Breaking

Saturday, February 27, 2021

ബജറ്റിലെ ആനുകൂല്യങ്ങൾ ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കും

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാൻ ധനവകുപ്പ് സമഗ്രമായ ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധിക്കാതിരിക്കാൻ വകുപ്പുകളുടെ പ്രത്യേക ഉത്തരവുകൾക്ക് കാത്തുനിൽക്കാതെ ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ തത്ത്വത്തിൽ അനുമതി നൽകിയാണിത്. വർധിപ്പിച്ച ആനുകൂല്യങ്ങൾ വിഷു പ്രമാണിച്ച് ഏപ്രിൽ ആദ്യയാഴ്ചയിൽത്തന്നെ സാമൂഹികക്ഷേമ പെൻഷൻ വിതരണംചെയ്യും. റബ്ബറിന്റെ സംഭരണവില 170 രൂപയായും നെല്ലിന്റേത് 28 രൂപയായും തേങ്ങയുടേത് 32 രൂപയായും ഉയർത്തി. ക്ഷേമനിധിയിൽ രജിസ്റ്റർചെയ്ത വിദേശമലയാളികളുടെ വിവിധ പെൻഷൻ 3000 രൂപയും 3500 രൂപയുമാക്കി. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപ കൂട്ടി. സ്കൂൾ കൗൺസിലർമാരുടെ ഓണറേറിയം 24,000 രൂപയാക്കി. പത്തുവർഷത്തിൽ കൂടുതൽ പരിചയമുള്ള പ്രീ-പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ശമ്പളത്തിൽ 1000 രൂപയും പത്തുവർഷത്തിൽ താഴെയുള്ളവരുടെ ശമ്പളത്തിൽ 500 രൂപയും കൂട്ടി. സർക്കാർതലത്തിൽ 2012-നുശേഷം ആരംഭിച്ച പ്രീ-പ്രൈമറി അധ്യാപകർക്കും ആയമാർക്കും 1000 രൂപ വീതം നൽകും. ലൈബ്രറി കൗൺസിലിനുകീഴിലുള്ള ലൈബ്രേറിയന്മാരുടെ ഓണറേറിയം 1000 രൂപ കൂട്ടി. ജേണലിസ്റ്റ്, നോൺ ജേണലിസ്റ്റ് പെൻഷൻ 1000 രൂപ കൂട്ടി. സി.ഡി.എസ്. ചെയർപേഴ്സൺമാരുടെ ഓണറേറിയം 8000 രൂപയാക്കി. അങ്കണവാടി അധ്യാപകരുടെ പെൻഷൻ 2500 രൂപയും ഹെൽപ്പർമാരുടെ പെൻഷൻ 1500 രൂപയുമായി. ഇവരുടെ മാസ അലവൻസ് 500 മുതൽ 1000 രൂപവരെ കൂട്ടി. 100 രൂപയുടെ സമ്മാനങ്ങൾക്ക് നൽകുന്ന ലോട്ടറി ഏജന്റ്സ് പ്രൈസ് പത്തുരൂപയിൽനിന്ന് 20 രൂപയാക്കി. മറ്റെല്ലാ സമ്മാനങ്ങളിന്മേലുള്ള ഏജന്റ്സ് പ്രൈസും 12 ശതമാനമായി ഉയർത്തി. എല്ലാ സ്ലാബിലുമുള്ള ഡിസ്കൗണ്ട് അരശതമാനം കൂട്ടി. ലോട്ടറി വിൽപ്പനക്കാർക്കും തൊഴിലാളികൾക്കുമുള്ള വിവാഹധനസഹായം 5000 രൂപയിൽനിന്ന് 25,000 രൂപയാക്കി. പ്രസവാനുകൂല്യം 5000-ത്തിൽനിന്ന് 10000 രൂപയായും പ്രത്യേക ചികിത്സാസഹായം 20,000-ൽനിന്ന് 50,000 രൂപയുമാക്കി. ചികിത്സാധനസഹായം 3000-ത്തിൽനിന്ന് 5000 രൂപയാക്കി. ഹയർ സെക്കൻഡറി മുതൽ ബിരുദ-ബിരുദാനന്തരതലംവരെയും പ്രൊഫഷണൽ കോഴ്സുകൾക്കും വർഷം 1500 മുതൽ 7000 രൂപവരെ വിവിധ കോഴ്സുകൾക്ക് സ്കോളർഷിപ്പ് അനുവദിച്ചു. ആനുകൂല്യങ്ങൾ നടപ്പാക്കാൻ അതത് വകുപ്പുകളാണ് ചട്ടങ്ങൾക്ക് രൂപം നൽകേണ്ടത്. ഇതിന് ആറുമാസംവരെയെടുക്കാറുണ്ട്. അതൊഴിവാക്കാനാണ് സമഗ്ര ഉത്തരവ്. എന്തെങ്കിലും തടസ്സങ്ങൾ നേരിടുന്നപക്ഷം അതത് വകുപ്പുകൾ വെവ്വേറെ ഉത്തരവിറക്കേണ്ടിവരും. Content Highlights :Budget benefits from April 1st


from mathrubhumi.latestnews.rssfeed https://ift.tt/3dUOSlB
via IFTTT