Breaking

Saturday, February 27, 2021

കാറിന്റെ പഞ്ചറായ ടയർ ഒറ്റയ്ക്ക് മാറ്റിയിട്ട് മൈസൂരു ഡെപ്യൂട്ടി കമ്മിഷണര്‍ രോഹിണി

മൈസൂരു:ഐ.എ.എസ്. പദവി വഹിക്കുന്ന വനിത കാറിന്റെ അറ്റകുറ്റപ്പണി നടത്തിയെന്നു പറഞ്ഞാൽ പലരും വിശ്വസിക്കില്ല. എന്നാൽ, എസ്.യു.വി.യുടെ പഞ്ചറായ ടയർ സ്വന്തമായി മാറ്റി ശ്രദ്ധനേടിയിരിക്കുകയാണ് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ (ഡി.സി.) രോഹിണി സിന്ദൂരി. ഇതിന്റെ ദൃശ്യങ്ങൾ വെള്ളിയാഴ്ച സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. എവിടെനിന്നാണ് ഈ ദൃശ്യം പകർത്തിയതെന്ന് വ്യക്തമല്ല. ഒരു മാളിന്റെ പാർക്കിങ് ഏരിയയോട് സാദൃശ്യമുള്ള സ്ഥലമാണെന്ന് വീഡിയോയിൽ കാണാം. അവധിദിവസം പുറത്തുപോകുന്നവേളയിൽ ധരിക്കുന്നതരത്തിലുള്ള സാധാരണ ചുരിദാറാണ് രോഹിണിയുടെ വേഷം. രോഹിണി ടയർ മാറ്റാൻവേണ്ടി ജാക്കി ഉപയോഗിച്ച് വാഹനം ഉയർത്തവേ ഒരാൾ അടുത്തുവന്ന് 'മാഡം, നിങ്ങൾ ഡി.സി. രോഹിണി സിന്ദൂരിയാണോ' എന്ന് ചോദിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, തുടക്കത്തിൽ രോഹിണി പ്രതികരിച്ചില്ല. എന്നാൽ, അയാൾ വീണ്ടും രോഹിണി സിന്ദൂരിയാണോയെന്നും പഞ്ചർ മാറുകയാണോയെന്നും ചോദിച്ചപ്പോൾ രോഹിണി അയാളുടെ നേരെ നോക്കുകയും പുഞ്ചിരിക്കുകയും ചെയ്തു. ഇതിനുശേഷം വീണ്ടും തന്റെ പ്രവൃത്തി തുടർന്നു. സാധാരണഗതിയിൽ അവധി ദിവസങ്ങളിൽപ്പോലും ഔദ്യോഗിക ഡ്രൈവർ ഓടിക്കുന്ന സർക്കാർ വാഹനങ്ങളിലാണ് ഭൂരിഭാഗം ഐ.എ.എസ്. ഉദ്യോഗസ്ഥരും സഞ്ചരിക്കുക. വാഹനം പഞ്ചറായാൽ മറ്റൊന്ന് എത്തിക്കാനും അവർ ആവശ്യപ്പെടും. പഞ്ചറായ കാർ അവിടെ ഉപേക്ഷിച്ച് മറ്റൊരു വാഹനം തന്റെ ജീവനക്കാർ വഴി എത്തിക്കാൻ രോഹിണിക്ക് സാധിക്കുമായിരുന്നു. എന്നാൽ, ജില്ലാ ഭരണാധികാരിയായ രോഹിണി മറ്റാരുടെയും സഹായം തേടാതെ പഞ്ചറായ ടയർ ഒറ്റയ്ക്ക് മാറ്റിയിടുകയായിരുന്നു. ഇതിനിടെ തന്നോട് സംസാരിച്ച ആളോട് വളരെ സൗഹാർദപരമായി പുഞ്ചിരിച്ചുകൊണ്ടാണ് ഈ യുവ ഐ.എ.എസ്. ഉദ്യോഗസ്ഥ പ്രതികരിച്ചതും. സംഭവത്തിൽ മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ 'അതേക്കുറിച്ച് ഒന്നും പറയാനില്ല' എന്നായിരുന്നു രോഹിണിയുടെ മറുപടി.


from mathrubhumi.latestnews.rssfeed https://ift.tt/3dSdlYW
via IFTTT