Breaking

Friday, February 26, 2021

സ്വവർഗ വിവാഹം മൗലികാവകാശമല്ലെന്ന് കേന്ദ്രം; കോടതികൾ അംഗീകാരം നൽകരുത്

ന്യൂഡൽഹി: സ്വവർഗവിവാഹം മൗലികാവകാശമല്ലെന്നും അതിന് നിയമപരമായ അംഗീകാരം നൽകാൻ കോടതികൾ തയ്യാറാവരുതെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു. ഹിന്ദു വിവാഹ നിയമപ്രകാരം സ്വവർഗവിവാഹം അംഗീകരിക്കണമെന്ന ഹർജിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. സ്വവർഗ ലൈംഗികത സുപ്രീംകോടതി ക്രിമിനൽക്കുറ്റമല്ലാതാക്കിയിരുന്നു. കേസ് ഏപ്രിൽ 20-ന് ഹൈക്കോടതി പരിഗണിക്കും. സ്വവർഗവിവാഹം അംഗീകരിച്ചാലുണ്ടാകുന്ന കുടുംബപ്രശ്നങ്ങൾ സർക്കാർ ചൂണ്ടിക്കാട്ടി. പുരുഷൻ ഭർത്താവും സ്ത്രീ ഭാര്യയും അതിലുണ്ടാകുന്ന കുട്ടികളുമുൾപ്പെടുന്ന ഇന്ത്യയുടെ കുടുംബ സങ്കൽപ്പവുമായി അതിനെ താരതമ്യം ചെയ്യാനാവില്ല. വ്യക്തിബന്ധവുമായി ബന്ധപ്പെട്ട വിവാഹം പോലുള്ള വിഷയങ്ങളിൽ നിയമനിർമാണം നടത്തേണ്ടത് കോടതിയല്ല, സർക്കാരാണ്. രാജ്യത്തിന്റെ ഒട്ടുമിക്കഭാഗങ്ങളിലും വിവാഹം എന്ന വ്യവസ്ഥിതിക്ക് പരിശുദ്ധി കല്പിക്കപ്പെടുന്നുണ്ട്. പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ നിയമപരമായ അംഗീകാരം എന്നതിലുപരി നമ്മുടെ രാജ്യത്ത് പുരാതനമായ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, നാട്ടുനടപ്പുകൾ, സംസ്കാരം, സാമൂഹികമൂല്യങ്ങൾ എന്നിവയെ ആശ്രയിച്ചാണ് വിവാഹം നടക്കുന്നതെന്നും കേന്ദ്രം അറിയിച്ചു. ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാര്യേജ് ആക്ട്, വിദേശ വിവാഹ നിയമം എന്നിവ പ്രകാരം സ്വവർഗ വിവാഹത്തിന് അനുമതി തേടുന്ന ഹർജികൾ ഹൈക്കോടതിക്ക് മുന്നിലുണ്ട്. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കപ്പെടണമെന്ന് അടുത്തിടെ പോപ്പ് ഫ്രാൻസിസ് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമായിരുന്നു. പോപ്പിന്റെ നിലപാടിനെ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും സ്വാഗതം ചെയ്തു. എന്നാൽ, സുപ്രീംകോടതിയും കേന്ദ്രസർക്കാരും സ്വവർഗ വിവാഹത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. സ്വവർഗ വിവാഹം, ദത്തെടുക്കൽ, വാടക ഗർഭധാരണം തുടങ്ങിയ സിവിൽ അവകാശങ്ങൾ സ്വവർഗാനുരാഗികൾക്കും ട്രാൻസ്ജെൻഡറുകൾക്കുമുൾപ്പെടെ നൽകാനാവില്ലെന്ന് സുപ്രീംകോടതി 2018-ൽ വിധിച്ചിരുന്നു. സ്വവർഗാനുരാഗികൾ, ട്രാൻസ്ജെൻഡർ, ബൈസെക്ഷ്വൽ തുടങ്ങിയവർക്കും ഒരേ ലിംഗത്തിൽപ്പെട്ടവരെ വിവാഹംകഴിക്കാനും ദത്തെടുക്കാനും വാടകയ്ക്ക് ഗർഭംധരിക്കാനുമുള്ള അവകാശങ്ങൾ തേടുന്ന ഹർജിയാണ് തള്ളിയത്. Content Highlights: Centre opposes same-sex marriage in Delhi HC, says not comparable with 'Indian family unit concept'


from mathrubhumi.latestnews.rssfeed https://ift.tt/37PEsQj
via IFTTT