Breaking

Friday, February 26, 2021

ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ സൗജന്യ സിനിമയെന്ന വാഗ്ദാനം; സൂക്ഷിക്കുക, തട്ടിപ്പുകാര്‍ രംഗത്തുണ്ട്‌

കൊച്ചി: ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ സിനിമയ്ക്ക് ഡിമാൻഡ് ഏറിയതോടെ തട്ടിപ്പുകാരും ഇതുവഴിയേ. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ സിനിമ കാണാൻ പാക്കേജ് അനുസരിച്ച് പണം മുടക്കണം. എന്നാൽ, ചില സർവീസ് പ്രൊവൈഡർമാർ അവരുടെ ഉപഭോക്താക്കൾക്ക് റീച്ചാർജിനോടൊപ്പം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ സിനിമ കാണാനുള്ള സൗജന്യ അവസരവും മറ്റും നൽകുന്നുണ്ട്. ഇതു മുതലാക്കിയാണ് തട്ടിപ്പ് സംഘം ഇറങ്ങിയിരിക്കുന്നത്.സൗജന്യമായി ഒ.ടി.ടി. പ്ലാറ്റ്‌ഫോം സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള അവസരമെന്നു കേൾക്കുമ്പോൾ നല്ലൊരു വിഭാഗം ആളുകളും ഇവർ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിക്കും. ഈ ലിങ്കിലേക്കു കയറുമ്പോൾ സർവീസ് പ്രൊവൈഡർമാരുടെ വെബ്‌സൈറ്റിനു സമാനമായ ഹോം പേജായിരിക്കും തുറന്നുവരിക. ഇത് വ്യാജനാണെന്നു തിരിച്ചറിയാനുള്ള ഏക വഴി യു.ആർ.എൽ. പരിശോധിക്കുക മാത്രമാണ്. എന്നാൽ, ഇത് ഒറ്റനോട്ടത്തിൽ തിരിച്ചറിയാതെ പോയാൽ അക്കൗണ്ടിലെ പണം നഷ്ടമാകും.ലിങ്കിൽ കയറുമ്പോൾ മൊബൈൽ നമ്പർ നൽകിയ ശേഷം പിന്നീട് ഒ.ടി.ടി. പ്ലാറ്റ്‌ഫോം ലഭിക്കുന്ന ഓഫർ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കും. തുടർന്ന് ഇത് സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന്റെ ഭാഗമായി എ.ടി.എം. കാർഡ് നമ്പറും വിവരങ്ങളും ആവശ്യപ്പെടും. ഇത് നൽകി മുന്നോട്ടുപോകുമ്പോഴേക്കും ഫോണിലേക്ക് പണം നഷ്ടമായതായുള്ള സന്ദേശമെത്തും. സാധാരണ റീച്ചാർജ് ചെയ്യുന്നതുപോലുള്ള രീതിതന്നെയാണ് വ്യാജ വെബ്‌സൈറ്റിലുമുള്ളത്. യു.ആർ.എൽ. കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ ലിങ്കുകളിൽ പ്രവേശിക്കാൻ പാടുള്ളൂവെന്നാണ് സൈബർസെൽ അധികൃതർ പറയുന്നത്. റീച്ചാർജിങ്ങിനും മറ്റു സേവനങ്ങൾക്കുമായി സർവീസ് പ്രൊവൈഡർമാരുടെ വെബ്സൈറ്റിൽ നേരിട്ട് കയറി പരിശോധിക്കുന്നതാണ് ഉചിതമെന്നും അധികൃതർ കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/3aURZYT
via IFTTT