Breaking

Friday, October 16, 2020

കോവിഡ് രോഗിക്കു സുഖമായോ... ‘റോബോട്ട്’ ചോദിച്ച് ഡോക്ടറോടു പറയും

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ചയാളുടെ രോഗവിവരങ്ങൾ ഇനി 'റോബോട്ട്' അന്വേഷിച്ചറിയും. വിവരങ്ങൾ മെഡിക്കൽ കോളേജിലെ ഡോക്ടർമാരോടു പറയും. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ നിർമിച്ചു കൈമാറിയ കോവിഡ് കെയർ റോബോട്ടിലൂടെയാണിത്. തിരക്കേറിയ സമയത്ത് റോബോട്ടിന് രോഗിയുടെ അടുത്തെത്താൻ ജോയ്സ്റ്റിക്ക് നിയന്ത്രണത്തിലൂടെ കഴിയും. തിരക്കില്ലാത്ത സമയങ്ങളിൽ ഓട്ടോണമസ് നാവിഗേഷൻ ഉപയോഗിച്ച് സ്വയം വഴി തിരഞ്ഞെടുത്തും രോഗിയുടെ അടുത്തെത്തി റോബോട്ട് വിവരങ്ങൾ ആരായും. ടെലിമെഡിസിൻ ബട്ടൺ അമർത്തുമ്പോൾ റോബോട്ടിലെ ടാബുമായി ഡോക്ടർക്കു ബന്ധപ്പെടാനും വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാനുമാകും. ഒ.പി.യിലും ആശുപത്രി വാർഡിലും ഉപയോഗപ്പെടുത്താനാവുന്ന വിധത്തിലാണ് രൂപകൽപ്പന. കൈ കാണിക്കുമ്പോൾത്തന്നെ സാനിറ്റൈസർ കൈക്കുമ്പിളിലേക്കു വീഴുന്ന നോൺ കോണ്ടാക്ട് സാനിറ്റൈസിങ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർകൊണ്ട് റോബോട്ടിന്റെ കംപ്യൂട്ടർ സെറ്റപ്പും മാപ്പിങ്ങും എവിടെയും നടപ്പാക്കാൻ സാധിക്കും. രോഗികൾക്കരികിലേക്ക് 40 കിലോ വരെയുള്ള സാധനങ്ങളും ഈ റോബോട്ടിലുള്ള ട്രേയിലൂടെ എത്തിക്കാനാകും. അധ്യാപിക ഡോ. ശ്രീജയുടെ നേതൃത്വത്തിൽ എം.ടെക്. റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ 2018-20 വിദ്യാർഥികളായ സഞ്ജുന മറിയം മാത്യൂസ് (ടീം ലീഡർ), എം.അജ്മൽ, കെ.ഹരികൃഷ്ണൻ, റോജിൻ ഫിലിപ്പ് റജി, അരുൺ ശങ്കർ എന്നിവരാണ് കോവിഡ് കെയർ റോബോട്ട് രൂപകൽപ്പന ചെയ്തത്. ഡോ. രഞ്ജിത്ത് എസ്.കുമാർ, മെഡിക്കൽ കോളേജ് എ.ആർ.എം.ഒ. ഡോ. ഷിജു മജീദ് എന്നിവർ നിർദേശങ്ങൾ നൽകി. 80,000 രൂപയോളം ചെലവിലാണ് റോബോട്ടിന്റെ നിർമാണം. റോബോട്ട് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചു പ്രവർത്തിക്കുന്ന റോബോട്ട് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ ഭാഗമായി രണ്ടു മാസംകൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. ആരോഗ്യപ്രവർത്തകർക്കായി വിദ്യാർഥികൾ തയ്യാറാക്കി നൽകിയ റോബോട്ട് വലിയ അധ്വാനത്തിന്റെ ഫലമാണെന്നും വിദ്യാർഥികളോടു നന്ദിയറിയിക്കുന്നതായും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷർമ്മദ് എന്നിവർ അറിയിച്ചു. Content Highlight: Robot doctor Trivandrum Medical collage


from mathrubhumi.latestnews.rssfeed https://ift.tt/3lQqGS7
via IFTTT