചശേഷം ഇവരെ തിങ്കളാഴ്ച ഉച്ചയോടെ പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിക്കുകയായിരുന്നു. ദുബായിൽനിന്ന്‌ കൊടുത്തുവിട്ട സ്വർണം മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചതായി ബിന്ദു പോലീസിനു മൊഴിനൽകിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3unX97s
via IFTTT