Breaking

Sunday, February 28, 2021

മാഹിയിലും പുറത്തും ഇന്ധനവിലയിൽ വൻ വ്യത്യാസം

കണ്ണൂർ: പുതുച്ചേരിയിൽ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിതനികുതി (വാറ്റ്) രണ്ട് ശതമാനം കുറച്ചതോടെ മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയിൽ ഗണ്യമായ അന്തരം. പുതുക്കിയ വില വെള്ളിയാഴ്ച അർധരാത്രി നിലവിൽ വന്നതോടെ പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ പെട്രോൾ, ഡീസൽ വില ഒരുരൂപയിലധികം കുറഞ്ഞു. രണ്ടുശതമാനം വിലകുറച്ച് ലഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജനാണ് ഉത്തരവിറക്കിയത്. വില കുറഞ്ഞതോടെ മാഹിയിലും മൂലക്കടവ് മേഖലയിലും ഇന്ധനം നിറയ്ക്കാനെത്തുന്നവരുടെ തിരക്ക് കൂടി. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നുള്ളവരും ദീർഘദൂര വാഹനങ്ങളും കൂടുതലായി മാഹിയെ ആശ്രയിക്കും. പെട്രോളിന് 1.19 രൂപയും ഡീസലിന് 1.26 രൂപയുമാണ് കുറഞ്ഞത്. കണ്ണൂരിലെ പെട്രോൾ വിലയേക്കാൾ 4.35 രൂപ മാഹിയിൽ കുറവാണ്. ഡീസലിനാകട്ടെ 3.58 രൂപയുടെ വിലവ്യത്യാസമാണുള്ളത്. ഇതുവരെ വിലയിലെ അന്തരം പെട്രോളിന് മൂന്നുരൂപയും ഡീസലിന് 2.16 രൂപയുമായിരുന്നു. കണ്ണൂരിലെ ശനിയാഴ്ചത്തെ പെട്രോൾവില 91.60 രൂപയും മാഹിയിലേത് 87.25 രൂപയുമാണ്. ഡീസൽ വിലയാകട്ടെ യഥാക്രമം 86.19 രൂപ, 82.61 രൂപ എന്നിങ്ങനെയും. മാഹിയിലെ പമ്പുകളിൽനിന്ന് ടാങ്ക് മുഴുവൻ ഡീസൽ നിറച്ചാൽ ബസുകൾക്ക് വലിയ തുക ലാഭം കിട്ടുന്ന സാഹചര്യമാണുള്ളത്. 150 ലിറ്ററിന്റെ ടാങ്കുള്ള ബസുകളിൽ കേരളത്തിൽനിന്ന് ഇന്ധനം നിറയ്ക്കുമ്പോൾ 12,928 രൂപ നൽകേണ്ടിടത്ത് മാഹിയിൽനിന്നാണെങ്കിൽ 12,391 രൂപ നൽകിയാൽ മതി- ലാഭം 537 രൂപ. 240 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കുകളോടുകൂടിയ ബസുകളുണ്ട്. ടാങ്ക് മുഴുവന എണ്ണ നിറച്ചാൽ ഇവർക്ക് കിട്ടുന്ന ലാഭം 859 രൂപയാണ്. മാഹി മേഖലയിൽ റിലയൻസിന്റെ ഒരു പെട്രോൾ പമ്പ് ഉൾപ്പെടെ 15 പമ്പുകളാണുള്ളത്. ഇതിൽ 10 പമ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്. 300 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. വില്പന കൂടുമെന്ന് പ്രതീക്ഷ ലോക്ഡൗൺ കാലത്ത് മാഹിയിലെ പെട്രോൾ പമ്പുകളിൽ ഇന്ധനവില്പന കുത്തനെ കുറഞ്ഞിരുന്നു. നിലവിൽ വില്പന അല്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പഴയപടിയായിട്ടില്ല. വെള്ളിയാഴ്ച മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വന്നതോടെ മാഹിക്ക് പുറത്തുനിന്നുള്ള കൂടുതൽ വാഹനങ്ങൾ ഇന്ധനത്തിനായി എത്തുമെന്നാണ് പ്രതീക്ഷ. -നസീഫ് പയിങ്ങോൽ, എമിറേറ്റ്സ് പെട്രോൾ പമ്പ് മാനേജർ, മൂലക്കടവ് വിലയിൽ കാര്യമായ വ്യത്യാസമുണ്ട് പുതുച്ചേരി സർക്കാർ പെട്രോൾ, ഡീസൽ വില കുറച്ചത് ആശ്വാസകരമാണ്. കണ്ണൂരിലെയും മാഹിയിലെയും ഇന്ധനവില താരതമ്യം ചെയ്താൽ മാഹിയിൽ നല്ല വിലക്കുറവുണ്ട്. -ബാബു അച്ചത്ത്, ഹണ്ടിങ് ഐസ് ട്രാവൽസ് ആൻഡ് ടൂർ പ്ലാനർ, തലശ്ശേരി Content Highlights:Fuel price comparison between Kerala and Mahe


from mathrubhumi.latestnews.rssfeed https://ift.tt/3bPUY4h
via IFTTT