Breaking

Monday, February 15, 2021

വളര്‍ത്തുമകളെ ഓമനിച്ചു കൊതിതീരുംമുമ്പേ അമ്മയെ വിധി തട്ടിയെടുത്തു; മകള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

ഏറ്റുമാനൂർ: ദത്തെടുത്ത കുഞ്ഞിനെ സുഹൃത്തുക്കളെയും മറ്റ് കുടുംബാംഗങ്ങളെയും കാണിക്കാൻ കൊണ്ടുപോകുകയായിരുന്നു ആ അമ്മ. വളർത്തുമകളെ ഓമനിച്ചു കൊതിതീരുംമുമ്പേ അമ്മയെ വിധി തട്ടിയെടുത്തു. അമിത വേഗത്തിലെത്തിയ കാറിടിച്ച് അമ്മ മരിച്ചു. വളർത്തുമകൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. മണർകാട്-പട്ടിത്താനം ബൈപ്പാസിൽ ചെറുവാണ്ടൂർ പള്ളിപ്പടിക്കുസമീപം ഞായറാഴ്ച രാത്രി 7.30-നായിരുന്നു സംഭവം. ചെറുവാണ്ടൂർ വള്ളോംകുന്നേൽ ജോയിയുടെ ഭാര്യ സാലി(46) ആണ് മരിച്ചത്. വളർത്തുമകളായ ജുവൽ(ആറ്) ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സാലിയും ജോയിയും അടുത്തകാലത്താണ് ഡൽഹി സ്വദേശിയായ ജുവലിനെ ദത്തെടുത്തത്. കുഞ്ഞിനെ സുഹൃത്തുക്കളുടെ വീടുകളിൽ കാണിക്കാൻ കൊണ്ടുപോകുകയായിരുന്നു സാലി. ചെറുവാണ്ടൂർ ജങ്ഷനിലെ സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടെ മണർകാട് ഭാഗത്തുനിന്ന് എത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സാലിയുടെ കൈയിലാണ് കുട്ടി ഇരുന്നത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചകുട്ടി റോഡരികിലേക്ക് ആണ് വീണത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും സാലി മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട കാർ അമിതവേഗത്തിൽ നിർത്താതെപോയി. ഈ കാറിന്റെ എതിർദിശയിൽനിന്നുമെത്തിയ കാർ ലൈറ്റ് ഡിം ചെയ്യാതിരുന്നതാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നഴ്സായിരുന്ന സാലി അടുത്തകാലത്താണ് നാട്ടിലെത്തിയത്. ചെറുവാണ്ടൂരിൽ വീടിനോട് ചേർന്ന് സ്റ്റേഷനറിക്കട നടത്തുകയാണ് സാലി. ഭർത്താവ് ജോയിക്ക് കറുകച്ചാലിൽ സ്റ്റേഷനറിക്കടയുണ്ട്. അപകടം നടന്ന സ്ഥലത്തിന് സമീപംതന്നെ ഒരുവർഷംമുമ്പ് വഴിയാത്രക്കാരെ കാറിടിച്ചുവീഴ്ത്തി. അന്ന് അമ്മയും രണ്ട് പെൺമക്കളും മരിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3rOEY8I
via IFTTT