Breaking

Sunday, February 14, 2021

ആറന്മുളയില്‍ വീണയ്‌ക്കെതിരെ സ്‌റ്റെല്ല തോമസോ അനീഷോ? ബിജെപിക്കായി അശോകന്‍ കുളനട

പത്തനംതിട്ട: മാധ്യമപ്രവർത്തന മേഖലയിൽനിന്നും രാഷ്ട്രീയത്തിലേക്കിറങ്ങി, കന്നി മത്സരത്തിൽ തന്നെ വിജയക്കൊടി പാറിച്ച് യുഡിഎഫിനെ ഞെട്ടിച്ച നേതാവാണ് വീണ ജോർജ്. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവും സിറ്റിങ് എം.എൽ.എ.യുമായിരുന്ന കെ. ശിവദാസൻ നായരെ മലയർത്തിയടിച്ചാണ് ഇടതുമുന്നണി സ്ഥാനാർഥിയായ വീണ ജോർജ് ആറന്മുളയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 7646 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. അഞ്ച് വർഷങ്ങൾക്കിപ്പുറം വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾവീണ ജോർജ് തന്നെയാകും ഇടതിനായി കളത്തിലിറങ്ങുക. ഇടത് വോട്ടുകൾക്കൊപ്പം ഓർത്തഡോക്സ് വോട്ടുകളും ഏകീകരിക്കപ്പെട്ടതാണ് കഴിഞ്ഞ തവണ വീണയുടെ വിജയത്തിൽ നിർണയാകമായത്. ഇത്തവണയും അത് ആവർത്തിക്കുമെന്ന് ഇടതുപക്ഷം കണക്കുകൂട്ടുന്നു. പക്ഷേ ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളുടെ ഭിന്നത രൂക്ഷമായതും ഓർത്തഡോക്സ് വിഭാഗം സർക്കാരിനോട് ഇടഞ്ഞുനിൽക്കുന്നതുംഎങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. മറുവശത്ത് യാക്കോബായ പക്ഷം ഇടതുപക്ഷത്തെ പിന്തുണക്കുന്നു. വീണയെ നേരിടാൻ മുതിർന്ന കോൺഗ്രസ് നേതാക്കളും വനിതാ നേതാക്കളുമാണ് യു.ഡി.എഫിന്റെ സാധ്യത പട്ടികയിലുള്ളത്. മുൻ എം.എൽ.എയായ ശിവദാസൻ നായർ, പി. മോഹൻരാജ്, മഹിളാ കോൺഗ്രസ് നേതാവ് സ്റ്റെല്ലാ തോമസ്, കെപിസിസി ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, പഴകുളം മധു തുടങ്ങിയവരെയാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. വീണാ ജോർജിനെ നേരിടാൻ ഒരു വനിതാ നേതാവിനെ തന്നെ രംഗത്തിറക്കാൻ തീരുമാനിച്ചാൽ ഇതിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി സ്റ്റെല്ലാ തോമസിന് നറുക്കുവീഴും. സ്റ്റെല്ലയുടെ പേര് തിരുവല്ല, റാന്നി സീറ്റുകളിലും പരിഗണിക്കപ്പെടുന്നുണ്ട്. ജോസഫ് ഗ്രൂപ്പിന് നൽകുന്ന സീറ്റിൽ തീരുമാനമായാലെ ഇതിൽവ്യക്തത വരൂ യുവാക്കൾക്കിടയിൽ സ്വാധീനമുള്ള അനീഷ് വരിക്കണ്ണാമലയുടെ പേരും സ്ഥാനാർഥികളുടെ പട്ടികയിൽ ചർച്ചയിലുണ്ട്. യുവനേതാവെന്ന നിലയിൽ ഏറെ സജീവമായി ഇടപെടുന്ന അനീഷിനും ഒരുപക്ഷേ ആറന്മുളയിൽ അവസരം ലഭിച്ചേക്കും. കോന്നി ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന പി. മോഹൻരാജിന്റെ പേരും മുൻ എം.എൽ.എ. ശിവദാസൻ നായരുടെ പേരും സാധ്യത പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ബി.ജെ.പി. സ്ഥാനാർഥിയായി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട മത്സരിക്കാനാണ് സാധ്യത. നേരത്തെ കുളനട പഞ്ചായത്ത് പ്രസിഡന്റായിരുന്ന അശോകൻ കുളനട, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചിരുന്നു. 2016-ൽ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എം.ടി. രമേശായിരുന്നു ബി.ജെ.പി. സ്ഥാനാർഥിയായി ആറന്മുളയിൽ മത്സരിച്ചത്. Content Highlights:aranmula assembly constituency


from mathrubhumi.latestnews.rssfeed https://ift.tt/3qjlXex
via IFTTT