ഹൈദരാബാദ്: മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെ മകൾ സുരഭി വാണിദേവി തെലങ്കാനയിലെ ഗ്രാജ്വേറ്റ് മണ്ഡലത്തിൽനിന്നു മത്സരിക്കും. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവാണ് പാർട്ടി ടിക്കറ്റ് നൽകിയത്. ബി.ജെ.പി.യിലെ മുതിർന്ന നേതാവായ എൻ. രാമചന്ദ്ര റാവുവാണ് ഹൈദരാബാദ്-രംഗാ റെഡ്ഡി-മെഹബൂബ്നഗർ മേഖലയിൽ നിന്നുള്ള സിറ്റിങ് എം.എൽ.സി. മുൻ എം.എൽ.സി.യും മുതിർന്ന മാധ്യമ പ്രവർത്തകനുമായ പ്രൊഫ. കെ. നാഗേശ്വർ സ്വതന്ത്ര സ്ഥാനാർഥിയാണ്. മുൻമന്ത്രി ജി. ചിന്ന റെഡ്ഡിയാണ് കോൺഗ്രസ് സ്ഥാനാർഥി. ബി.ജെ.പി. സ്ഥാനാർഥി രാമചന്ദർ റാവു മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച സീറ്റാണിത്. പി.വി. നരസിംഹറാവുവിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി ടി.ആർ.എസ്. പാർട്ടി ടിക്കറ്റ് നൽകുകയായിരുന്നു. പി.വി. നരസിംഹറാവുവിന്റെ ജന്മശതാബ്ദി അനുയോജ്യമായ രീതിയിൽ ആഘോഷിക്കാനും അദ്ദേഹത്തിന്റെ പേരിൽ ഹൈദരാബാദിൽ സ്മാരകം നിർമിക്കാനും നടപടികളെടുത്തിരുന്നു. ഇതിനിടയിലാണ് ചിത്രകാരിയും വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകയുമായ സുരഭി വാണിദേവിക്ക് എം.എൽ.സി. സീറ്റു നൽകാനുള്ള തീരുമാനം. വാണിദേവി പത്രിക സമർപ്പിച്ചു. മാർച്ച് 14-നാണ് തിരഞ്ഞെടുപ്പ്. 68-കാരിയായ സുരഭി വാണിദേവി ശ്രീ വെങ്കിടേശ്വര ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക പ്രിൻസിപ്പൽ കൂടിയാണ്. മുൻ പ്രധാനമന്ത്രി നരസിംഹറാവുവിനോടൊപ്പം വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ബിരുദധാരികൾ വോട്ടുചെയ്യുന്ന മണ്ഡലത്തിൽ ബി.ജെ.പി.യും കോൺഗ്രസും മികച്ച സ്ഥാനാർഥികളെയാണ് നിർത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/3smD0Nj
via
IFTTT