ന്യൂഡൽഹി: ഭർത്താവിനൊപ്പം മുമ്പ് താമസിച്ചിരുന്ന ബന്ധുവീട്ടിലും ഭാര്യക്ക് താമസാവകാശമുണ്ടെന്ന് സുപ്രീംകോടതി. അതിൽ ഭർത്താവിന് ഉടമസ്ഥാവകാശം വേണമെന്ന് നിർബന്ധമില്ല. ദാമ്പത്യതർക്കവും ഗാർഹികപീഡനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. സുപ്രീംകോടതിയുടെതന്നെ 2006-ലെ വിധിയെ മറികടന്നാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗബെഞ്ച് വിധിപറഞ്ഞത്.ഗാർഹികപീഡന നിരോധനനിയമത്തിലെ രണ്ട് (എസ്) വകുപ്പുപ്രകാരം താമസം പങ്കിടുന്ന വീട് എന്നതിന്റെ നിർവചനമാണ് സുപ്രീംകോടതി വ്യാഖ്യാനിച്ചത്. ഭർത്താവിന് ഉടമസ്ഥാവകാശമുള്ളതോ വാടകയ്ക്കെടുത്തതോ കൂട്ടുകുടുംബസ്വത്തോ ആയ വീട്ടിൽമാത്രമേ ഭാര്യക്ക് താമസാവകാശമുള്ളൂവെന്നാണ് 2006-ലെ വിധി. എന്നാൽ, ഭർത്താവിന്റെ ബന്ധുവീടാണെങ്കിൽപ്പോലും അതിൽ ദമ്പതിമാർ മുമ്പ് താമസിച്ചതാണെങ്കിൽ ഭാര്യക്ക് തുടർന്നും താമസാവകാശമുണ്ടെന്നാണ് മൂന്നംഗ ബെഞ്ചിന്റെ വിധി.മകന്റെ ഭാര്യക്കെതിരേ ഡൽഹിയിലെ സതീഷ് ചന്ദ്ര അഹൂജ നൽകിയ പരാതിയിലാണ് സുപ്രീംകോടതി വിധിപറഞ്ഞത്. വീടിന്റെ മുകളിലെ നിലയിലാണ് അഹൂജയുടെ മൂത്തമകനും ഭാര്യയും താമസിച്ചിരുന്നത്. ഇതിനിടെ അവർ തമ്മിൽ അകലുകയും വിവാഹമോചനക്കേസ് ഫയൽ ചെയ്യുകയുമുണ്ടായി. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരേ ഭാര്യ ഗാർഹിക പീഡന പരാതിയും നൽകി. ഈ സാഹചര്യത്തിലാണ് മകന്റെ ഭാര്യ താമസം ഒഴിയണമെന്ന് അഹൂജ ആവശ്യപ്പെട്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/356L1vE
via
IFTTT