Breaking

Saturday, February 27, 2021

സുപ്രീം കോടതി വിധി: മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയ നടപടി അടുത്തയാഴ്ച ആരംഭിക്കും

തിരുവനന്തപുരം: സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനർനിർണയ നടപടികൾ അടുത്തയാഴ്ച ആരംഭിക്കും. മാനേജ്മെന്റുകളുടെ ഇടപെടലിനെത്തുടർന്ന് തടസ്സപ്പെട്ടിരിക്കുന്ന 2017-18 മുതൽ 2020-21 അധ്യയനവർഷം വരെയുള്ള ഫീസാണ് സമിതിക്കു പുനർനിർണയിക്കേണ്ടിവരുന്നത്. മാനേജ്മെന്റുകളുടെ ഒട്ടുമിക്ക വാദങ്ങളും സുപ്രീംകോടതി നിരാകരിച്ചിട്ടുള്ളതിനാൽ നേരത്തേ നിശ്ചയിച്ച ഫീസിൽ വലിയ വർധന വരാനിടയില്ല. സമിതി നേരത്തേ നിശ്ചയിച്ച ഫീസാണ് വിദ്യാർഥികൾ നിലവിൽ നൽകിവരുന്നത്. കോടതിയുടെ തീർപ്പിനു വിധേയമായിട്ടായിരിക്കും അന്തിമ ഫീസെന്ന വ്യവസ്ഥയോടെയാണ് പ്രവേശനപരീക്ഷാ കമ്മിഷണർ പ്രവേശനം നൽകിയതും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഫീസ് നിർണയസമിതി യോഗംചേർന്ന് തുടർനടപടികൾ ആലോചിക്കുമെന്ന് അധ്യക്ഷൻ ജസ്റ്റിസ് രാജേന്ദ്രബാബു പറഞ്ഞു. കോളേജുകളിൽനിന്ന് ആവശ്യമായ രേഖകൾ വാങ്ങി പരിശോധിച്ച് ഫീസ് നിശ്ചയിക്കാൻ സമിതിക്ക് അനുമതി നൽകിയാണ് സുപ്രീംകോടതി വിധി വന്നത്. കോളേജ് നടത്തിപ്പുചെലവ് സംബന്ധിച്ച് മാനേജ്മെന്റുകൾ നൽകുന്ന ബാലൻസ്ഷീറ്റിന്റെ അടിസ്ഥാനത്തിൽ ഫീസ് നിർണയിക്കണമെന്നായിരുന്നു നേരത്തേ ഹൈക്കോടതി നിർദേശിച്ചിരുന്നത്. എന്നാൽ, ബാലൻസ് ഷീറ്റിൽ പറയുന്ന വരവുചെലവുകൾക്ക് ആധാരമായ രസീതുകളും വൗച്ചറുകളും പരിശോധിക്കണമെന്നായിരുന്നു ഫീസ് നിർണയസമിതിയുടെ നിലപാട്. മാനേജ്മെന്റ് വാങ്ങിയ ആഡംബര കാറുകൾ, ജീവകാരുണ്യത്തിന് വിനിയോഗിച്ച ചെലവ്, ഫ്ളാറ്റ് വാടക തുടങ്ങിയ രേഖകളാണ് ചില മാനേജ്മെന്റുകൾ ഹാജരാക്കിയത്. കോളേജ് നടത്തിപ്പുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത ഇത്തരം വൗച്ചറുകൾ സ്വീകരിച്ചാൽ ഫീസ് ഉയരുമെന്നായിരുന്നു സമിതിയുടെ വാദം. കോടതിവിധിയിലൂടെ ഈ രേഖകളെല്ലാം പരിശോധിച്ച് യഥാർഥ ചെലവ് സമിതിക്ക് നിർണയിക്കാനാകുമെന്നാണ് കരുതുന്നത്. ഫീസ് 6.22 ലക്ഷം മുതൽ 19 സ്വാശ്രയ കോളേജുകളിൽ ഭൂരിഭാഗം കോളേജുകൾക്കും 6.55 ലക്ഷമാണ് ഇക്കൊല്ലം സമിതി നിശ്ചയിച്ചുനൽകിയ ഫീസ്. ഡി.എം. വയനാട് (7.01 ലക്ഷം), പി.കെ. ദാസ് (7.07), ശ്രീനാരായണ (7.65) എന്നീ കോളേജുകൾക്ക് ഉയർന്ന ഫീസ് അനുവദിച്ചിരുന്നു. എസ്.യു.ടി. (6.22), കരുണ (6.32), കെ.എം.സി.ടി. (6.48) എന്നിവയ്ക്കായിരുന്നു കുറഞ്ഞ ഫീസ് നിരക്ക്. എല്ലാ കോളേജുകൾക്കും എൻ.ആർ.ഐ. സീറ്റുകൾക്ക് 20 ലക്ഷമാണ് വാർഷിക ഫീസ്.


from mathrubhumi.latestnews.rssfeed https://ift.tt/37RgAfs
via IFTTT