തിരുവനന്തപുരം: സഹായംതേടി എത്തുന്നവരോട് 'നോ' പറയാൻ ബുദ്ധിമുട്ടാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇപ്പോഴത്തെ പ്രധാനപ്രശ്നം സെൽഫിയാണ്. ഒഴിയാനാണെങ്കിൽ എത്രപേരിൽനിന്നു കഴിയും? അതിനാൽ അവരോടും 'നോ'യില്ല -ഉമ്മൻചാണ്ടി പറഞ്ഞു. 12 വർഷം തന്റെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി. ചാക്കോ എഴുതിയ 'കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞുകഥകളു'ടെ മൂന്നാംഭാഗത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകം ശശി തരൂർ എം.പി. മുൻ അംബാസഡർ വേണു രാജാമണിക്കു നൽകി പ്രകാശനം ചെയ്തു. ലോക്ഡൗൺ ആദ്യമൊക്കെ സഹിച്ചെങ്കിലും നീട്ടിയപ്പോൾ വീട്ടിലിരിക്കുന്നത് ചിന്തിക്കാൻപോലുമായില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഫെയ്സ്ബുക്കിൽ നമ്പർ സഹിതം പോസ്റ്റിട്ടതോടെ വിളികളായി. ആകെ 4350 പേർ വിളിച്ചു. നവജാതശിശുവിനെ തമിഴ്നാട് ആരോഗ്യമന്ത്രിയുടെ സഹായത്തോടെ, വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് രക്ഷിച്ചതും കാട്ടിൽ അകപ്പെട്ട വിദ്യാർഥിസംഘത്തെ തിരിച്ചെത്തിച്ചതുമൊക്കെ അദ്ദേഹം അനുസ്മരിച്ചു. ജനങ്ങൾക്കും ജനാധിപത്യത്തിനും ഉമ്മൻചാണ്ടി ചെയ്ത സേവനങ്ങൾ വലുതാണെന്നു തരൂർ പറഞ്ഞു. ജനകീയത വ്യക്തിത്വത്തിന്റെ ഭാഗമാക്കിയ നേതാവാണ് ഉമ്മൻചാണ്ടിയെന്നു വേണു രാജാമണി പറഞ്ഞു. കാർട്ടൂണിസ്റ്റ് പ്രസന്നകുമാർ, ദിനമലർ ന്യൂസ് എഡിറ്റർ ജി.വി.രമേശ്കുമാർ, പി.ടി.ചാക്കോ, വീണാനായർ എന്നിവരും സംസാരിച്ചു. Content Highlights:Three books by Oommen Chandy released
from mathrubhumi.latestnews.rssfeed https://ift.tt/37KH3eh
via
IFTTT