Breaking

Sunday, February 28, 2021

കള്ളവോട്ടിന്‌ ഒത്താശവേണ്ട; ഉദ്യോഗസ്ഥരോട് തിര.കമ്മിഷൻ ‘മിണ്ടാപ്രാണികളാവരുത്‌ ’

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കടുത്ത നടപടികളിലേക്ക്. കള്ളവോട്ട് തടയാൻ എല്ലാ ക്രമീകരണവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ പറഞ്ഞു. ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കണമെന്നും ബൂത്തുകളിൽ മിണ്ടാപ്രാണിയെപ്പോലിരുന്ന് കള്ളവോട്ടിന് ഒത്താശ ചെയ്യരുതെന്നുമാണ് ഉദ്യോഗസ്ഥർക്ക് മീണയുടെ നിർദേശം.ഒത്താശചെയ്യുന്നവർക്കെതിരേ സസ്പെൻഷനും മറ്റു നിയമ നടപടികളുമെടുക്കും. നന്നായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പുസമയത്തും ശേഷവും സംരക്ഷണമുണ്ടാകും. കള്ളവോട്ട് തടഞ്ഞ ഉദ്യോഗസ്ഥർക്കു ഭീഷണിയുണ്ടെന്നു പരാതി കിട്ടിയാൽ നടപടിയെടുക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികാര നടപടിയുണ്ടായാലും പരാതി നൽകാം -മീണ പറഞ്ഞു.പ്രശ്നബാധിത ബൂത്തുകളിലും പ്രശ്നസാധ്യതയുള്ളതും മാവോവാദി സ്വാധീനമുള്ളതുമായ മേഖലകളിലെ ബൂത്തുകളിലും കേരള പോലീസിനെ ഒഴിവാക്കി പൂർണമായി കേന്ദ്രസേനയെ നിയോഗിക്കും. കേരള പോലീസിന് ബൂത്തിനു പുറത്തായിരിക്കും സുരക്ഷാ ചുമതല. ബാക്കിയുള്ള ബൂത്തുകളിൽ ഇടകലർത്തിയാകും കേന്ദ്രസേനയെയും പോലീസിനെയും നിയോഗിക്കുക. ബൂത്തിന്റെ കവാടത്തിന്റെ നിയന്ത്രണം കേന്ദ്രസേനയ്ക്കാകുന്നതോടെ, കള്ളവോട്ട് പൂർണമായി തടയാൻ കഴിയുമെന്നാണു കരുതുന്നത്. കവാടത്തിൽ ഒരു ഹോംഗാർഡിനെക്കൂടി നിയോഗിക്കുന്നത് പരിഗണനയിലാണെങ്കിലും കേരള പോലീസ് ഉണ്ടാകില്ല. 50 ശതമാനം ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തും. 30 കമ്പനി കേന്ദ്രസേനയെത്തി30 കമ്പനി കേന്ദ്രസേന സംസ്ഥാനത്തെത്തി. 150 കമ്പനിയാണ് ആവശ്യപ്പെട്ടത്. ഇപ്പോഴെത്തിയതിൽ ബി.എസ്.എഫ്.-15, ഐ.ടി.ബി.പി., എസ്.എസ്.ബി., സി.ഐ.എസ്.എഫ്.-അഞ്ചുവീതം എന്നിങ്ങനെയാണ്. ബി.എസ്.എഫിനെ കോഴിക്കോട് സിറ്റി, മലപ്പുറം, തൃശ്ശൂർ സിറ്റി, കണ്ണൂർ, കാസർകോട് എന്നിങ്ങനെയാണു വിന്യസിച്ചത്. ഐ.ടി.ബി.പി.യെ കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം സിറ്റി-റൂറൽ, എസ്.എസ്.ബി.യെ കൊച്ചി സിറ്റി, തൃശ്ശൂർ റൂറൽ, പാലക്കാട്, കൊച്ചി സിറ്റി, സി.എസ്.ഐ.ബി.യെ തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി റൂറൽ എന്നിവിടങ്ങളിലാണു വിന്യസിച്ചത്. ഒരു കമ്പനിയിൽ 90 പേരാണെങ്കിലും 72 പേരെയാണു വിന്യസിക്കുന്നത്. ആയുധങ്ങൾക്കൊപ്പം കട്ടിൽമുതൽ അരിവരെഒഡിഷ, ഛത്തീസ്ഗഢ്‌ എന്നിവിടങ്ങളിൽനിന്നുള്ള നാലു കമ്പനി ബി.എസ്.എഫ്. സംഘം പ്രത്യേകതീവണ്ടിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് കണ്ണൂർ റെയിൽവേസ്റ്റേഷനിലെത്തി. രണ്ടു കമ്പനി കാസർകോട്ടേക്കു പോകുമെന്ന് കമാൻഡന്റ് ബി.കെ. സിങ് പറഞ്ഞു. അരി, പലവ്യഞ്ജനം, പാചകവാതക സിലിൻഡർ, കട്ടിൽ, കസേര എന്നിവയൊക്കെയുമായാണ് എത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/37Qx9YI
via IFTTT