Breaking

Friday, February 26, 2021

യൂറോപ്പ് കീഴടക്കാൻ നേന്ത്രപ്പഴം

വാഴക്കുളം: കടൽ കടക്കുകയാണ് നേന്ത്രപ്പഴം. ’നേന്ത്രപ്പഴം യൂറോപ്പിലേക്ക്‌’ പദ്ധതി 27-ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ്‌ കമ്പനിയിലെ പായ്ക്ക് ഹൗസിൽ നടക്കുന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും.കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് െപ്രാമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സീ ഷിപ്പ്‌മെന്റ് പ്രോട്ടോകോൾ വികസിപ്പിച്ചെടുത്താണ് കയറ്റുമതി. കേരളത്തിൽനിന്നുള്ള നേന്ത്രപ്പഴം പോഷക സമൃദ്ധമായതിനാൽ വിദേശത്ത് ഡിമാൻഡുണ്ട്. ഇപ്പോൾ നേന്ത്രപ്പഴം ഗൾഫ് രാജ്യങ്ങളിലേക്കാണ് കൂടുതലായി കയറ്റി അയയ്ക്കുന്നത്. വിമാന മാർഗമാണ് പഴവർഗങ്ങൾ അധികവും കയറ്റി അയയ്ക്കുന്നത്. എന്നാൽ, വളരെ കുറഞ്ഞ അളവിലേ കയറ്റുമതി സാധിക്കുകയുള്ളൂ. കപ്പലിൽ കയറ്റുമതി ചെയ്താൽ കൂടുതൽ ഉത്പന്നങ്ങൾ ചെലവു കുറച്ച് യൂറോപ്പിലേക്ക്‌ എത്തിക്കാൻ സാധിക്കും. നേന്ത്രക്കുലകൾ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ്‌ കമ്പനിയുടെ പായ്ക്ക് ഹൗസിൽ എത്തിച്ച് പായ്ക്ക് ഹൗസ് പരിചരണങ്ങൾ, പ്ലാന്റ് ക്വാറന്റീൻ പരിശോധന എന്നിവയ്ക്കു ശേഷം വാഴക്കുളം കമ്പനിയിലെ അപേഡ സർട്ടിഫൈഡ് പായ്ക്ക് ഹൗസിൽനിന്ന് കൊച്ചി തുറമുഖത്ത് എത്തിക്കും. ഇവിടെ നിന്ന് ലണ്ടൻ ഗേറ്റ് വേ തുറമുഖത്തേക്ക് കപ്പലിൽ അയയ്ക്കും. അവിടെ എത്തി പഴുപ്പിച്ചെടുത്ത് ഇംഗ്ലണ്ടിലും സ്കോട്ട്‌ലാൻഡിലും ഉള്ള ഉപഭോക്താക്കൾക്ക് എത്തിക്കും. കൃഷിക്കാർ നിലം ഒരുക്കുന്നതു മുതലുള്ള എല്ലാ കാർഷിക പ്രവർത്തനങ്ങളും പായ്ക്ക് ഹൗസ് പരിചരണങ്ങളും കൃത്യമായി രേഖപ്പെടുത്തി സുതാര്യമായ ട്രസിബിലിറ്റി, ക്യു.ആർ.കോഡിങ്‌ സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇതുവഴി ഉപഭോക്താക്കൾക്ക് ഉത്‌പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനാവും. നേന്ത്രക്കുലകൾ 80-85 ശതമാനം മൂപ്പിൽ വിളവെടുത്ത് കൃഷിയിടത്തിൽ െവച്ചുതന്നെ പടലകളാക്കി മുറിവുകളോ പാടുകളോ ഇല്ലാതെ പായ്ക്ക് ഹൗസിൽ എത്തിച്ചാണ് കയറ്റുമതിക്ക് ഒരുക്കുക. പായ്ക്ക് ഹൗസിൽ പ്രീ കൂളിങ്ങിനും ശുദ്ധീകരണ പ്രക്രിയകൾക്കും ശേഷം കേടുപാടുകളോ മറ്റു ക്ഷതങ്ങളോ വരുത്താതെ ഈർപ്പം മാറ്റി കാർട്ടൻ ബോക്സുകളിലാക്കി റീഫർ കണ്ടെയ്‌നറുകളിൽ താപനില ക്രമീകരിച്ച് 20-25 ദിവസം കൊണ്ട് ലണ്ടനിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിവർഷം കേരളത്തിൽനിന്ന് 2000 ടൺ നേന്ത്രപ്പഴം കടൽമാർഗം വിദേശ വിപണികളിൽ എത്തിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3kq3E5h
via IFTTT