Breaking

Thursday, February 25, 2021

80 കോടിയുടെ വൈദ്യുതിബിൽ കണ്ട് ഷോക്കടിച്ച എൺപതുകാരൻ ആശുപത്രിയിൽ

മുംബൈ: 80 കോടി രൂപയുടെ വൈദ്യുതിബിൽ കണ്ടു ഞെട്ടിപ്പോയ എൺപതുകാരൻ രക്തസമ്മർദം ഉയർന്നതിനെത്തുടർന്ന് ആശുപത്രിയിലായി. വസായിക്കടുത്ത് നല്ലസൊപ്പാരയിൽ അരിയും ഗോതമ്പും പൊടിക്കുന്ന മിൽ നടത്തുന്ന ഗണപത് നായിക്കിനാണ് 80 കോടിയുടെ വൈദ്യുതി ബിൽ ലഭിച്ചത്. മില്ലിലെ വൈദ്യുതി ബിൽ തുക കണ്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് നായിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നല്ലസൊപ്പാരയിൽ തന്നെ കൊമേഴ്സ് പ്രൊഫസറായ പ്രതിഭാ നായിക്കിനും 80 കോടിയുടെ ബിൽ ലഭിച്ചു. അവരുപയോഗിച്ച വൈദ്യുതി യൂണിറ്റ് 1,07,784.75 ആണ്. എന്നാൽ, ബില്ലിൽ രേഖപ്പെടുത്തിയത് 10,77,85,075 യൂണിറ്റാണ്. അവർ പരാതിപ്പെട്ടതിനെത്തുടർന്ന് ബിൽ തുക 86,890 ആയി കുറച്ചു. ബിൽ തുകയടച്ചശേഷം പരാതിപ്പെടാനാണ് വൈദ്യുതിവിതരണ കമ്പനി തന്നോട് ആവശ്യപ്പെട്ടതെന്ന് അവർ പറഞ്ഞു. ശരിയായ മീറ്റർ റിഡീങ് എടുക്കണമെന്ന് താൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ബില്ലിൽ പാകപ്പിഴയുണ്ടെന്ന് കണ്ടെത്തിയതെന്ന് അവർ പറഞ്ഞു. നായിക്കിന് നൽകിയ ബില്ലിൽ പിഴവ് സംഭവിച്ചതായി മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി വിതരണക്കമ്പനി അറിയിച്ചു. മീറ്റർ റീഡിങ് ഏജൻസിയുടെ ഭാഗത്തുനിന്ന് വന്ന തെറ്റാണിതെന്നും കമ്പനി വിശദീകരിച്ചു. വൈദ്യുതി വിതരണ കമ്പനിയിൽനിന്ന് 80 കോടി ബിൽ വരുന്നത് ഇതാദ്യമല്ല. കഴിഞ്ഞവർഷം മേയിൽ ലോക്ഡൗൺ കാലത്ത് പുണെയിലെ ഭോസരി -ഇന്ദ്രായനി നഗറിൽ ചെറുകിട ഫാക്ടറി നടത്തുന്ന മലയാളി ബാബുജോണിനും 80 കോടിയുടെ ബിൽ ലഭിച്ചിരുന്നു. അദ്ദേഹം പരാതിപ്പെട്ടതിനെത്തുടർന്ന് ബിൽതുക 85,000 ആയി കുറച്ചുനൽകി. Content Highlights:80-Year-Old Man Lands In Hospital After Getting Rs 80 Crore Electricity Bill


from mathrubhumi.latestnews.rssfeed https://ift.tt/2NuA2HW
via IFTTT