മൈസൂരു: കേരളത്തിൽനിന്നുള്ളവർക്ക് കർണാടകത്തിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ കർണാടകം. കേരളാ അതിർത്തിയിലെ എല്ലാ ചെക്പോസ്റ്റുകളിലും ബുധനാഴ്ചയും കോവിഡില്ലാ സർട്ടിഫിക്കറ്റ് പരിശോധന നടത്തിയാണ് യാത്രക്കാരെ കടത്തിവിട്ടത്. കാസർകോട് ജില്ലയിൽനിന്ന് തലപ്പാടി, നെട്ടണിഗെ, മുഡ്നൂരു, മോണാല, സാറഡ്ക്ക, ജാൽസുർ എന്നീ റോഡുകളിലൂടെ മാത്രമാണ് ഇപ്പോൾ ദക്ഷിണ കന്നഡയിലേക്ക് പ്രവേശനം. മറ്റു റോഡുകൾ അടച്ചുവെന്നാണ് റിപ്പോർട്ട്. അതേസമയം, വയനാട്, കണ്ണൂർ ജില്ലകളിൽനിന്ന് എല്ലാ റോഡുകളിലൂടെയും കർണാടകത്തിലേക്ക് പ്രവേശനമുണ്ട്. ബുധനാഴ്ച കണ്ണൂർ-കുടക് അതിർത്തിയായ മാക്കുട്ട ചെക്പോസ്റ്റിൽ യാത്രക്കാരോട് ആദ്യം ആന്റിജൻ സർട്ടിഫിക്കറ്റ് മതിയെന്നും എന്നാൽ, ഇതുമായി എത്തിയപ്പോൾ ആർ.ടി.പി.സി.ആർ. തന്നെ വേണമെന്ന് പറഞ്ഞതായും പറയപ്പെടുന്നു. അതേസമയം, വയനാട്-മൈസൂരു അതിർത്തിയിലെ ബാവലി ചെക്പോസ്റ്റിൽ പരിശോധന കാര്യമായി നടന്നില്ല. മലയാളികളെ ബുദ്ധിമുട്ടിക്കരുത് -പ്രതാപസിംഹ കേരളത്തിൽനിന്നുള്ളവർക്ക് കർണാടക സർക്കാർ കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയെങ്കിലും അതിന്റെ പേരിൽ അവരെ ബുദ്ധിമുട്ടിക്കരുതെന്ന് മൈസൂരു-കുടക് എം.പി. പ്രതാപസിംഹ. കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കാണിക്കാൻ കേരളത്തിൽനിന്നുള്ളവരെ നിർബന്ധിക്കരുതെന്നും തെർമൽ സ്കാനിങ്ങിനുശേഷം അവരെ കടത്തിവിടണമെന്നും പ്രതാപസിംഹ മൈസൂരു ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകി. ബുധനാഴ്ച ജില്ലാ വികസന സമിതിയുടെ യോഗത്തിൽ അധ്യക്ഷത വഹിക്കവേയാണ് പ്രതാപസിംഹ ഇക്കാര്യം വ്യക്തമാക്കിയത്. മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ രോഹിണി സിന്ദൂരിയും യോഗത്തിൽ പങ്കെടുത്തിരുന്നു. Content Highlights: Kerala Karnataka border closing issue
from mathrubhumi.latestnews.rssfeed https://ift.tt/2P9b6WO
via
IFTTT