കോട്ടയം: കേരള കോൺഗ്രസ്സിന് വേണ്ടി കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ സിപിഐ വിട്ടുനൽകും. ഭരണത്തുടർച്ച എന്ന ലക്ഷ്യം മുന്നിലുള്ളതിനാൽ സീറ്റ് വിഭജനത്തിൽ കൂടുതൽ കടുംപിടിത്തം വേണ്ട എന്ന നിലപാടിലാണ് സിപിഐ. മധ്യതിരുവിതാംകൂറിൽ മുന്നേറ്റമുണ്ടാക്കാൻ ജോസ് കെ. മാണിയുടെ സാന്നിധ്യം ഗുണം ചെയ്യും എന്ന വിലയിരുത്തലിൽ കാഞ്ഞിരപ്പള്ളിയ്ക്കായി ബലംപിടുത്തം വേണ്ടെന്നാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. കാഞ്ഞിരപ്പള്ളിയ്ക്ക് പകരം ചങ്ങനാശ്ശേരി സീറ്റാണ് സിപിഐ ചോദിച്ചിരിക്കുന്നത്. പക്ഷെ പരമ്പരാഗതമായി കേരളകോൺഗ്രസ് കൈവശം വെച്ചിരിക്കുന്ന സീറ്റായതിനാൽ ചങ്ങനാശ്ശേരി വിട്ടുനൽകാൻ ജോസ് കെ. മാണി തയ്യാറല്ല. പാർട്ടി ഉന്നതാധികാരസമിതിയംഗം ജോബ് മൈക്കിൾ, യുവനേതാവ് വിജയ് ജോസ് എന്നിവരാണ് ഈ സീറ്റിലേക്ക് ജോസ് കെ. മാണിയുടെ മനസ്സിൽ. കൂടാതെ ജനാധിപത്യ കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് കൂടിയായതിനാൽ വെച്ചു മാറ്റത്തിന് മാരത്തൺ ചർച്ചകൾ തന്നെ വേണ്ടി വരും. ചങ്ങനാശ്ശേരിയിൽ അഡ്വക്കേറ്റ് മാധവൻ പിള്ള, ജില്ലാ സെക്രട്ടറി സി കെ ശശിധരൻ എന്നിവരുടെ പേരുകളാണ് പാർട്ടി മുന്നോട്ടു വെക്കുന്നത്. ഇതു കൂടാതെ കേരള കോൺഗ്രസ്സിനായി ഇരിക്കൂർ വിട്ടു നൽകാനും സിപിഐയ്ക്ക് സമ്മതമാണ്. സിപിഐയ്ക്ക് വിജയസാധ്യതയില്ലാത്ത ഏറനാട്, തിരൂരങ്ങാടി മണ്ഡലങ്ങളിൽ ഒരെണ്ണം വിട്ടുനൽകാനും ധാരണയായിട്ടുണ്ട്. അങ്ങനെയെങ്കിൽ സിപിഐം മത്സരിക്കുന്ന സീറ്റുകൾ ഇക്കുറി 25 ആയി കുറയും.
from mathrubhumi.latestnews.rssfeed https://ift.tt/2NdK143
via
IFTTT