Breaking

Saturday, February 27, 2021

പശുവിന് പനിയുണ്ടോ, ഈ ചിപ്പ് ഉത്തരം തരും

തൃശ്ശൂർ: കർണാടകയിലെ ഫാമിൽ ഒരു പശു അനങ്ങിയാൽ തത്സമയം അത് കൊച്ചിയിലെ ഈ കംപ്യൂട്ടർ അറിയും. പശുവിന്റെ കാതിൽ ഘടിപ്പിച്ച ചിപ്പിലൂടെ ഈ അനക്കം ശാസ്ത്രീയമായി വിശകലനംചെയ്യും. അതിന്റെ ഫലം പശുവിന്റെ ഉടമയുടെ മൊൈബലിലേക്ക് ഉടനെത്തും. ഡോക്ടറുടെ സേവനം ആവശ്യമാണെങ്കിൽ അക്കാര്യം അറിയിക്കും. 'താങ്കളുടെ 73-ാം നമ്പർ പശുവിന് ശാരീരികപ്രശ്നം കാണുന്നു, പനിയായിരിക്കാം. ഉടൻ ഡോക്ടറുടെ സേവനം തേടുക, 52-ാം നമ്പർ പശുവിന് ബീജസങ്കലനം നടത്തേണ്ട സമയമായി, 12-ാം നന്പർ പശു കൂടുതൽ അയവെട്ടുന്നുണ്ട്, നാളെമുതൽ ഒരു ലിറ്റർ പാൽ കൂടുതൽ പ്രതീക്ഷിക്കാം...' എന്നിങ്ങനെ. ഇലക്ട്രോണിക്സ് എൻജിനിയർമാരായ ശ്രീശങ്കർ എസ്. നായർ, റോമിയോ പി. െജറാൾഡ് എന്നിവരാണ് തൃശ്ശൂരിലെ കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻകുബേറ്ററിൽ കന്നുകാലി ആരോഗ്യ വിശകലന സ്മാർട്ട് സംവിധാനം വികസിപ്പിച്ചത്. ഇവരുടെ കണ്ടെത്തൽ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു ലക്ഷം രൂപയുടെ ദേശീയ പുരസ്കാരം നേടി. കാർഷിക മേഖലയുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ പരിചയപ്പെടുത്തുന്ന അഗ്രി ഇന്ത്യാ ഹാക്കത്തോണിലാണ് പുരസ്കാരം നേടിയത്. ഇവരുടെ ബ്രെയിൻ വയേർഡ് ഇന്നൊവേഷൻസ് എന്ന കമ്പനി വികസിപ്പിച്ച 'വീസ്റ്റോക്ക്' എന്ന ചിപ്പും ആപ്പും അടങ്ങുന്ന സ്മാർട്ട് സംവിധാനമാണിത്. സർവകലാശാല ഇൻകുബേറ്ററിൽ വികസിപ്പിച്ച് ദേശീയ പുരസ്കാരം േനടിയ രണ്ടു സംരംഭങ്ങളിൽ ഒന്നാണിതെന്ന് ഇൻകുബേറ്റർ മേധാവി ഡോ. കെ.പി. സുധീർ പറഞ്ഞു. വീ സ്റ്റോക്കിന് രണ്ടു ഭാഗങ്ങളാണുള്ളത്. ഇന്റർനെറ്റ് ഒാഫ് തിങ്സ് (െഎ.ഒ.ടി.) അടിസ്ഥാനമാക്കിയുള്ള മൈക്രോ ചിപ്പാണ് ആദ്യഭാഗം. ഇത് നിരന്തര നിരീക്ഷണ സംവിധാനമാണ്. മേയൽ, നിന്ന് ഭക്ഷണംകഴിക്കൽ, അയവെട്ടൽ, കിടപ്പ്, വെള്ളം കുടിക്കൽ, വെയിൽ കായൽ, ശരീരതാപം, ശരീരഭാരം, പ്രത്യുത്പാദന ചക്രം തുടങ്ങിയവ ചിപ്പിലൂടെ നിരീക്ഷിക്കാം. രണ്ടാമത്തെ ഭാഗമായ റീഡർ സംവിധാനത്തിലേക്ക് ഇൗ വിവരങ്ങൾ കൈമാറും. റീഡറിൽനിന്ന് ക്ലൗഡ് നെറ്റ് വഴി വിവരങ്ങൾ കംപ്യൂട്ടറിലെത്തും. ഇവിടെനിന്ന് മെഷീൻ ലേണിങ് രീതിയിൽ വിവരങ്ങൾ വിശകലനം ചെയ്യും. ഇൗ വിവരങ്ങൾ കർഷകരുടെ മൊബൈലിലെ വീസ്റ്റോക്ക് ആപ്പിലേക്കയക്കും. കർണാടകയിലെ ഒരു ഫാമിൽ വീസ്റ്റോക്ക് വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കാർഷിക സർവകലാശാല വഴി ബന്ധപ്പെട്ടാൽ സേവനം ലഭിക്കും. കെ.ജി. അർജുൻ, എ.കെ. ഒൗറംഗസീബ്, ആർ. പ്രവീൺ, വി.എസ്. സജിൽ, ആശ ആന്റണി, ഡി. ആതിര എന്നിവരും ഇപ്പോൾ സ്റ്റാർട്ടപ്പിൻറെ ഭാഗമാണ്. Content Highlights:National Award for Startup for Malayalee Youth


from mathrubhumi.latestnews.rssfeed https://ift.tt/3pZNW1y
via IFTTT