Breaking

Monday, February 15, 2021

മഠത്തിന് സമീപത്തെ പാറമടയിൽ കന്യാസ്ത്രീ മരിച്ചനിലയിൽ

കാക്കനാട്: കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തി. വാഴക്കാല മൂലേപ്പാടം റോഡിലെ സെയ്ന്റ് തോമസ് കോൺവെന്റിലെ കന്യാസ്ത്രീയായ ഇടുക്കി കീരിത്തോട് കുരിശുംമൂട്ടിൽ തോമസിന്റെ മകൾ ജെസീനയെയാണ് (44) മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചഭക്ഷണത്തിനായി വിളിക്കാനെത്തിയപ്പോൾ സിസ്റ്റർ ജെസീനയെ കാണാനില്ലായിരുന്നു. തുടർന്ന് കോൺവെന്റ് അധികൃതർ തിരച്ചിൽ നടത്തിയപ്പോൾ വൈകീട്ടോടെ സിസ്റ്ററെ മഠത്തിന്റെ തൊട്ടുപിറകിലുള്ള മൂലേപ്പാടം കരിങ്കൽ ക്വാറിയിൽ കാണപ്പെടുകയായിരുന്നു. ഇവർ അറിയിച്ചതിനെത്തുടർന്ന് പോലീസും, ഫയർ ഫോഴ്സും സ്ഥലത്തെത്തി. പായൽ നിറഞ്ഞ പാറമടയിൽ പൂർണമായും മുങ്ങിയിട്ടില്ലാത്ത നിലയിലായിരുന്നു മൃതദേഹം. ശിരോവസ്ത്രം കുടുങ്ങിയ നിലയിലായിരുന്നു. 2018-ലായിരുന്നു ജെസീന സെയ്ന്റ് തോമസ് കോൺവെന്റിലെത്തിയത്. അതേസമയം ജെസീന മാനസിക വിഭ്രാന്തിയെ തുടർന്ന് 2011 മുതൽ ചികിത്സയിലായിരുന്നെന്ന് കന്യാസ്ത്രീമഠം അധികൃതർ പറഞ്ഞു. എന്നാൽ, മാനസികപ്രശ്നമുള്ള കാര്യം തങ്ങൾക്ക് അറിയില്ലെന്ന് സ്ഥലത്തെത്തിയ ബന്ധുക്കൾ വ്യക്തമാക്കി. ശനിയാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോൾപ്പോലും യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും, ജെസീനയെ കാണാതായ വിവരം അധികൃതർ തങ്ങളെ അറിയിച്ചത് പള്ളിയിൽ പോയിട്ട് തിരികെ എത്തിയിട്ടില്ലെന്നുമാണെന്ന് ബന്ധുക്കൾ കൂട്ടിച്ചേർത്തു. ഈ വ്യാഴാഴ്ച സിസ്റ്റർ വീട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. മഠത്തിന്റെ വളപ്പിൽനിന്ന് പാറമടയിലേക്കിറങ്ങാൻ പടികൾ ഉണ്ട്. വിവിധ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർ ഉൾപ്പെടെ 12 കന്യാസ്ത്രീകളാണ് ഇവിടത്തെ താമസക്കാർ. മാതാവ്: മോനിക്ക. സഹോദരൻ: ജിബിച്ചൻ.


from mathrubhumi.latestnews.rssfeed https://ift.tt/3rTIONX
via IFTTT