Breaking

Wednesday, February 24, 2021

പാതിവ്രത്യം തെളിയിക്കാൻ ഭാര്യ തിളച്ച എണ്ണയിൽ കൈമുക്കി

മുംബൈ : പാതിവ്രത്യം തെളിയിക്കാൻ ഭാര്യയെ തിളച്ച എണ്ണയിൽ കൈമുക്കി അഞ്ചുരൂപ നാണയം എടുപ്പിച്ച ഭർത്താവിനെതിരേ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. ഒസ്മാനബാദ് പോലീസാണ് കേസെടുത്തത്. ഫെബ്രുവരി 11-ന് ഭർത്താവിനോട് വഴക്കിട്ട് ഭാര്യ വീട്ടിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ആരോടും പറയാതെയാണ് വീടുവിട്ടിറങ്ങിയത് നാലുദിവസത്തിന് ശേഷം ഇവർ വീട്ടിൽ തിരിച്ചെത്തി. പരന്ത കച്ച്പുരി ചൗക്കിൽ ബസ് കാത്തുനിന്നപ്പോൾ രണ്ടുപേർ തന്നെ തട്ടിക്കൊണ്ടുപോയെന്നും നാലുദിവസം ബന്ദിയാക്കിയെന്നും സ്ത്രീ പറഞ്ഞു. എന്നാൽ ഭാര്യയുടെ വാക്കുകൾ വിശ്വസിക്കാൻ ഭർത്താവ് തയ്യാറായില്ല. ഇതോടെയാണ് പർഥി സമുദായത്തിന്റെ വിശ്വാസപ്രകാരം തിളച്ച എണ്ണയിൽ ഭാര്യയോട് കൈമുക്കാൻ ഭർത്താവ് നിർദേശിച്ചത്. നുണ പറയുകയാണെങ്കിൽ കൈപൊള്ളുകയും ചട്ടിയിൽനിന്ന് തീ ഉയരുകയും ചെയ്യുമെന്നാണ് വിശ്വാസം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തി. ഭാര്യയെ രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിരുന്നെന്നാണ് പറയുന്നത്. അവർ അവളെ ഒന്നും ചെയ്തില്ലെന്നും പറയുന്നു. എന്റെ ഭാര്യ സത്യമാണോ പറയുന്നതെന്ന് അറിയണം. അതിനുവേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന്' ഭർത്താവ് വിഡിയോയിൽ പറയുന്നുണ്ട്. തിളച്ച എണ്ണയിൽ കൈമുക്കിയതോടെ ഭാര്യ കരയുന്നതും കൈ പച്ചവെള്ളത്തിൽ മുക്കുന്നതും വീഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ വീഡിയോ വൻതോതിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. ഭർത്താവിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര ലെജിസ്‌ലേറ്റീവ് കൗൺസിൽ ചെയർമാൻ നീലം ഗോറെ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിന് നിർദേശം നൽകിയതോടെയാണ് പോലീസ് കേസെടുത്തത്‌.


from mathrubhumi.latestnews.rssfeed https://ift.tt/3urf2lT
via IFTTT