ബെംഗളൂരു: ഭാര്യയ്ക്കും മകൾക്കുമൊപ്പം ബൈക്കിൽ പോകുന്നതിനിടെ ആക്രമിച്ച പുലിയെ യുവാവ് കീഴ്പ്പെടുത്തി. ഏറ്റുമുട്ടലിനൊടുവിൽ പുലി ചത്തു. ഹാസൻ അർസിക്കെരെ ബെന്ദെക്കെരെ ഗ്രാമത്തിൽ രാജഗോപാൽ നായിക് ഭാര്യ ചന്ദ്രമ്മയ്ക്കും മകൾ കിരണിനുമൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് കുറ്റിക്കാട്ടിൽനിന്ന് പുലിയുടെ ആക്രമണമുണ്ടായത്. പുലി കിരണിന്റെ കാലിൽ കടിച്ച ശേഷം ചന്ദ്രമ്മയെ ആക്രമിക്കാൻ ശ്രമിച്ചു. ഈ സമയം രാജഗോപാൽ പുലിയുടെ കഴുത്തിൽ പിടിമുറുക്കി. ഇതോടെ പുലി ഇയാളെയും ആക്രമിച്ചു. എന്നാൽ, ദീർഘനേരം കഴുത്തിൽ പിടിമുറുക്കിയതിനെത്തുടർന്ന് പുലി ചാവുകയായിരുന്നു. ബഹളം കേട്ടെത്തിയ പ്രദേശവാസികൾ പരിക്കേറ്റ രാജഗോപാലിനെയും കുടുംബത്തെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. വനംവകുപ്പ് അധികൃതരെത്തി പുലിയുടെ ജഡം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. അതിനിടെ നാട്ടുകാരും ചേർന്നാണ് പുലിയെ കൊന്നതെന്ന് ആരോപണമുയർന്നതിനാൽ പോസ്റ്റ്മോർട്ടത്തിനുശേഷമേ യഥാർഥ മരണകാരണം അറിയാനാവൂവെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. പുലിയുടെ ആക്രമണത്തിൽനിന്ന് കുടുംബത്തെ രക്ഷിച്ച രാജഗോപാൽ നായികിന് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ 25,000 രൂപ പാരിതോഷികം നൽകി. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ് ചോരയിൽ കുളിച്ചിരിക്കുന്ന രാജഗോപാൽ നായികിന്റെയും പുലി ചത്തുകിടക്കുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. രാജഗോപാലിന്റെ തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്. Content Highlights:man killed the Leopard that attacked the family while going on the bike
from mathrubhumi.latestnews.rssfeed https://ift.tt/3bEcfgu
via
IFTTT