Breaking

Friday, February 26, 2021

ഭാര്യ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്- ബോംബെ ഹൈക്കോടതി

മുംബൈ: വിവാഹം എന്നത് സമത്വത്തെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തമാണെന്നും ഭാര്യ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന് പ്രതീക്ഷിക്കരുതെന്നും ബോംബെ ഹൈക്കോടതി. ചായ തയ്യാറാക്കാൻ വിസമ്മതിച്ചതിന് ഭാര്യയെ ചുറ്റികകൊണ്ട് അടിച്ചുകൊന്നയാളുടെ ശിക്ഷ ശരിവെച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ഭാര്യ ഒരു സ്വകാര്യവസ്തുവല്ല. സമത്വം അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തമാണ് ദാമ്പത്യം. പലപ്പോഴും അതിൽനിന്ന് വളരെ അകലെയാണ്. ഇതുപോലുള്ള കേസുകൾ അസാധാരണമല്ല. അത്തരം കേസുകൾ പുരുഷാധിപത്യത്തിന്റെ അസന്തുലിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ജസ്റ്റിസ് രേവതി മോഹിത് ദേരെ പ്രസ്താവിച്ചു. ലിംഗഭേദങ്ങളുടെ അസന്തുലിതാവസ്ഥ നിലവിലുണ്ട്. വീട്ടമ്മയെന്ന നിലയിൽ ഭാര്യ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന് പുരുഷൻ പ്രതീക്ഷിക്കുന്ന സ്ഥിതി ഉണ്ടെന്നും ജസ്റ്റിസ് രേവതി മോഹിത് ദേര പറഞ്ഞു. 2013-ലാണ് രാവിലെ ചായ നൽകിയില്ലെന്ന് പറഞ്ഞ് പ്രതിയായ സന്തോഷ് അൽക്കർ (35) ഭാര്യയെ കൊന്ന സംഭവം നടന്നത്. തെളിവ് നശിപ്പിക്കാനായി പ്രതി തറ വൃത്തിയാക്കുകയും ഭാര്യയെ കുളിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിനെല്ലാം സാക്ഷിയായ ദമ്പതിമാരുടെ ആറുവയസുകാരിയായ മകൾ നടന്ന സംഭവങ്ങളെക്കുറിച്ച് മൊഴി നൽകിയതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. സന്തോഷ് അൽക്കർ സോലാപ്പുർ പണ്ഡാർപുർ സ്വദേശിയാണ്. ചായ കിട്ടാത്തതിൽ പ്രകോപിതനായി യാദൃച്ഛികമായി കൊല നടത്തിയതാണെന്ന് പ്രതി വാദിച്ചു. 2016-ൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാളെ കീഴ്ക്കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ നടപടിയാണ് ബോംബെ ഹൈക്കോടതി ശരിവെച്ചത്. Content Highlights:Wife as a homemaker, cannot be expected to do all the household chores, rules Bombay High Court


from mathrubhumi.latestnews.rssfeed https://ift.tt/3aZKu37
via IFTTT