Breaking

Monday, February 15, 2021

14 സീറ്റ് ചോദിച്ച് മഹിള കോണ്‍ഗ്രസ്: പട്ടിക നേതൃത്വത്തിന് കൈമാറും

കണ്ണൂർ: മുസ്ലിം ലീഗിൽ ഇക്കുറി വനിതകൾക്ക് സ്ഥാനാർഥിത്വം ലഭിക്കുമെന്ന പ്രതീക്ഷ നിലനിൽക്കെ, കോൺഗ്രസിലെ വനിതാ നേതാക്കളും വലിയ പ്രതീക്ഷയിൽ. പരിഗണിക്കേണ്ടവരെ മൂന്നുവിഭാഗമായി തിരിച്ച് 35 പേരുടെ പട്ടികയിൽ മഹിളാ കോൺഗ്രസ് തയ്യാറാക്കി. ഉടൻതന്നെ ഇത് കെ.പി.സി.സിക്ക് കൈമാറും. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, ലതികാ സുഭാഷ് തുടങ്ങിയ നേതാക്കൾക്ക് നിർബന്ധമായും മത്സരിക്കേണ്ടവരുടെ പട്ടികയിലുണ്ട്. ജില്ലയിൽ ഒരാളെന്ന നിലയിൽ 14 സീറ്റാണ് മഹിളാ കോൺഗ്രസ് പ്രതീക്ഷിക്കുന്നത്്. യുവാക്കൾക്കും വനിതകൾക്കും ഇക്കുറി ഗ്രൂപ്പ് നോക്കാതെ പരിഗണന നൽകുമെന്നാണ് എ.ഐ.സി.സിയുടെ തീരുമാനം. പഴയതുപോലെ അവസാനനിമിഷം എല്ലാം അട്ടിമറിക്കപ്പെടുകയും പഴയരീതിയിൽ സിറ്റിങ് എം.എൽ.എ.മാരെ നിലനിർത്തി ഗ്രൂപ്പു വീതംവെപ്പിലൊതുങ്ങുമോയെന്ന ആശങ്കയും മഹിളാ കോൺഗ്രസിനുണ്ട്. കഴിഞ്ഞതവണ പലരെയും ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിലാണ് നിർത്തിയത്. ആരും ജയിച്ചില്ല. ഉറപ്പുള്ള ഒറ്റസീറ്റും കൊടുത്തില്ല. പിന്നീട് അരൂർ ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ ജയിച്ചതോടെയാണ് വനിതാ പ്രാതിനിധ്യമുണ്ടായത്. ആവശ്യമിങ്ങനെ ഷാനിമോൾ ഉസ്മാൻ അരൂരിൽ തന്നെ സ്ഥാനാർഥിയായേക്കും. ബിന്ദു കൃഷ്ണയെ കൊല്ലത്തും ലതികാ സുഭാഷിനെ ഏറ്റുമാനൂരിലും പരിഗണിക്കുന്നുണ്ട്. പത്മജാ വേണുഗോപാൽ തൃശ്ശൂരും കെ.സി. റോസക്കുട്ടി കല്പറ്റയിലും സ്ഥാനാർഥിത്വം പ്രതീക്ഷിക്കുന്നു. മുൻമന്ത്രി പി.കെ. ജയലക്ഷ്മിക്ക് മാനന്തവാടി നൽകണമെന്നാണ് ആവശ്യം. കെ.സി. ജോസഫ് മത്സരത്തിനില്ലെന്ന് പറഞ്ഞ ഇരിക്കൂറിൽ ശ്രീകണ്ഠാപുരം നഗരസഭാ അധ്യക്ഷകൂടിയായ ഡോ. കെ.വി. ഫിലോമിനയെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്. കോങ്ങാട് സംവരണ സീറ്റിൽ കെ.എ. തുളസിയും എറണാകുളത്ത് ലാലി വിൻസന്റും സീറ്റ് പ്രതീക്ഷിക്കുന്നു. സൗമിനി ജെയിൻ, ദീപ്തി മേരി വർഗീസ്, എ.ഐ.സി.സി. മാധ്യമവിഭാഗത്തിലെ ഡോ. ഷമാ മുഹമ്മദ്, ഡോ. ആരിഫ, അഡ്വ. ഫാത്തിമ രോഷ്ന എന്നിവരും പട്ടികയിലുണ്ട്. സുധാ കുര്യൻ (പത്തനംതിട്ട), ബിന്ദു ജയൻ (കരുനാഗപ്പള്ളി), ഉഷാദേവി (കോഴിക്കോട് നോർത്ത്), പത്മിനി ഗോപിനാഥ് (നിലമ്പൂർ), കെ.എ. ഷീബ (തരൂർ), ഡോ. പി.ആർ. സോന (വൈക്കം), ആശാ സനൽ (തൃപ്പൂണിത്തുറ), കുഞ്ഞുമോൾ രാജു (ചെങ്ങന്നൂർ) തുടങ്ങിയ പേരുകളും കെ.പി.സി.സിക്ക് നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/2NwFutu
via IFTTT