ചെന്നൈ: ആനകൾക്കെതിരായ ക്രൂരത തടയുന്നതിന്, ആനകളുടെ ഉടമസ്ഥാവകാശം വനംവകുപ്പിന് മാത്രമാക്കി നിയമനിർമാണം നടത്തുന്നത് പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങളോ വ്യക്തികളോ ആനകളെ വളർത്തുന്നത് വിലക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ശ്രീരംഗം ക്ഷേത്രത്തിലെ ആനകളുടെ സംരക്ഷണം സംബന്ധിച്ച് സാമൂഹികപ്രവർത്തകനായ രംഗരാജൻ നരസിംഹൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി, ജസ്റ്റിസ് ശെന്തിൽകുമാർ രാമമൂർത്തി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. അടുത്തിടെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച, പാപ്പാന്മാർ ആനയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ചൂണ്ടിക്കാട്ടിയ കോടതി, 'മൃഗങ്ങളോട് കരുണ കാണിക്കാത്തവരോട് നാമും കരുണ കാണിക്കരുതെന്ന്' അഭിപ്രായപ്പെട്ടു. ക്ഷേത്രങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ആനകളെ വനംവകുപ്പിന്റെ സംരക്ഷണത്തിലാക്കുന്നതിന് പൊതു നയരൂപവത്കരണം ആവശ്യമാണ്. ശരിയായ സംരക്ഷണം ഉറപ്പാക്കുന്നതിന് ആനകളുടെ ഉടമസ്ഥാവകാശം വനംവകുപ്പിനു മാത്രമാക്കി മാറ്റണമെന്ന് കോടതി നിരീക്ഷിച്ചു. ആനകളുടെ സംരക്ഷണം സംബന്ധിച്ച് എട്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്നും തമിഴ്നാട് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. Content Highlights:Consider prohibition of private ownership of elephants by temples and individuals, Madras high court
from mathrubhumi.latestnews.rssfeed https://ift.tt/3bCYb7b
via
IFTTT