ചെന്നൈ : ചെപ്പോക്ക്-തിരുവള്ളിക്കേണി മണ്ഡലത്തിൽ താരങ്ങൾ തമ്മിലുള്ള മത്സരത്തിന് കളമൊരുങ്ങുന്നു. ഡി.എം.കെ.യ്ക്കുവേണ്ടി പാർട്ടി യുവജനവിഭാഗം നേതാവും നടനുമായ ഉദയനിധി സ്റ്റാലിനും ബി.ജെ.പി.ക്കുവേണ്ടി എ.ഐ.എ.ഡി.എം.കെ. സഖ്യത്തിൽ നടി ഖുശ്ബുവും മത്സരിക്കാനാണ് സാധ്യത. സഖ്യത്തിൽ സീറ്റുവിഭജനം പൂർത്തിയായിട്ടില്ലെങ്കിലും ഖുശ്ബു പ്രചാരണം തുടങ്ങി. ചെപ്പോക്കിൽ സ്ഥാനാർഥിയാകാൻ ഉദയനിധി ഡി.എം.കെ. നേതൃത്വത്തിന് അപേക്ഷ സമർപ്പിച്ചു. പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ അനുയായികൾക്കൊപ്പമെത്തിയാണ് ഉദയനിധി അപേക്ഷ സമർപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം പ്രചാരണം നടത്തിയാണ് ഉദയനിധി പാർട്ടിയുടെ നേതൃനിരയിലെത്തിയത്. ലോക്സഭാതിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യം നേടിയ വൻ വിജയത്തിന് ഉദയനിധിയുടെ പ്രചാരണം സഹായിച്ചെന്ന് വിലയിരുത്തിയാണ് അദ്ദേഹത്തിന് യുവജനവിഭാഗം സെക്രട്ടറിസ്ഥാനം നൽകിയത്. കരുണാനിധി മൂന്നുതവണ വിജയിച്ച ചെപ്പോക്കിൽനിന്ന് ഉദയനിധി ജനവിധി തേടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സ്ഥാനാർഥിയാകുന്നതിനായി പാർട്ടിക്ക് അപേക്ഷ നൽകിയ സാഹചര്യത്തിൽ സ്ഥാനാർഥിത്വം മിക്കവാറും ഉറപ്പിച്ചിരിക്കുകയാണ്. ഡി.എം.കെ.യിലായിരുന്ന ഖുശ്ബു 2014-ൽ കോൺഗ്രസിൽ ചേരുകയും കഴിഞ്ഞവർഷം കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തുകയുമായിരുന്നു. അടുത്തിടെ ചെപ്പോക്കിൽ ഖുശ്ബുവിന്റെ നേതൃത്വത്തിൽ റാലിയും സംഘടിപ്പിച്ചിരുന്നു. Content Highlights:Udhayanidhi Stalin and Kushboo contest in chepauk
from mathrubhumi.latestnews.rssfeed https://ift.tt/3pRjgzP
via
IFTTT