Breaking

Sunday, February 28, 2021

ഗോഡ്‌സെയ്ക്ക് ക്ഷേത്രം പണിത ഹിന്ദുമഹാസഭാ നേതാവ് പാർട്ടിയിൽ, മധ്യപ്രദേശ് കോൺഗ്രസിൽ കലാപം

ന്യൂഡൽഹി: ഗോഡ്‌സെയ്ക്ക് അമ്പലം നിർമിച്ച ഹിന്ദുമഹാസഭാ നേതാവിനെ പാർട്ടിയിലെടുത്തതിനെച്ചൊല്ലി മധ്യപ്രദേശ് കോൺഗ്രസിൽ കലാപം. ഗ്വാളിയോർ കോർപ്പറേഷനിൽ കൗൺസിലറായിരുന്ന ബാബുലാൽ ചൗരസ്യയാണ് മുൻമുഖ്യമന്ത്രി കമൽനാഥിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം കോൺഗ്രസിൽ ചേർന്നത്. 2015-ൽ ഗ്വാളിയോറിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ചയാളാണ് ഹിന്ദുമഹാസഭ പ്രവർത്തകനായ ചൗരസ്യ. 2017-ൽ ഗോഡ്‌സെയുടെ പേരിൽ ക്ഷേത്രം നിർമിച്ചിരുന്നു. കഴിഞ്ഞവർഷവും ഗോഡ്‌സെ അനുകൂലപരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. ഹിന്ദുമഹാസഭാ നേതാക്കൾ ഗോഡ്‌സെയെക്കുറിച്ചുള്ള ചില വ്യാജപുസ്തകങ്ങൾ നൽകി തന്നെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ബാബുലാൽ ചൗരസ്യ പറയുന്നത്. എന്നാൽ, കോൺഗ്രസ് റാലിയിൽ ആളെക്കൂട്ടാൻ പണവും മറ്റു സഹായവും നൽകിയതിന്റെ പേരിൽ ചൗരസ്യയെ പുറത്താക്കുകയായിരുന്നെന്ന് ഹിന്ദുമഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജയ് വീർ ഭരദ്വാജ് പറഞ്ഞു.നേരത്തേ പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ചൗരസ്യ ഇപ്പോൾ മടങ്ങി വന്നതാണെന്ന് ഗ്വാളിയോർ കോൺഗ്രസ് എം.എൽ.എ. പ്രവീൺ പഥക്ക് ന്യായീകരിച്ചു. പക്ഷേ, ഗോഡ്‌സെ ആരാധകനെ കോൺഗ്രസിലെടുത്തതു തെറ്റാണെന്ന് മുതിർന്ന പാർട്ടി നേതാവ് മനക് അഗർവാൾ തുറന്നടിച്ചു. ‘‘ബാപ്പു, ഞങ്ങൾ ലജ്ജിക്കുന്നു. മഹാത്മാഗാന്ധി നീണാൾ വാഴട്ടെ’’ -എന്ന ട്വിറ്റർ കുറിപ്പിട്ട് മുൻ കോൺഗ്രസ് അധ്യക്ഷൻ അരുൺ യാദവും പ്രതിഷേധം പ്രകടിപ്പിച്ചു.രാജ്യത്ത് രണ്ടുതരം പ്രത്യയശാസ്ത്രമാണ് പ്രവർത്തിക്കുന്നത്. ഒന്ന് ഗാന്ധിയുടേതും മറ്റൊന്ന് ഗോഡ്‌സെയുടേതും. ഗാന്ധിഘാതകനുക്ഷേത്രം നിർമിക്കുകയും ആരാധിക്കുകയും ചെയ്തയാളെ പിന്നീട് ഗാന്ധിയൻ തത്ത്വശാസ്ത്രത്തോട് സമാനപ്പെടുത്തുന്നതു ശരിയല്ലെന്നും വ്യക്തമാക്കി അരുൺ യാദവ് വീഡിയോ സന്ദേശവും പുറത്തുവിട്ടു. മുൻമന്ത്രി സുഭാഷ് കുമാർ സൊജാത്തിയ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ പിന്തുണച്ചു. ആരാണ് ഈ ബാബുലാൽ ചൗരസ്യയെന്നായിരുന്നു മുൻമുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിന്റെ ചോദ്യം. ഗോഡ്‌സെ ആരാധകർക്കുള്ള സ്ഥലം സെൻട്രൽ ജയിലാണെന്ന് കോൺഗ്രസ് നേതാവ് ലക്ഷ്മൺ സിങ്ങും തുറന്നടിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3dSv7Ln
via IFTTT