കൊച്ചി: ഉദ്ഘാടനങ്ങൾ മിന്നിക്കുന്നതിനെ ആർക്കും തെറ്റുപറയാൻ കഴിയില്ല, പ്രത്യേകിച്ചും തിരഞ്ഞെടുപ്പൊക്കെ അടുക്കുമ്പോൾ. പക്ഷേ, ഉദ്ഘാടന മാമാങ്കത്തിനായി എത്രരൂപ പൊടിക്കുന്നുണ്ടെന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ? വാഴക്കാല സ്വദേശി എം.കെ. ഹരിദാസ് എന്ന വിവരാവകാശ പ്രവർത്തകൻ അത്തരമൊരു അന്വേഷണം നടത്തി. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനത്തിന് എത്ര രൂപ ചെലവിട്ടുവെന്ന് അദ്ദേഹം അന്വേഷിച്ചു. വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിങ്ങനെ: 'രണ്ടു മേൽപ്പാലങ്ങളുടെയും ഉദ്ഘാടനത്തിന് ചെലവായത് 5.53 ലക്ഷം രൂപ'. രണ്ടു മേൽപ്പാലങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായാണ് നിർവഹിച്ചത്. മന്ത്രിയടക്കമുള്ളവർ വൈറ്റിലയിലും കുണ്ടന്നൂരും നടന്ന ചടങ്ങിൽ നേരിട്ടു പങ്കെടുത്തു. കുണ്ടന്നൂർ മേൽപ്പാലം ഉദ്ഘാടനത്തിനാണ് കൂടുതൽ തുക ചെലവായത്. 3.75 ലക്ഷം രൂപ. ഇവിടെ ബൾബുകൾ മിന്നിക്കാൻ മാത്രം 77,610 രൂപ ചെലവായി. എന്നാൽ വൈറ്റില മേൽപ്പാലത്തിൽ ബൾബുകൾ ആരാണ് മിന്നിച്ചതെന്ന് അധികൃതർക്കും അറിയില്ല. കുണ്ടന്നൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടനച്ചെലവുകൾ വഹിച്ചത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ്. വൈറ്റില മേൽപ്പാലത്തിന്റേത് ദേശിയപാത പൊതുമരാമത്ത് വിഭാഗവും. ഉദ്ഘാടനത്തിന്റെ ഭാഗമായി രണ്ടു മേൽപ്പാലങ്ങളും മുന്നു ദിവസം ദീപാലാങ്കരാത്തോടെ മോടിപിടിപ്പിച്ചിരുന്നു. ഉദ്ഘാടനം പ്രഖ്യാപിക്കുന്നതിനു മുൻപ് മേൽപ്പാലം ചിലർ തുറന്നുകൊടുത്തതും വലിയ വിവാദമായി. ഇത്രയും ആർഭാടം വേണോ? കാൽനൂറ്റാണ്ടു മുൻപ് പൂർത്തിയാക്കാവുന്ന രൂപകൽപ്പനയാണ് വൈറ്റില മേൽപ്പാലത്തിന്റേത്. മേൽപ്പാലം തുറന്നിട്ടും തീരാത്ത ഗതാഗതക്കുരുക്കുതന്നെ ഇതിനു സാക്ഷ്യം. കാലത്തിന് അനുയോജ്യമല്ലാത്ത പാലം പണിതിട്ട് ഉദ്ഘാടനത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച ആർഭാടം സർക്കാർ ഒഴിവാക്കണമായിരുന്നു. -എം.കെ. ഹരിദാസ്, വിവരാവകാശ പ്രവർത്തകൻ Content Highlights: 5.53 lakh spent for the inauguration of Vyttila, Kundannur flyovers
from mathrubhumi.latestnews.rssfeed https://ift.tt/3uAZs78
via
IFTTT