Breaking

Tuesday, February 9, 2021

അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന നിര്‍ദേശം: ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രത്തോട് ട്വിറ്റര്‍

ന്യൂഡൽഹി: അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാർ നിർദേശത്തോട് പ്രതികരിച്ച് ട്വിറ്റർ. ചർച്ചയ്ക്ക് തയ്യാറാണെന്ന് ട്വിറ്റർ കേന്ദ്രസർക്കാരിനെ അറിയിച്ചു. അതേസമയം കേന്ദ്രസർക്കാരിന്റെ നിർദേശം ട്വിറ്റർ അംഗീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ഐ.ടി. മന്ത്രാലയത്തെയും ഐ.ടി. മന്ത്രി രവിശങ്കർ പ്രസാദിനെയും ട്വിറ്റർ അറിയിച്ചിട്ടുണ്ട്. ഐ.ടി. ആക്ടിലെ 69-എ വകുപ്പു പ്രകാരം 257 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്രസർക്കാർ നേരത്തെ ട്വിറ്ററിന് നിർദേശം നൽകിയിരുന്നു. മോദി കർഷകരുടെ വംശഹത്യക്ക് തയ്യാറാകുന്നു എന്ന ഹാഷ് ടാഗിൽ ട്വീറ്റ് ചെയ്ത 257 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു സർക്കാർ നിർദേശിച്ചിരുന്നത്. ഈ അക്കൗണ്ടുകളിൽ ചിലത് ആദ്യഘട്ടത്തിൽ ട്വിറ്റർ നീക്കം ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ട്വീറ്റുകൾ പലതും വാർത്താമൂല്യമുള്ളതാണെന്നും ചൂണ്ടിക്കാട്ടി അവ പുനഃസ്ഥാപിക്കുകയായിരുന്നു. ഇതിനു പിന്നാലെ ട്വിറ്ററിലെ ജീവനക്കാർക്ക് ഏഴുവർഷം വരെ തടവ് ലഭിക്കുന്ന തരത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്വിറ്റർ ചർച്ചയ്ക്ക് തയ്യാറാകുന്നത്. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് ട്വിറ്റർ വക്താവ് അറിയിച്ചിരുന്നു. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം തങ്ങൾ വിശദമായി പരിഗണിച്ചു വരികയാണെന്നും ട്വിറ്റർ അറിയിച്ചിട്ടുണ്ട്. ട്വിറ്ററിന് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിന് ഒരു നയമുണ്ട്. ട്വിറ്ററിന്റെ നയങ്ങൾ ലംഘിച്ചാൽ ആ ട്വീറ്റുകൾ നീക്കുന്നതായിരിക്കും. എന്നാൽ ഏതെങ്കിലും ഒരു രാജ്യത്തിന്റെ പ്രാദേശിക നിയമങ്ങൾ പ്രകാരമുള്ള നിയമലംഘനങ്ങൾ നടക്കുകയാണെങ്കിൽ ആ ട്വീറ്റ് വിത്ഹോൾഡ് ചെയ്യുകയാണ് ട്വിറ്റർ ചെയ്യുന്നത്. ഏതായാലും തങ്ങളുടെ നയങ്ങൾ അനുസരിച്ച് വിഷയത്തിൽ നടപടി ഉണ്ടാകുമെന്നാണ് ട്വിറ്റർ അറിയിച്ചിട്ടുള്ളത്. ഖലിസ്താൻ വാദത്തെ പിന്തുണയ്ക്കുന്നതും പാകിസ്താന്റെ പ്രേരണയിൽ പ്രവർത്തിക്കുന്നതുമായ 1178 അക്കൗണ്ടുകൾകൂടി മരവിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. content highlights:ready for discussion-twiter to union government


from mathrubhumi.latestnews.rssfeed https://ift.tt/3tPTCP8
via IFTTT