പയ്യോളി : വഴിതെറ്റി പറശ്ശിനിക്കടവിലെത്തിയ യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ബസ് കണ്ടക്ടർമാരെ പോലീസ് അറസ്റ്റുചെയ്തു. പട്ടുവം പറപ്പൂലിലെ രൂപേഷ് (21), കണ്ണൂർ കക്കാട് മിഥുൻ (30) എന്നിവരെയാണ് തളിപറമ്പ് പോലീസ് പിടികൂടിയത്. പോലീസ് പറയുന്നത് ഇങ്ങനെ: വടകര സ്വദേശിനിയായ 26 കാരിയാണ് പീഡനത്തിനിരയായത്. 22-ന് വൈകീട്ട് യുവതിയെ കാണാതായിരുന്നു. 24-വരെ യുവതി എവിടെയായിരുന്നു വെന്നതിനെപറ്റി വിവരം കിട്ടിയിട്ടില്ല. 24-ന് സന്ധ്യയോടെ കണ്ണൂരിൽ നിന്നു പുറപ്പെടുന്ന ബസിൽ യുവതി കയറിയിരുന്നു. പറശ്ശിനിക്കടവിലേക്കുള്ള അവസാന ട്രിപ്പായിരുന്നു ഇത്. അവിടെ നിന്നാണ് രൂപേഷ് യുവതിയെ ലോഡ്ജിലെത്തിച്ചത്. മറ്റൊരു കണ്ടക്ടറായ മിഥുനെയും വിളിച്ചു. ഇതിനിടയിൽ യുവതി ബഹളംവെച്ചതോടെ ലോഡ്ജിൽനിന്ന് രാത്രി ഇറങ്ങി യുവതിയെ ടൗണിൽ കൊണ്ടുവിട്ടു. എന്നാൽ, അവിടെനിന്ന് നടന്ന് പെട്രോൾ പമ്പിലെത്തിയ യുവതി ബസിൽ കയറിയിരുന്നു. ഈ സമയത്ത് യുവതിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. പിന്നീട് യുവതിയെ പയ്യോളി പോലീസ് വീഡിയോകോൾ ചെയ്തപ്പോൾ കണ്ടദ്യശ്യത്തിൽ പറശ്ശിനിക്കടവിലെ പെട്രോൾ പമ്പാണെന്ന് പോലീസിന് മനസ്സിലായി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പയ്യോളിയിലേക്ക് സ്ഥലംമാറിവന്ന കണ്ണൂർ സ്വദേശികളായ സി.ഐ. കെ. കൃഷ്ണനും എസ്.ഐ. വി.ആർ. വിനേഷും ഈ വിവരം തളിപ്പറമ്പ് എസ്.ഐ. എ.കെ. സജീഷിനെ അറിയിച്ചു. രാത്രിതന്നെ തളിപ്പറമ്പ് പോലീസ് പമ്പിന് സമീപം നിർത്തിയിട്ട ബസുകളിൽ കയറി പരിശോധന നടത്തി. അപ്പോഴാണ് ബസിൽ യുവതിയെ കണ്ടെത്തിയത്. ഉടൻ പോലീസ് പ്രതികളെയും പിടികൂടി. വടകര ഡിവൈ.എസ്.പി. മൂസ വള്ളിക്കാടനാണ് കേസ് അന്വേഷിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3aXQE3y
via
IFTTT