വൈഷ്ണവ്, അരുൺ അരൂർ/കോലഞ്ചേരി: കളിച്ചുകൊണ്ടിരിക്കെ വീട്ടിനകത്തെ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പതിനൊന്നുകാരൻ മരിച്ചു. മറ്റൊരു സംഭവത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങി ഒമ്പതു വയസ്സുകാരനും മരിച്ചു. അരൂക്കുറ്റി ഒമ്പതാം വാർഡിൽ കാവുകാട്ട് വിപിൻദാസിന്റേയും ബീനയുടേയും മൂത്തമകൻ വൈഷ്ണവ് ആണ് ഊഞ്ഞാലിൽ കുരുങ്ങി മരിച്ചത്. നദുവത്ത്നഗർ എൻ.ഐ. യു.പി.എസ്. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു. കോലഞ്ചേരി കുറിഞ്ഞി വട്ടേക്കാട്ട് കോളനിയിൽ ജോൺസന്റെയും സുമയുടെയും മകൻ അരുൺ (9) ആണ് ഷാളിൽ കുരുങ്ങി മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് വൈഷ്ണവ് ഊഞ്ഞാലിൽ കുരുങ്ങിയത്. ഊഞ്ഞാലിലിരുന്ന് കളിക്കുകയും ടി.വി. കാണുകയും ചെയ്യുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ കഴുത്ത് കയറിൽ കുരുങ്ങിപ്പോവുകയായിരുന്നു. കൂട്ടുകാർ വന്ന് നോക്കുമ്പോഴാണ് ഊഞ്ഞാലിൽ കുരുങ്ങിയനിലയിൽ കണ്ടത്. അരൂരിലെയും പിന്നീട് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിച്ചു. അനുജൻ ആദിത്യൻ. കുറിഞ്ഞി ഗവ. എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ഷാൾ കുരുങ്ങി മരിച്ച അരുൺ. ശ്വാസംമുട്ടിയതിനെ തുടർന്ന് കുഴഞ്ഞുവീണ കുട്ടിയെ വടവുകോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.50-ഓടെയാണ് സംഭവം. ജോൺസൺ-സുമ ദമ്പതിമാരുടെ നാല് കുട്ടികളിൽ മൂന്നാമത്തെ കുട്ടിയാണ് അരുൺ. സംഭവസമയം അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നു. സുഖമില്ലാത്ത അച്ഛനും സഹോദരങ്ങളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3sJOuL9
via
IFTTT