Breaking

Friday, February 26, 2021

സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ല; കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു

കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് പോലീസ് തടഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാതെ ടോൾ പിരിവ് നടത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് പോലീസ് ടോൾ പിരിവ് തടഞ്ഞത്. കുരീപ്പുഴയിലെ ടോൾ പ്ലാസ രാവിലെ എട്ടുമണിമുതൽ പ്രവർത്തിച്ചുതുടങ്ങുമെന്നാണ് കരാർ കമ്പനി അധികൃതർ വാട്സാപ്പ് സന്ദേശത്തിലൂടെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നത്. ടോൾപിരിവിന് അനുമതിനൽകിക്കൊണ്ട് കേന്ദ്ര ഉത്തരവ് ജനുവരി ആദ്യം ഇറങ്ങിയിരുന്നു. ജനുവരി 16-ന് ടോൾ പിരിവ് തുടങ്ങുമെന്ന അറിയിപ്പും വന്നു. പ്രാദേശിക എതിർപ്പും ക്രമസമാധാനപ്രശ്നം ഉന്നയിച്ച് ജില്ലാ ഭരണകൂടമുയർത്തിയ വിയോജിപ്പും മൂലം ഇത്മാറ്റുകയായിരുന്നു. എന്നാൽ ദേശീയപാതാവിഭാഗം പ്രോജക്ട് ഡയറക്ടർ വാട്സാപ്പിലൂടെ കളക്ടർക്ക് സന്ദേശം അയച്ചുകൊണ്ട് ഏകപക്ഷീയമായി ടോൾ പിരിവ് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. കുരീപ്പുഴയിലെ ടോൾപ്ലാസയിൽ പിരിവിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടോൾ പിരിവ് തുടങ്ങുന്ന പശ്ചാത്തലത്തിൽ രാവിലെ എട്ടുമുതൽ യുവജന സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അതിനുമുമ്പ് തന്നെ സംഘർഷമൊഴിവാക്കാൻ സംഭവസ്ഥലത്തെത്തിയ പോലീസ് ടോൾ പിരിവ് നടത്താനാവില്ലെന്ന് കമ്പനിയെ അറിയിച്ചു. എന്നാൽ അധികൃതർ നിലപാടിലുറച്ച് നിന്നതോടെ പോലീസ് ബലം പ്രയോഗിച്ച് ടോൾ ബൂത്തുകൾ പൂട്ടുകയും കമ്പനി അധികതൃതരെ മടക്കി അയയ്ക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ അനുമതിലഭിച്ചാലേ ടോൾ പ്ലാസ തുറക്കാനാകൂവെന്ന് ജില്ലാ ഭരണകൂടം മറുപടി നൽകിയതായാണ് വിവരം. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ആവശ്യമില്ലെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി. പോലീസിനും ഇതുസംബന്ധിച്ച അറിയിപ്പു ലഭിച്ചിരുന്നില്ല. ആറുവരിപ്പാത പൂർത്തിയായാലേ ബൈപ്പാസ് നിർമാണം മുഴുവനാകൂ. അതിനാൽ നിർമാണം പൂർത്തിയാകുന്നതിനുമുൻപ് ടോൾ പിരിക്കുന്നതിന് നീതീകരണമില്ലെന്ന് അഭിപ്രായമുയർന്നിരുന്നു. നൂറുകോടിക്കുമുകളിൽ നിർമാണച്ചെലവു വരുന്നയിടങ്ങളിൽ ടോൾ ഏർപ്പെടുത്തുക എന്നതാണ് കേന്ദ്രനയം. 352 കോടിയാണ് കൊല്ലം ബൈപ്പാസിന്റെ നിർമാണച്ചെലവ്. ഈ തുക ടോൾ പിരിച്ചുനൽകണമെന്ന് കേന്ദ്രം, സംസ്ഥാന സർക്കാരുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ബൈപ്പാസിലെ ടോൾ പിരിവ് ഒഴിവാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പലതവണ അദ്ദേഹം കേന്ദ്രത്തിന് കത്ത് അയച്ചിട്ടുളളതുമാണ്. ആറുവരിപ്പാത പൂർത്തിയാകുംവരെ ടോൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി ചെയർമാന് മന്ത്രി കത്തുനൽകിയിരുന്നു. ടോൾ പിരിക്കാനുള്ള തീരുമാനം നീട്ടിവയ്ക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3bHCTFq
via IFTTT