Breaking

Thursday, February 25, 2021

ആഴക്കടലിൽ തിമിംഗിലങ്ങൾക്ക് സുഖമാണോ; ഗവേഷണത്തിന് തുടക്കം

കൊച്ചി: ആഴക്കടലിൽ എത്ര തിമിംഗിലമുണ്ടാകും? ഇവയുടെ ആവാസ വ്യവസ്ഥയുടെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഇതേക്കുറിച്ചുള്ള ഗവേഷണത്തിന് തുടക്കമായി. തിമിംഗിലം മാത്രമല്ല, കടൽ സസ്തനികളുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കും. ഇതുവഴി ഇവയുടെ സംരക്ഷണമാണ് ലക്ഷ്യം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.), സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ.), ഫിഷറീസ് സർവേ ഓഫ് ഇന്ത്യ (എഫ്.എസ്.ഐ.) എന്നിവർ ചേർന്നാണ് ആഴക്കടൽ ഗവേഷണം നടത്തുന്നത്. സമുദ്രോത്പന്ന വിഭവങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിൽ ഈ ഗവേഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. സമുദ്രഭക്ഷ്യ വിഭവങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ഇതിനായി പിടിക്കപ്പെടുന്ന സസ്തനികളുടെ എണ്ണമടക്കമുള്ളവ പരിഗണിച്ച് സംരക്ഷണ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് 2017-ൽ യു.എസ്. ആവശ്യപ്പെട്ടിരുന്നു. 2022-നകം ഇത് നടപ്പാക്കണം. സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ മത്സ്യബന്ധനം നടത്തുമ്പോൾ കടൽ സസ്തനികളെ മനഃപൂർവം കൊല്ലുന്നത് അനുവദിക്കരുതെന്നും യു.എസ്. നിയമം നിർദേശിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ആഴക്കടൽ ഗവേഷണ യാത്ര വിഭാവനം ചെയ്തതെന്ന് സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. ഗവേഷണ ദൗത്യം എം.പി.ഇ.ഡി.എ. ചെയർമാൻ കെ.എസ്. ശ്രീനിവാസ് ഫ്ലാഗ് ഓഫ് ചെയ്തു. എഫ്.എസ്.ഐ. ഡയറക്ടർ ജനറൽ ഡോ. എൽ. രാമലിംഗം, സി.എം.എഫ്.ആർ.ഐ. സീനിയർ സയന്റിസ്റ്റ് ഡോ. ആർ. ജയഭാസ്കരൻ എന്നിവർ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/3pYpxK8
via IFTTT