Breaking

Friday, February 26, 2021

കരുതിയിരിക്കുക, കേരളം ചൂടിലേക്ക്; സുരക്ഷാ മുന്നറിയിപ്പുമായി ദുരന്തനിവാരണസമിതി

കാസർകോട്: സംസ്ഥാനത്തെ അന്തരീക്ഷതാപനില വർധിക്കുന്നു. 35-37 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്ത് നിലവിലെ ഉയർന്ന ശരാശരി താപനില. ഈ മാസം അഞ്ചുദിവസങ്ങളിൽ രാജ്യത്ത് ഏറ്റവുംകൂടുതൽ ചൂട് അനുഭവപ്പെട്ടത് സംസ്ഥാനത്തായിരുന്നു. കോട്ടയം, കണ്ണൂർ, പുനലൂർ, ആലപ്പുഴ മേഖലകളിലാണ് രാജ്യത്തെ ഉയർന്ന താപനില രേഖപ്പെടുത്തിയത്. 23-ന് രാജ്യത്ത് കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ് (37 ഡിഗ്രി സെൽഷ്യസ്). 20-ന് കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു ഉയർന്ന താപനില (36). 14-ന് പുനലൂർ (35.5), 11-ന് കോട്ടയം (36), 10-ന് ആലപ്പുഴ (35.2) എന്നിവിടങ്ങളിലാണ് രാജ്യത്തെ ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണസമിതി സുരക്ഷാമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജനങ്ങൾ 11 മുതൽ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം, നിർജലീകരണം തടയാൻ കുടിവെള്ളം കരുതണം, പരമാവധി ശുദ്ധജലം കുടിക്കുക, ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നതു തുടരുക, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽസമയത്ത് ഒഴിവാക്കുക, നട്ടുച്ചയ്ക്ക് പാചകത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക, പുറത്തേക്കിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക, അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തിവസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ നിർദേശങ്ങളാണു പുറപ്പെടുവിച്ചിരിക്കുന്നത്. Content Highlights;Hot days ahead for Kerala this time


from mathrubhumi.latestnews.rssfeed https://ift.tt/3aW4u6I
via IFTTT